ബിഹാർ തിരഞ്ഞെടുപ്പ്; ഇന്ത്യാ മുന്നണിക്ക് തിരിച്ചടി; ചെറുപാർട്ടികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
● മജ്‌ലിസ് പാർട്ടി മുസ്ലിങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.
● എൻഡിഎ സഖ്യം തുടർഭരണം നിലനിർത്താൻ വലിയ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നു.
● സ്ത്രീകൾക്ക് 10,000 രൂപ നൽകുമെന്ന് എൻഡിഎയും, ഒരു വീട്ടിൽ ഒരു സർക്കാർ ജോലി നൽകുമെന്ന് ഇന്ത്യാ സഖ്യവും വാഗ്ദാനം ചെയ്യുന്നു.
● സീറ്റ് വിഭജന കാര്യത്തിൽ തർക്കങ്ങളില്ലാതെ പൂർത്തിയാക്കാനായത് എൻഡിഎയ്ക്ക് ആത്മവിശ്വാസം നൽകുന്നു.
പാറ്റ്ന: (KasargodVartha) ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി സഖ്യത്തിനുള്ള സാധ്യതകൾക്ക് മങ്ങലേൽക്കുന്നതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഉവൈസിയുടെ മജ്‌ലിസ് പാർട്ടിയെയും പ്രശാന്ത് കിഷോറിൻ്റെ ജൻ സ്വരാജ് പാർട്ടിയെയും സീറ്റ് വിഭജനത്തിൽ ഒപ്പം നിർത്താൻ കഴിയാത്തതാണ് ഇന്ത്യാ സഖ്യത്തിന് തിരിച്ചടിയാകാൻ സാധ്യതയുള്ള പ്രധാന ഘടകം.
നേരത്തെ, 'വോട്ട് ചോരി' മുദ്രാവാക്യമുയർത്തി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും കേന്ദ്രസർക്കാരിനെതിരായും ബീഹാറിനെ ഇളക്കിമറിച്ച വോട്ടർ അധികാര യാത്രയിൽ രാഹുൽഗാന്ധിയും തേജസ്വി യാദവും ജനങ്ങളെ കയ്യിലെടുത്തിരുന്നു. എന്നാൽ, സംസ്ഥാനത്തെ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിന് ശ്രമം നടത്തേണ്ട കോൺഗ്രസ്സും ആർജെഡിയും ചെറു പാർട്ടികളെ ഒപ്പം നിർത്താൻ കഴിയാത്തത് തിരിച്ചടിയാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
ചെറുപാർട്ടികൾക്ക് സ്വീകാര്യത
മജ്‌ലിസ് പാർട്ടിയും ജൻസ്വരാജ് പാർട്ടിയും ഇതിനോടകം നൂറോളം മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ആം ആദ്മി പാർട്ടിയുടെ ശൈലിയിലാണ് ബിഹാറിൽ പ്രശാന്ത് കിഷോറിൻ്റെ ജൻസ്വരാജ് പാർട്ടി മത്സരിക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കാനുള്ള പാർട്ടിയുടെ പ്രതിബദ്ധതയാണ് സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് കാണിക്കുന്നതെന്ന് പ്രസാന്ത് കിഷോർ പറഞ്ഞുവെക്കുന്നുണ്ട്. ഇവർക്ക് വലിയ തോതിലുള്ള സ്വീകാര്യതയും ലഭിക്കുന്നുണ്ട്. ഉവൈസിയുടെ മജ്‌ലിസ് പാർട്ടി മുസ്ലിങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തുന്നുമുണ്ട്. ഉവൈസി പങ്കെടുക്കുന്ന യോഗങ്ങളിലെ ജനക്കൂട്ടം അതിന് തെളിവാണ്. ഇവരുമായി തിരഞ്ഞെടുപ്പിൽ ധാരണയിൽ എത്താത്തത് ഇന്ത്യാ മുന്നണി സഖ്യത്തിന് വലിയ ക്ഷീണമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
എൻഡിഎയുടെ തന്ത്രങ്ങൾ
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് കേന്ദ്രത്തിലെ മോദി സർക്കാറിനും സംസ്ഥാനത്തെ നിതീഷ് കുമാർ സർക്കാറിനും നിർണായകമാണ്. എൻഡിഎ മുന്നണി പരാജയപ്പെട്ടാൽ നിതീഷ് കുമാറിന് കേന്ദ്രത്തിൽ മനംമാറ്റം ഉണ്ടാകുമെന്ന ഭയം ബിജെപിക്കുണ്ട്. അതുകൊണ്ട് എൻഡിഎ തുടർഭരണം നിലനിർത്താൻ വലിയ തോതിലുള്ള തന്ത്രങ്ങളാണ് ആവിഷ്കരിച്ചിട്ടുള്ളത്. സീറ്റ് വിഭജന കാര്യത്തിൽ തർക്കങ്ങളില്ലാതെ പൂർത്തിയാക്കാനായത് എൻഡിഎ ക്യാമ്പിൽ ആത്മവിശ്വാസം നൽകുന്നുമുണ്ട്.
വോട്ട് ലക്ഷ്യമിട്ട് വലിയതോതിലുള്ള വാഗ്ദാനങ്ങളാണ് ഇരുമുന്നണികളും ജനങ്ങൾക്ക് മുന്നിൽ നൽകുന്നത്. സ്ത്രീകൾക്ക് 10,000 രൂപ നൽകുമെന്ന് എൻഡിഎയും, ഒരു വീട്ടിൽ ഒരു സർക്കാർ ജോലി നൽകുമെന്നും ഇന്ത്യാ സഖ്യവും വാഗ്ദാനം ചെയ്യുന്നുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിന് വൻകിട പദ്ധതികളാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. ഇതൊക്കെ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ സഖ്യം
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.
Article Summary: India alliance setback in Bihar elections due to smaller parties.
#BiharElections #IndiaAlliance #NDA #MajlisParty #PrashantKishor #PoliticalSetback






