കൊലക്കേസ് പ്രതികളുടെ ഭാര്യമാർക്ക് നിയമനം; യു ഡി എഫ് പ്രമേയം അജെൻഡയിൽ ഉൾപെടുത്തി; ജില്ലാപഞ്ചായത്ത് യോഗം 28ന്
Jun 25, 2021, 10:10 IST
കാസർകോട്: (www.kasargodvartha.com 25.06.2021) ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ജില്ലാ ആശുപത്രിയിൽ പെരിയ ഇരട്ട കൊലക്കേസ് പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകിയത് ചർച ചെയ്യാൻ ജില്ലാ പഞ്ചായത്ത് യോഗം 28ന് ചേരും. യു ഡി എഫിലെ ഏഴ് അംഗങ്ങൾ ഒപ്പിട്ടു നൽകിയ പ്രമേയം ജില്ലാ പഞ്ചായത്ത് അജെൻഡയിൽ ഉൾപെടുത്തിയതായി കോൺഗ്രസ് പാർലമെൻററി പാർടി നേതാവ് ജോമോൻ പറഞ്ഞു.
കല്യോട്ട് ഇരട്ട കൊലപാതക കേസിലെ ഒന്നുമുതൽ മൂന്നു വരെ പ്രതികളായവരുടെ ഭാര്യമാർക്കാണ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ ചെയർമാനായ ആശുപത്രി മാനേജ്‌മെന്റ് കമിറ്റി നിയമനം നൽകിയത്.
പൊതു ഖജനാവിൽ നിന്ന് പ്രതിമാസം പ്രതിദിനം 420 രുപ നിരക്കിൽ ശുചീകരണ വിഭാഗത്തിലാണ് കൊലക്കേസ് പ്രതികളുടെ ഭാര്യമാർക്ക് നിയമനം നൽകിയത്. ഒന്നാം പ്രതിയുടെ ഭാര്യക്ക് ഇൻ്റർവ്യൂവിൽ 78 മാർകോടെ ഒന്നാം റാങ്കാണ് നൽകിയത്.
നിയമനം റദ്ദാക്കണമെന്നും ജില്ലാ പഞ്ചായത്ത് യോഗത്തിൽ ചർച ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജില്ലാ പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങൾ നോടീസ് നൽകിയത്.
യു ഡി എഫ് അംഗങ്ങളായ ഗീത കൃഷ്ണൻ, ജോമോൻ, പി ബി ശഫീഖ്, ജാസ്മിൻ കബീർ ചെർക്കള, ഗോൾഡൻ റഹ്‌മാൻ, ജമീല സിദ്ദീഖ്, കെ കമലാക്ഷി എന്നിവർ നൽകിയ പ്രമേയമാണ് ജില്ലാ പഞ്ചായത്ത് അജെൻഡയിൽ ഉൾപെടുത്തിയത്.
Keywords: Kasaragod, Kerala, News, UDF, Political party, Politics, Periya, Murder, Accuse, Wife, Job, Appointment, Government, District, District-Panchayath, Office, Meeting, Appointment of wives of murder accused UDF resolution included in the agenda; District Panchayat Meeting on 28th.