ഉവൈസിയെ നേരിടാൻ ഇമ്രാൻ പ്രതാപിനെ ഇറക്കിയുള്ള കോൺഗ്രസ് തന്ത്രം വിജയിക്കുമോ?
● ഇന്ത്യാ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ് മത്സരിക്കുന്ന 121 മണ്ഡലങ്ങളിലാണ് ആദ്യഘട്ടം പൂർത്തിയായത്.
● മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ അസദുദ്ദീൻ ഉവൈസിയെ നേരിടാൻ കോൺഗ്രസ് ഇമ്രാൻ പ്രതാപ്ഗഢിയെ ഇറക്കി.
● രാഹുൽ ഗാന്ധി കഴിഞ്ഞാൽ ഇമ്രാൻ പ്രതാപ്ഗഢിയുടെ യോഗങ്ങളിലാണ് ഏറ്റവും കൂടുതൽ ജനശ്രദ്ധ.
● ന്യൂനപക്ഷ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ വോട്ടർമാർ ജാഗ്രത പുലർത്തുന്നത് എൻഡിഎക്ക് തിരിച്ചടിയാകാൻ സാധ്യതയുണ്ട്.
പാറ്റ്ന: (KasargodVartha) ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 64.66 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ബീഹാറിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണിത്. ചിലയിടങ്ങളിൽ ചെറിയതോതിൽ സംഘർഷങ്ങൾ ഒഴിച്ചുനിർത്തിയാൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു.
ഇന്ത്യാ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ് മത്സരിക്കുന്നത് അടക്കമുള്ള 121 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് വ്യാഴാഴ്ച, നവംബർ 6, 2025-ന് നടന്നത്. ബാക്കിയുള്ള 122 മണ്ഡലങ്ങളിലേക്ക് നവംബർ 11, 2025-ന് വോട്ടെടുപ്പ് നടക്കും. നവംബർ 14, 2025-നാണ് വോട്ടെണ്ണൽ.
മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ അസദുദ്ദീൻ ഉവൈസിയെ നേരിടാൻ കോൺഗ്രസ് ഇറക്കിയത് രാജ്യസഭാംഗം ഇമ്രാൻ പ്രതാപ്ഗഢിയെയാണ്. ഇമ്രാന്റെ പാട്ടും കവിതയും കേൾക്കാൻ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടുന്നത്. ബിഹാർ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി കഴിഞ്ഞാൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഇമ്രാൻ പ്രതാപിന്റെ യോഗങ്ങളിലാണ് ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്.
ബിഹാർ തിരഞ്ഞെടുപ്പിൽ തൂക്കുസഭയ്ക്കുള്ള സാധ്യതയും തിരഞ്ഞെടുപ്പ് നിരീക്ഷകർ തള്ളിക്കളയുന്നില്ല. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ന്യൂനപക്ഷ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ ഈ പ്രാവശ്യം ന്യൂനപക്ഷ മേഖലയിലെ വോട്ടർമാർ ജാഗ്രത പുലർത്തുന്നുണ്ട്.
ഇത് എൻഡിഎക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നുമുണ്ട്. ബിഹാറിൽ വിജയം സുരക്ഷിതമെന്ന് പറയാൻ മുഖ്യമന്ത്രി നിതീഷ് കുമാർ തയ്യാറാവുന്നില്ലെങ്കിലും, ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വം തുടർഭരണമുണ്ടാകുമെന്ന് പറയുന്നുണ്ട്.
ഇരുമുന്നണികളും തിരഞ്ഞെടുപ്പിൽ പ്രകടനപത്രികയിൽ വലിയ വാഗ്ദാനങ്ങളാണ് നൽകിയിട്ടുള്ളത്. ഭരണവിരുദ്ധ വികാരം മറച്ചുപിടിക്കാൻ ഒരു കോടി തൊഴിലവസരങ്ങൾ, സൗജന്യ ആരോഗ്യ സംരക്ഷണം തുടങ്ങിയ വമ്പൻ വാഗ്ദാനങ്ങളാണ് എൻഡിഎ മുന്നോട്ട് വെച്ചതെങ്കിൽ, ഒരു വീട്ടിൽ ഒരാൾക്ക് സർക്കാർ ജോലി, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ എന്നിവയാണ് ഇന്ത്യ മുന്നണി മുന്നോട്ട് വെച്ചത്.
എന്നാൽ, ബിഹാറിലെ സങ്കീർണമായ ജാതി സമവാക്യങ്ങൾ മൂലം ഈ വാഗ്ദാനങ്ങൾ എത്രത്തോളം വോട്ടർമാർ മുഖവിലയ്ക്കെടുക്കുമെന്നതിൽ ഇരുമുന്നണികൾക്കും ആശങ്കയുമുണ്ട്.
ബിഹാറിൽ യുവ നേതൃത്വത്തെയാണ് തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി പരീക്ഷിക്കുന്നതെന്ന് പറയുമ്പോൾ അത് ചെവി കൊള്ളാൻ യുവവോട്ടർമാർ മുന്നോട്ടുവരുന്നതും എൻഡിഎ ക്യാമ്പിനെ അസ്വസ്ഥമാക്കുന്നുണ്ട്. നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാത്തതും കാലുവാരൽ ഭയം ജെഡിയുവിനുമുണ്ട്.
പ്രശാന്ത് കിഷോറിന്റെ ജൻ സൂരാജ് പാർട്ടി ആരുടെ വോട്ട് ബാങ്കിലാണ് കൈകടത്തുക എന്നതും ജയപരാജയങ്ങളെ നിർണയിക്കും. തൂക്കുസഭയാണ് ബിഹാറിൽ വരുന്നതെങ്കിൽ അസദുദ്ദീൻ ഉവൈസിയുടെയും പ്രശാന്ത് കിഷോറിന്റെയും പാർട്ടികൾ നിർണായകമാവും.
ഈ വാർത്ത ഷെയർ ചെയ്യുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Article Summary: Bihar Phase 1 recorded 64.66% turnout; Congress uses Imran Pratapgarhi to counter Owaisi's influence in minority areas.
#BiharElection #ImranPratapgarhi #Owaisi #CongressStrategy #BiharPolitics #RecordTurnout






