city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിപിഎമ്മിന്റെ കണ്ണിലെ കരടായി മാറിയ മന്ത്രി ഇ. ചന്ദ്രശേഖരനെ ബഹിഷ്‌കരിക്കാന്‍ സംസ്ഥാന കമ്മിറ്റി കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി

കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്

കാസര്‍കോട്: (www.kasargodvartha.com 17.11.2017) സിപിഎമ്മിന്റെ കണ്ണിലെ കരടായി മാറിയ മന്ത്രി ഇ. ചന്ദ്രശേഖരനെ ബഹിഷ്‌കരിക്കാന്‍ സിപിഎം സംസ്ഥാന കമ്മിറ്റി കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയതായി വിവരം പുറത്തുവന്നു. പൊതുപരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നതില്‍ നിന്നും കഴിവതും മന്ത്രിയെ ഒഴിവാക്കണമെന്നും മന്ത്രിയുമായി സഹകരിക്കേണ്ടതില്ലെന്നുമാണ് സിപിഎം സംസ്ഥാന കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് രഹസ്യ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് വിവരം.

കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രിയായിരുന്ന തോമസ് ചാണ്ടിക്കെതിരെ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും സിപിഐ നേതൃത്വവും നടത്തിയ നീക്കങ്ങള്‍ക്കുള്ള തിരിച്ചടിയായാണ് മന്ത്രിയെ ജില്ലയില്‍ ബഹിഷ്‌കരിക്കാന്‍ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് അറിയുന്നത്. ചാണ്ടിയുടെ രാജിക്കായി മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചതിന് തിരിച്ചടി കൂടി നല്‍കുക എന്ന ഉദ്ദേശമാണ് ഇതിനു പിന്നിലെന്ന് കരുതുന്നു. മന്ത്രിയുടെ ഒരു ഔദ്യോഗിക പരിപാടിയുമായും സഹകരിക്കേണ്ടതില്ലെന്നാണ് നിര്‍ദേശം. ഇതോടെ സംസ്ഥാന തലത്തില്‍ ഉടലെടുത്ത സിപിഎം- സിപിഐ പോര് കാസര്‍കോട് ജില്ലയിലേക്കും വ്യാപിക്കും.

ചാണ്ടിയുടെ രാജിക്ക് മുമ്പും സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും സിപിഎമ്മിന്റെ സഹകരണം ഉണ്ടായില്ലെങ്കില്‍ മന്ത്രിക്ക് ക്രിയാത്മകമായ പ്രവര്‍ത്തനം കാസര്‍കോട്ട് നടത്താന്‍ കഴിയില്ലെന്നുമാണ് നേതൃത്വം വിലയിരുത്തുന്നത്. ഇടുക്കിയില്‍ കൊട്ടക്കമ്പം കയ്യേറ്റക്കാര്‍ക്കെതിരെ റവന്യൂ മന്ത്രി ശക്തമായ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി മന്ത്രിയേയും സിപിഐ ജില്ലാ നേതൃത്വത്തെയും ബഹിഷ്‌കരിച്ചിരിക്കുകയാണ്. ഇതിനു തൊട്ടുപിന്നാലെയാണ് മന്ത്രിയുടെ സ്വന്തം ജില്ലയായ കാസര്‍കോട്ടും മന്ത്രിയെ ബഹിഷ്‌കരിക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം തന്നെ ജില്ലാ കമ്മിറ്റിയോട് ആഹ്വാനം ചെയ്തിരിക്കുന്നത്.

തോമസ് ചാണ്ടിയുടെ രാജിയോടെ വലിയ പ്രതിച്ഛായയാണ് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും സിപിഐ നേതൃത്വത്തിനും ഉണ്ടായിരിക്കുന്നത്. തോമസ് ചാണ്ടിയുടെ രാജിയുടെ ക്രെഡിറ്റ് സിപിഐ തട്ടിയെടുക്കാന്‍ ശ്രമിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ ആരോപിച്ച സാഹചര്യത്തില്‍ ഗുരുതരമായ സ്ഥിതിവിശേഷമാണ് ഇടതുമുന്നണിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇടതുമുന്നണിയുടെ കെട്ടുറപ്പിനെ തന്നെ ബാധിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ വഷളായിത്തീര്‍ന്നത്.

പ്രശ്‌നം പരിഹരിക്കുന്നതിന് പകരം മുന്നണിയും ഭരണത്തേയും കൂടുതല്‍ ദുര്‍ബലമാക്കുന്ന സമീപനമാണ് സിപിഎം സംസ്ഥാന നേതൃത്വം സ്വീകരിക്കുന്നതെന്ന അഭിപ്രായഗതിയാണ് സിപിഐ നേതാക്കള്‍ക്കുള്ളത്. കയ്യേറ്റം വ്യക്തമായി പുറത്തുവന്നിട്ടും മന്ത്രിയെ സംരക്ഷിച്ചുനിര്‍ത്തിയ സിപിഎം തന്നെയാണ് ഇപ്പോഴത്തെ സാഹചര്യത്തിന് ഉത്തരവാദികളെന്ന കുറ്റപ്പെടുത്തലാണ് സിപിഐക്കുള്ളത്. ആരോപണമുണ്ടായപ്പോള്‍ തന്നെ പുറത്തുപോയിരുന്നെങ്കിൽ ഇടതുമുന്നണിയെയും, സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയുടെയും പ്രതിച്ഛായ ഇത്ര കളങ്കപ്പെടില്ലായിരുന്നുവെന്ന വിലയിരുത്തലും സിപിഐ നടത്തുന്നു. എല്ലാം വരുത്തിവെച്ചിട്ട് അതിന്റെ കുറ്റം മുഴുവന്‍ സിപിഐയുടെ തലയില്‍ കെട്ടിവെക്കുന്നതിനെ അതേനാണയത്തില്‍ എതിര്‍ക്കാന്‍ തന്നെയാണ് സിപിഐയും തുനിഞ്ഞിറങ്ങിയിട്ടുള്ളത്.

മുന്നണിയിലും സര്‍ക്കാരിലും ഇപ്പോഴുണ്ടായിട്ടുള്ള പടലപ്പിണക്കങ്ങള്‍ ഇതേരീതിയില്‍ മുന്നോട്ട് പോയാല്‍ ഭരണവും മുന്നണിയും വലിയ തകര്‍ച്ചയെ നേരിടേണ്ടിവരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. അതേസമയം മന്ത്രിയെ ബഹിഷ്‌കരിക്കാനുള്ള നിര്‍ദേശം സിപിഎം ജില്ലാ നേതൃത്വത്തിന് ലഭിച്ചിട്ടുണ്ടോയെന്ന കാര്യത്തെ കുറിച്ച് വ്യക്തമായി പ്രതികരിക്കാന്‍ സിപിഎം ജില്ലാ നേതൃത്വം തയ്യാറായില്ല. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ വിവരം നല്‍കിയവരോട് തന്നെ ഇതിന്റെ നിജസ്ഥിതി അന്വേഷിക്കണമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞത്.

സിപിഎമ്മിന്റെ കണ്ണിലെ കരടായി മാറിയ മന്ത്രി ഇ. ചന്ദ്രശേഖരനെ ബഹിഷ്‌കരിക്കാന്‍ സംസ്ഥാന കമ്മിറ്റി കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Committee, District, CPM, Top-Headlines, Political party, Politics, CPI, E.Chandrashekharan, Avoid E. Chandrasekharan; CPM State committee's order to district committee

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia