Allegation | വെള്ളരിക്കുണ്ടിലെ കരുതലും കൈതാങ്ങും അദാലത്തിൽ ഇ ചന്ദ്രശേഖരനോട് അവഗണന; വേദി വിട്ട് സദസ്സിൽ ഇരുന്ന് എംഎൽഎ; പരാതിയില്ലെന്ന് പ്രതികരണം
● മുൻ റവന്യൂ മന്ത്രിയും സ്ഥലം എംഎൽഎയുമായ ഇ ചന്ദ്രശേഖരന് വേദിയിൽ വേണ്ടത്ര പ്രാധാന്യം കിട്ടിയില്ലെന്നും ആരോപണമുണ്ട്.
● ജില്ലാ കലക്ടർ സ്വാഗതം പറഞ്ഞ് ആരംഭിച്ച ഉദ്‌ഘാടന പരിപാടിയിൽ അധ്യക്ഷസ്ഥാനവും എംഎൽഎക്ക് ലഭിച്ചില്ല.
● ബോർഡ് വെക്കുന്ന കാര്യത്തിലും ഇ ചന്ദ്രശേഖരൻ തഴയപ്പെട്ടു.
സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (KasargodVartha) തിങ്കളാഴ്ച വെള്ളരിക്കുണ്ടിൽ നടന്ന മന്ത്രിമാരുടെ കരുതലും കൈതാങ്ങും അദാലത്തിൽ ഇ ചന്ദ്രശേഖരൻ എംഎൽഎയെ അവഗണിച്ചതായി ആരോപണം. മുൻ റവന്യൂ മന്ത്രിയും സ്ഥലം എംഎൽഎയുമായ ഇ ചന്ദ്രശേഖരന് വേദിയിൽ വേണ്ടത്ര പ്രാധാന്യം കിട്ടിയില്ലെന്നും ആരോപണമുണ്ട്. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളിയും വി അബ്ദുർ റഹ്‌മാനും വേദിയിൽ ഉദ്യോഗസ്ഥർക്ക് ഒപ്പം ഇരുന്ന് ആളുകളുടെ പരാതി കേൾക്കുബോൾ ഇരിപ്പിടം ഇല്ലാതെ വന്നതോടെ ചന്ദ്രശേഖരൻ എംഎൽഎ വേദി വിട്ട് സദസ്സിൽ ഒഴിഞ്ഞു കിടന്ന കസേരയിലേക്ക് ഇരിപ്പിടം സ്വയംമാറ്റി.
മുൻ നിരയിൽ ഒഴിഞ്ഞു കിടന്ന കസേരയായിരുന്നു എംഎൽഎക്ക് കൂട്ടായി ഉണ്ടായിരുന്നത്. ജില്ലാ കലക്ടർ സ്വാഗതം പറഞ്ഞ് ആരംഭിച്ച ഉദ്‌ഘാടന പരിപാടിയിൽ അധ്യക്ഷസ്ഥാനവും എംഎൽഎക്ക് ലഭിച്ചില്ല.
മാത്രവുമല്ല സബ് കലക്ടറുടെ പേര് പോലും രേഖപ്പെടുത്തിയ ബോർഡ് മുൻനിര മേശയിൽ വെച്ചിരുന്നു. ബോർഡ് വെക്കുന്ന കാര്യത്തിലും ഇ ചന്ദ്രശേഖരൻ തഴയപ്പെട്ടു.
അമർഷത്തോടെ ആയിരുന്നു പിന്നീട് എംഎൽഎ വേദിയിൽ നിന്നും താഴേക്ക് ഇറങ്ങി വന്നതെന്നാണ് പറയുന്നത്. മണ്ഡലത്തിലെ വികസനകാര്യങ്ങൾ കൃത്യമായി അറിയുന്ന ആളായിരുന്നിട്ടും അദാലത്ത് പോലുള്ള സർക്കാർ പരിപാടിയിൽ തഴയപ്പെട്ടപ്പോൾ വേദി വിട്ടിറങ്ങിയ എംഎൽഎയെ ഏറെ നേരം കഴിഞ്ഞ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഇറങ്ങി വന്ന് വേദിയിലേക്ക് തിരികെ ക്ഷണിച്ചുവെങ്കിലും ഇ ചന്ദ്രശേഖരൻ പോകാൻ തയ്യാറായില്ലെന്നാണ് വിവരം.
അതേസമയം, രണ്ട് മന്ത്രിമാർ ഉള്ളത് കൊണ്ടായിരിക്കാം തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് വിളിക്കാതിരുന്നത് എന്നും അല്ലെങ്കിൽ പരിചയകുറവായിരിക്കാം എന്നും തനിക്ക് അതിൽ പരാതി ഇല്ലെന്നും മന്ത്രിമാർ നേരിട്ട് നടത്തുന്ന അദാലത്തിൽ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ മാത്രമേ പാടുള്ളൂവെന്നും ഇവിടെ അത് തിരിച്ചായിരുന്നുവെന്നും ഇ ചന്ദ്രശേഖരൻ എംഎൽഎ കാസർകോട് വാർത്തയോട് പറഞ്ഞു. അദാലത്ത് നടപടി ക്രമങ്ങൾ പൂർത്തിയാകും മുൻപ് തന്നെ ഇ ചന്ദ്രശേഖരൻ മറ്റൊരു പരിപാടിയുടെ പേര് പറഞ്ഞ് ഇറങ്ങി പോവുകയും ചെയ്തു.
#IChandrashekhar #VellarikkunduNews #KasaragodPolitics #KeralaNews #MLADisrespect #MinisterRamachandran