Balakrishnan Periya | 'ഉണ്ണിത്താനെതിരെ യുദ്ധം ഇന്ന് മുതൽ തുടങ്ങി', പുറത്താക്കൽ നടപടിയിൽ എംപിക്കെതിരെ കടുത്ത വിമർശനവുമായി ബാലകൃഷ്ണൻ പെരിയ; കാട്ടുകള്ളനെന്നും അൽപന് അധികാരം കിട്ടിയ അവസ്ഥയെന്നും ആരോപണം
'രക്ത സാക്ഷികളുടെ രക്തത്തിൽ നിന്ന് രണ്ടുതവണ വിജയിച്ച ഉണ്ണിത്താൻ ഒരു നയാപൈസ പെരിയ ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് ചിലവഴിച്ചിട്ടില്ല'
കാസർകോട്: (KasaragodVartha) പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ തനിക്കെതിരെ എടുത്ത നടപടി ഏകപക്ഷീയമെന്ന് ബാലകൃഷ്ണൻ പെരിയ. പുറത്താക്കൽ തീരുമാനത്തിന് പിന്നിൽ ഉണ്ണിത്താനോടുള്ള ഭയമാണെന്നും ഉണ്ണിത്താനെതിരെ യുദ്ധം ഇന്ന് മുതൽ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. പെരിയയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബാലകൃഷ്ണൻ. പുറത്താക്കൽ നടപടിയിൽ രാജ്മോഹൻ ഉണ്ണിത്താനെതിരെ കടുത്ത വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്.
രാജ്‌മോഹൻ ഉണ്ണിത്താൻ കാട്ടുകള്ളനെന്നും അൽപന് അധികാരം കിട്ടിയാൽ അർധരാത്രിയും കുടപിടിക്കുമെന്ന അവസ്ഥയാണെന്നും ബാലകൃഷ്ണൻ പെരിയ വിമർശിച്ചു. കല്യാണത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ല. നടപടി ഏകപക്ഷീയമാണ്. രാഷ്ട്രീയം കലരാത്ത ചടങ്ങിൽ പങ്കെടുത്തു എന്ന പേരിലാണ് പുറത്താക്കൽ. പെരിയയിലെ യൂത് കോൺഗ്രസ് പ്രവർത്തകർ ചടങ്ങിൽ ഉണ്ടായിരുന്നു. ഉണ്ണിത്താൻ ജില്ലയിലെ കോൺഗ്രസിനെ തകർത്തു. മതപരമായ സംഘർഷത്തിൽ നിന്ന് മുതലെടുക്കാനാണ് ഉണ്ണിത്താൻ ശ്രമിച്ചത്. ഇതിനായി നെറ്റിയിലെ കുറി മായ്ച്ചു. ചർമത്തിന്റെ പ്രശ്‌നം മൂലമാണ് കുറി മായ്ച്ചതെന്ന അദ്ദേഹത്തിന്റെ വാദം തെളിയിക്കാൻ വെല്ലുവിളിക്കുന്നു.
മുസ്ലിം ലീഗ് ഓഫീസ് നിർമാണത്തിന് ഉണ്ണിത്താൻ ഒരുലക്ഷം രൂപ നൽകി. അത് അദ്ദേഹം ഫേസ്‌ബുകിൽ പങ്കുവെച്ചിരുന്നു. രക്ത സാക്ഷികളുടെ രക്തത്തിൽ നിന്ന് രണ്ടുതവണ വിജയിച്ച ഉണ്ണിത്താൻ ഒരു നയാപൈസ പെരിയ ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് ചിലവഴിച്ചിട്ടില്ല. ഡിസിസി പ്രസിഡന്റ് പികെ ഫൈസലും തനിക്കെതിരെ പ്രവർത്തിച്ചു. ഫൈസലിനെ ഭയപ്പെടുത്തിയാണ് കൂടെ നിർത്തിയത്. ഒരു മാസക്കാലമായി വിളിച്ചാൽ ഫൈസൽ ഫോണെടുക്കാറില്ല. എല്ലാ പാർടിയിൽ നിന്നും ക്ഷണം ലഭിച്ചിട്ടുണ്ട്. എന്നാൽ കോൺഗ്രസിനെ വിട്ടുപോകില്ലെന്നും ബാലകൃഷ്ണൻ പറഞ്ഞു.
പെരിയ കൊലക്കേസ് പ്രതിയുടെ മകന്റെ സത്കാരത്തിൽ പങ്കെടുക്കുകയും സൗകര്യം ചെയ്ത് കൊടുക്കുകയും ശേഷവും പരസ്യമായി രക്തസാക്ഷി കുടുംബങ്ങളെ അപമാനിച്ചുവെന്നും ചൂണ്ടിക്കാട്ടി ആയിരുന്നു കെപിസിസി സെക്രടറി ബാലകൃഷ്ണന്‍ പെരിയ, മുന്‍ ബ്ലോക് പ്രസിഡണ്ട് രാജന്‍ പെരിയ, മുന്‍ മണ്ഡലം പ്രസിഡണ്ടുമാരായ പ്രമോദ് പെരിയ, ടി രാമകൃഷ്ണന്‍ എന്നിവരെ കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.