Allegation | ചെമ്മനാട് ശ്മശാനം നിർമിക്കാത്തതിന് പിന്നിൽ മുസ്ലീംലീഗ് ഗൂഡാലോചനയെന്ന് പി രമേശ്; ബിജെപി പഞ്ചായത്ത് മാർച്ച് നടത്തി
ചെമ്മനാട് ശ്മശാന വിവാദം, ബിജെപി പ്രതിഷേധം, മുസ്‌ലീം ലീഗ് ആരോപണം
കോളിയടുക്കം: (KasaragodVartha) ചെമ്മനാട് പഞ്ചായത്തിൽ പൊതുശ്മശാനം നിർമ്മിക്കാത്തതിന് പിന്നിൽ മുസ്ലീം ലീഗിന്റെ ഗൂഢാലോചനയാണെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി രമേശ് ആരോപിച്ചു. പഞ്ചായത്തിൽ പൊതു ശ്മശാനം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ചെമ്മനാട്, ഈസ്റ്റ്, വെസ്റ്റ് പഞ്ചായത്ത് കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ പല പഞ്ചായത്തുകളിലും പൊതു ശ്മശാനത്തിനായി നീക്കിവെച്ച സ്ഥലം മുസ്ലീം ലീഗിന്റെ അറിവോടെ കയ്യേറുന്ന അവസ്ഥയാണെന്നും ചെമ്മനാടും അതിന് അപവാദമല്ലെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യമാണ് ശ്മശാനം വേണമെന്നത്. ഇക്കാര്യത്തിൽ കോൺഗ്രസിന്റെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അവാർഡ് ലഭിച്ച പഞ്ചായത്തിൽ പൊതു ശ്മശാനം ഇല്ലായെന്നത് വിരോധാഭാസമാണെന്നും പി. രമേശ് ചൂണ്ടിക്കാട്ടി. പഞ്ചായത്ത് ഭരിക്കുന്ന വലത് മുന്നണിയിലെ മുസ്ലീം ലീഗിന് താല്പര്യമില്ലാത്തതുകൊണ്ടാണ് പല മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ശ്മശാന നിർമ്മാണം നീട്ടികൊണ്ടുപോകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇനിയും ഉചിതമായ സ്ഥലം കണ്ടെത്തി ശ്മശാനം നിർമ്മിക്കാന്‍ തയ്യാറായില്ലെങ്കില്‍ വന്‍ പ്രക്ഷോഭത്തിന് ബിജെപി മുതിരുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
ബിജെപി ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് എം. മണികണ്ഠൻ ചാത്തങ്കൈ അധ്യക്ഷത വഹിച്ചു. ജില്ലാ സെല്‍ കോഡിനേറ്റര്‍ എന്‍.ബാബുരാജ്, ഉദുമ മണ്ഡലം പ്രസിഡന്റ് കെ.ടി.പുരുഷോത്തമന്‍, വൈസ് പ്രസിഡന്റുമാരായ എം.സദാശിവന്‍ മണിയങ്കാനം, തമ്പാന്‍ അച്ചേരി, ജില്ലാ കമ്മറ്റി അംഗങ്ങളായ വൈ.കൃഷ്ണദാസ്, ശ്രീനിവാസന്‍ കീഴൂര്‍ എന്നിവര്‍ സംസാരിച്ചു.
പഞ്ചായത്ത് ജന.സെക്രട്ടറിമാരായ മുരളീകൃഷ്ണന്‍ അച്ചേരി സ്വാഗതവും എം.മഹേശന്‍ ഞാണിക്കാല്‍ നന്ദിയും പറഞ്ഞു. ദേളിയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചിന് ബി ജെ പി ചെമ്മനാട് ഈസ്റ്റ് പഞ്ചായത്ത് പ്രസിഡന്റ് എം.എ.മധുസൂദനൻ, മഹിളാ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ലത ഗംഗാധരന്‍ അച്ചേരി, മണ്ഡലം പ്രസിഡന്റ് സൗമ്യ പത്മനാഭന്‍, ചെമ്മനാട് പഞ്ചായത്ത് അംഗങ്ങളായ സുജാത രാമകൃഷ്ണന്‍, ധന്യദാസ് കീഴൂര്‍, സുചിത്ര ഹരീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരന്‍ ചാത്തങ്കൈ, സെക്രട്ടറി രതീഷ് പാറ എന്നിവര്‍ നേതൃത്വം നല്‍കി.