Protest | നിയമന വിവാദം: പെരിയ കേന്ദ്ര സർവകലാശാലയിൽ ആർഎസ്എസും ബിഎംഎസും നൽകുന്ന പട്ടിക പ്രകാരം ജീവനക്കാരെ നിയമിക്കുന്നുവെന്ന് ഡിവൈഎഫ്ഐ; 'ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും'

● 'മെറിറ്റ് അടിസ്ഥാനത്തിൽ നിയമനം നടത്തണം'
● 'പിൻവാതിൽ നിയമനത്തിനെതിരെ നടപടി സ്വീകരിക്കും'
● 'ഏജൻസിക്കാരെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്'
കാസർകോട്: (KasargodVartha) പെരിയ കേന്ദ്ര സർവകലാശാലയിൽ ആർഎസ്എസും ബിഎംഎസും നൽകുന്ന പട്ടിക പ്രകാരം ജീവനക്കാരെ നിയമിക്കുന്നു എന്നാരോപിച്ച് ഡിവൈഎഫ്ഐ ശക്തമായ പ്രതിഷേധവുമായി രംഗത്ത്. ബിഎംഎസ് വഴി ലിസ്റ്റ് നൽകി, ഇന്റർവ്യൂ ഒരു പ്രഹസനമാക്കി വർഷങ്ങളായി നിയമനം നടത്തുന്നു എന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്തുവന്നിരിക്കുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പുതിയ ജീവനക്കാരെ നിയമിക്കുന്നത് തങ്ങളെ മറികടന്നാണെന്ന സംശയത്തിൽ ജില്ലയിലെ ബിഎംഎസ് നേതാവ് റിക്രൂട്ട്മെന്റ് ഏജൻസിക്കാരെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ടെന്നും ഈ നടപടി ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും 27ന് നടക്കുന്ന അഭിമുഖത്തിൽ എല്ലാവരെയും പങ്കെടുപ്പിച്ച് മെറിറ്റ് അടിസ്ഥാനത്തിൽ നിയമനം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പിൻവാതിൽ നിയമനങ്ങൾക്കെതിരെ നിയമപരമായി നീങ്ങുമെന്നും വി കെ സനോജ് വ്യക്തമാക്കി.
ബുധനാഴ്ച വൈകിട്ടോടെയാണ് കരാർ നിയമന അറിയിപ്പ് പുറത്തുവന്നത്. 27-ന് രാവിലെ 10 മുതൽ വൈകിട്ട് മൂന്നുവരെ സർവകലാശാലയിലെ ഹൗസ് കീപിങ് യൂണിറ്റിൽ നേരിട്ടുള്ള അഭിമുഖം നടത്തുമെന്നാണ് തിരുവനന്തപുരം പേരൂർക്കട ആസ്ഥാനമായുള്ള ഏജൻസിയുടെ അറിയിപ്പുണ്ടായിരുന്നത്. കാംപസിൽ ജോലിചെയ്യുന്ന ഹൗസ് കീപിങ് സ്റ്റാഫിന് മുൻഗണനയെന്നും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുൾപ്പെടെ ആറ് രേഖകൾ ഹാജരാക്കണമെന്നും ലാൻഡ് ഫോൺ നമ്പറുൾപ്പെടെ ഏജൻസിയുടെ ഡയറക്ടർ ഒപ്പിട്ട് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
മുൻപ് ഇത്തരം അറിയിപ്പുകൾ സർവകലാശാല നോട്ടീസ് ബോർഡിൽ രഹസ്യമായി പതിക്കുകയും തുടർന്ന് തങ്ങളുടെ ഇഷ്ടക്കാരെ ബിഎംഎസ് വഴി നിയമിക്കുകയും ആയിരുന്നു പതിവെന്നും എന്നാൽ ഇത്തവണ ഈ അറിയിപ്പ് പരസ്യമായതിനെ തുടർന്ന് സർവകലാശാല രജിസ്ട്രാർ റിക്രൂട്ടിംഗ് ഏജൻസിയുടെ ഓഫീസിൽ വിളിച്ച് ഇന്റർവ്യൂ മാറ്റിവയ്ക്കാൻ സമ്മർദം ചെലുത്തുകയായിരുന്നുവെന്നുമാണ് ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകൾ ആരോപിക്കുന്നത്. സർവകലാശാല രജിസ്ട്രാറും ബിഎംഎസ് നേതാവും ഏജൻസി പ്രതിനിധിയുമായ സംസാരിക്കുന്നതിന്റെ രണ്ട് ശബ്ദ സന്ദേശങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ പ്രതികരണങ്ങൾ പങ്കുവെക്കുക.
DYFI protests alleged RSS and BMS influence in staff appointments at Periya Central University, claiming merit is being overlooked. They threaten protests and legal action against backdoor appointments.
#PeriyaUniversity #AppointmentControversy #DYFIProtest #RSS #BMS #Kerala