Dispute | പദ്ധതി വീതം വെപ്പില്‍ കടുത്ത വിവേചനം; ജില്ലാ പഞ്ചായത് യോഗത്തില്‍ വാക്കേറ്റം
കാസര്‍കോട്: (KasargodVartha) പദ്ധതി വീതം വെപ്പില്‍ യുഡിഎഫ് (UDF) അംഗങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ഡിവിഷനുകളെ പൂര്‍ണമായും തഴയുന്നതായി ആരോപിച്ച് (Allegation) വ്യാഴാഴ്ച ചേര്‍ന്ന ജില്ലാ പഞ്ചായത് യോഗം ബഹളത്തില്‍ മുങ്ങി.
ഇക്കഴിഞ്ഞ ജൂലൈ 18 ന് ചേര്‍ന്ന ജില്ലാ പഞ്ചായത് യോഗത്തില്‍ പദ്ധതി ഭേദഗതി എന്ന അജണ്ടയുണ്ടായിരുന്നുവെങ്കിലും ആ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചക്കെടുത്തിരുന്നില്ലെന്ന് അംഗങ്ങള്‍ പറയുന്നു.
യുഡിഎഫ് അംഗങ്ങള്‍ ഇത് ചോദ്യം ചെയ്തപ്പോള്‍ പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞ് അജണ്ട മാറ്റിവെക്കുകയായിരുന്നു. പിന്നീട് കൂടിയാലോചന പോലുമില്ലാതെ ഈ മാസം ഒമ്പതിന് പദ്ധതി ഭേദഗതി
ഡിപിസി അംഗീകാരത്തിനായി 'സകര്‍മ'യില്‍ സമര്‍പിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.
ഈ മാസം 16ന് ചേര്‍ന്ന ഡിപിസി യോഗത്തില്‍ ഇക്കാര്യം വന്നപ്പോള്‍ ഡിപിസി അംഗങ്ങളും യുഡിഎഫ് പ്രതിനിധികളുമായ ഗോള്‍ഡന്‍ അബ്ദുര്‍ റഹ് മാന്‍, ജാസ്മിന്‍ കബീര്‍, ഗീത ബാലകൃഷ്ണ എന്നിവര്‍ ഡിപിസിയുടെ ചരിത്രത്തില്‍ ആദ്യമായി പ്രതിഷേധം അറിയിക്കുന്ന സാഹചര്യമുണ്ടായി.
ചര്‍ച്ചയും ആലോചനപോലും നടക്കാതെയാണ് പദ്ധതി ഭേദഗതി അംഗീകാരത്തിന് സമര്‍പിച്ചതെന്ന് ഡിപിസി അംഗമായ മുസ്ലിം ലീഗിലെ റഹ് മാന്‍ കുറ്റപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച ചേര്‍ന്ന ജില്ലാ പഞ്ചായത് ബോര്‍ഡ് യോഗത്തില്‍ റഹ് മാന്‍ വിഷയം വീണ്ടും ഉന്നയിച്ചതോടെ ഇക്കാര്യം ചര്‍ച്ച ചെയ്തു.
2024- 2025 സാമ്പത്തിക വര്‍ഷത്തെ 16 കോടി രൂപയുടെ റോഡ് ഇനത്തിലുള്ള പദ്ധതിയിയില്‍ ആറ് കോടിയുടെ പദ്ധതിക്ക് മാത്രമാണ് സംസ്ഥാന സര്‍കാര്‍ അംഗീകാരം നല്‍കിയത്. അതോടെയാണ് 10 കോടിയുടെ പദ്ധതി മാറ്റി വെക്കേണ്ടി വന്നത്.
ഇതില്‍ ഭൂരിഭാഗം യുഡിഎഫ് പ്രതിനിധികളുടെ ഡിവിഷനുകളെയാണ് മാറ്റി വെച്ചത്. ഇക്കാര്യം ഉന്നയിച്ചാണ് വ്യാഴാഴ്ചത്തെ യോഗത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്കും വാക്കേറ്റങ്ങള്‍ക്കും വഴിവെച്ചത്. പിന്നാലെ മുസ്ലിം ലീഗിലെ പി ബി ശഫീഖ്, ജോമോന്‍ ജോസ്, ജാസ്മീന്‍ കബീര്‍ ചെര്‍ക്കളം, ഗീതാ കൃഷ്ണന്‍, കമലാക്ഷി, ജമീല സിദ്ദീഖ് എന്നിവര്‍ വിഷയം ഏറ്റെടുത്ത് സംസാരിച്ചതോടെ ഭരണപക്ഷം സമ്മര്‍ദത്തിലാവുന്ന സ്ഥിതിയിലെത്തി.
പിന്നാലെ ബിജെപി അംഗങ്ങളും വിഷയം ഏറ്റെടുത്തു. സംവാദത്തിനിടെ കേരള കോണ്‍ഗ്രസ് എം അംഗം സിനോജ് ചാക്കോ ഡിവിഷന്‍ അടിസ്ഥാനത്തില്‍ ഫണ്ടുകള്‍ നോക്കാമെന്ന് വാദിച്ചതും പ്രതിഷേധത്തിനിടയാക്കി. അതിനും തയ്യാറാണെന്ന് റഹ് മാന്‍ തിരിച്ചടിച്ചു.
ഇതിനിടെ വൈസ് പ്രസിഡന്റ് ശാനവാസ് പാദൂര്‍ യുഡിഎഫ് അംഗങ്ങളെ ആക്ഷേപിച്ച് സംസാരിച്ചെന്നാരോപിച്ച് യുഡിഎഫ് അംഗങ്ങള്‍ പ്രതിഷേധിക്കുകയും ചെയ്തു. അതേസമയം, യുഡിഎഫ് അംഗങ്ങള്‍ സംസാരിക്കുന്ന സമയത്ത് ഭൂരിഭാഗം എല്‍ഡിഎഫ് അംഗങ്ങളും മൗനം പാലിച്ചത് തങ്ങളുടെ ഭാഗം ശരിയാണെന്നതിന് തെളിവായിരുന്നുവെന്നും യുഡിഎഫ് അംഗങ്ങള്‍ പറഞ്ഞു.
അതിനിടെ തുക വകവെക്കുന്ന കാര്യത്തില്‍ യാതൊരുവിധ പക്ഷപാതം കാണിച്ചിട്ടില്ലെന്നും ഇതുവരെ ഇത്തരം ഒരു പരാതികളും ഉന്നയിക്കാതിരുന്ന പ്രതിപക്ഷ അംഗങ്ങള്‍ ഇപ്പോള്‍ നടത്തിയ പ്രതിഷേധം രാഷ്ട്രീയ നേതൃത്വങ്ങളുടെ നിര്‍ദേശപ്രകാരമാണെന്ന് സംശയിക്കുന്നതായും വൈസ് പ്രസിഡന്റ് ശാനവാസ് പാദൂര്‍ കാസര്‍കേട് വാര്‍ത്തയോട് പ്രതികരിച്ചു. സ്പില്‍ ഓവര്‍ കാരണം സര്‍കാര്‍ പതിമൂന്നര കോടിയോളം രൂപ പിന്നീട് നല്‍കിയാല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന കാര്യം പ്രതിപക്ഷ അംഗങ്ങള്‍ക്കും ബോധ്യമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
#Kasargod #KeralaPolitics #UDF #LDF #FundAllocation #Corruption #LocalGovernment