Political | നിര്‍ണായക തീരുമാനവുമായി എഎപി; കെജ്രിവാളിന്റെ പിന്‍ഗാമിയായി അതിഷി മര്‍ലേന
● ഡെല്‍ഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിത.
● നിലവില്‍ മുഖ്യമന്ത്രി പദത്തിലെത്തുന്ന രണ്ടാമത്തെ വനിത.
● ഒറ്റക്കെട്ടായ തീരുമാനമെന്ന് എഎപി.
● ഈ മാസം അവസാനം നിയമസഭാ സമ്മേളനം ചേരും.
ന്യൂഡെല്‍ഹി: (KasargodVartha) മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍ (Arvind Kejriwal) പ്രഖ്യാപിച്ചതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയുടെ എംഎല്‍എമാരുടെ നിര്‍ണായക യോഗത്തില്‍ പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേനയെ (Atishi Marlena) മുഖ്യമന്ത്രിയായി തീരുമാനിച്ചു. ഈ മാസം 26,27 തീയതികളിലായി ദില്ലി നിയമസഭ സമ്മേളനം ചേരും.
മുഖ്യമന്ത്രി ആരെന്ന് അരവിന്ദ് കെജ്രിവാള്‍ തീരുമാനിക്കുമെന്ന പ്രമേയം യോഗത്തില്‍ അവതരിപ്പിച്ചു. ഇതിനുശേഷം അരവിന്ദ് കെജ്രിവാളാണ് അതിഷിയുടെ പേര് നിര്‍ദേശിച്ചത്. തുടര്‍ന്ന് മറ്റു എംഎല്‍എമാര്‍ തീരുമാനം അംഗീകരിച്ചു. നിലവില്‍ രാജ്യത്ത് മമത ബാനര്‍ജിക്ക് പുറമെ രാജ്യത്ത് മുഖ്യമന്ത്രി പദത്തിലെത്തുന്ന ഏക വനിത അതിഷിയാകും.
എംഎല്‍എമാരുടെ യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി ആം ആദ്മി നേതാവ് ഗോപാള്‍ റായ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എംഎല്‍എമാരുടെ യോഗത്തില്‍ അതിഷിയെ നിയമസഭാ കക്ഷി നേതാവായി ഒറ്റക്കെട്ടായി തിരഞ്ഞെടുത്തുവെന്നും കെജ്രിവാള്‍ സത്യസന്ധനാണെന്ന് ദില്ലിയിലെ ജനങ്ങള്‍ തീരുമാനിക്കുമെന്നും ഗോപാല്‍ റായി പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പ് വരെ അതിഷി സര്‍ക്കാരിനെ നയിക്കും. വൈകിട്ട് നാല് മണിക്ക് കെജ്രിവാള്‍ രാജി കത്ത് നല്‍കും. രാജി കത്ത് നല്‍കിയശേഷം പുതിയ സര്‍ക്കാരിനുള്ള എംഎല്‍എ മാരുടെ പിന്തുണ കത്ത് നല്‍കുമെന്നും ഗോപാല്‍ റായ് പറഞ്ഞു.
11 വര്‍ഷത്തിനുശേഷമാണ് അരവിന്ദ് കെജ്രിവാളിനുശേഷം ദില്ലിയില്‍ പുതിയ മുഖ്യമന്ത്രി വരുന്നത്. കെജ്രിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ, പൊതുമരാമത്ത്, ടൂറിസം മന്ത്രിയായിരുന്നു. ഈ വകുപ്പുകള്‍ ഉള്‍പ്പെടെ 14 വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്തിരുന്നത്.
ദില്ലിയിലെ കല്‍കാജിയില്‍ നിന്നുള്ള എംഎല്‍എയാണ്. എഎപിയുടെ ആദ്യ വനിത മുഖ്യമന്ത്രി കൂടിയാണ് 43 കാരിയായ അതിഷി മര്‍ലേന. ആംആദ്മി പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ കൂടിയാണ്. കൂടാതെ, സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ദില്ലി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിത കൂടിയാണ് അതിഷി.
#AtishiMarlena #Delhi #ChiefMinister #AAP #IndianPolitics #Government #Election