കാസർകോട്ട് അപരൻമാരെ കൊണ്ട് പൊറുതിമുട്ടി മുന്നണികളും രാഷ്ട്രീയ പാർട്ടികളും
Nov 26, 2020, 15:49 IST
കാസർകോട്: (www.kasargodvartha.com 26.11.2020) കാസർകോട്ട് അപരൻമാരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് മുന്നണികളും രാഷ്ട്രീയ പാർട്ടികളും. അപരൻമാർ പിടിക്കുന്ന ഓരോ വോട്ടും നിർണ്ണായകമാണ്. വിരലിലെണ്ണാവുന്ന വോട്ടുകൾക്ക് വിജയിക്കുന്ന സീറ്റുകളാണ് പലയിടത്തുമുള്ളത്. അതു കൊണ്ടു തന്നെ തങ്ങൾക്ക് കിട്ടേണ്ട വോട്ടുകൾ അപരൻമാർ കൊണ്ടു പോയാൽ അത് പരാജയത്തിൻ്റെ ആഘാതം കൂട്ടും. പേരിലെ സാമ്യത കൊണ്ടു വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് എതിരാളിയുടെ പരാജയം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പാർട്ടികളും മുന്നണികളും തന്നെയാണ് അപരൻമാരെ രംഗത്തിറക്കുന്നത്.
ജില്ലാ പഞ്ചായത്ത് ബേഡഡുക്ക ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി എൻ എൻ സരിതയ്ക്ക് അപരയായി സ്വതന്ത്ര സ്ഥാനാർഥി സരിത മാവുങ്കാൽ രംഗത്തുവന്നത് എൽ ഡി എഫിന് തലവേദനയായിട്ടുണ്ട്. കാസർകോട് നഗരസഭയിൽ 36-ാം വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി ജി നാരായണനെതിരെ കെ നാരായണനെ സിപിഎം രംഗത്തിറക്കിയത് യു ഡി എഫിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് നഗരസഭയിലെ നിലാങ്കര വാർഡിൽ മത്സരിക്കുന്ന സിപിഎം സ്വതന്ത്ര സ്ഥാനാർഥി അഹ് മദലിക്ക് പി അഹ് മദലി എന്ന സ്വതന്ത്രൻ്റെ രംഗ പ്രവേശനം ആശങ്ക സൃഷ്ടിക്കുന്നു.
കാഞ്ഞങ്ങാട് നഗരസഭയിലെ തന്നെ ഞാണിക്കടവിൽ നിന്നു മത്സരിക്കുന്ന എൽ ഡി എഫ് സ്ഥാനാർഥി നജ്മ റാഫിക്ക് എതിരെ എ നജ്മ രംഗത്തു വന്നതോടെ കണക്ക് കൂട്ടലുകൾ പിഴക്കുമെന്ന പേടിയിലാണ് എൽ ഡി എഫ്. ഈസ്റ്റ് എളേരി പഞ്ചായത്ത് ഒന്നാം വാർഡിൽ ഡി ഡി എഫ് സ്ഥാനാർഥി ജിജി തോമസ് തച്ചാർകുടിയുടെ പേരിനോട് സാമ്യമുള്ള ജിജി മാത്യു സ്വതന്ത്രനായി രംഗത്തിറങ്ങിയിട്ടുണ്ട്.
5-ാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി എം കെ ഗോപാലകൃഷ്ണന്റെ അപരനായി എം ഗോപാലകൃഷ്ണനും 14-ാം വാർഡിൽ ഡിഡിഎഫ് സ്ഥാനാർഥി ജിജി കമ്പല്ലൂരിന്റെ അപരനായി എം ജിജിയും 16-ാം വാർഡിൽ ഡിഡിഎഫ് സ്ഥാനാർഥി ജെസി ടോമിന്റെ അപരയായി ജെസിയും സ്ഥാനാർഥികളായതോടെ അപരൻമാർ വിധി നിർണ്ണയിക്കുമെന്ന അവസ്ഥയിലെത്തിയിട്ടുണ്ട് കാര്യങ്ങൾ.
തൊട്ടടുത്ത വെസ്റ്റ് എളേരി പഞ്ചായത്തിൽ 9-ാം വാർഡിൽ എൽഡിഎഫ് സ്വതന്ത്രനായ പ്രമോദ് മക്കാക്കോടന് അപരനായി കെ പ്രമോദ് സ്വതന്ത്രനായി മത്സരിക്കുന്നു. അപരൻമാർക്കൊപ്പം വിമതൻമാരും മറ്റൊരു തലവേദനയാണെന്ന് രാഷ്ട്രീയ പാർട്ടി നേതാക്കൾ പറയുന്നു.
Keywords: Kasaragod, Kerala, News, Political party, Politics, Voters list, District, District-Panchayath, Panchayath, Kanhangad, Congress, LDF, BJP, Leader,