Allegation | ഭരണ കക്ഷി യുവജന നേതാവിനെതിരെ ഉയർന്ന അനധികൃത സ്വത്ത് സമ്പാദന ആരോപണം കത്തിപ്പടരുന്നു; അന്വേഷണ കമീഷനെ നിയമിച്ചെന്ന തെറ്റായ വാർത്തയ്‌ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് നേതൃത്വം
ഉദുമ: (KasargodVartha) ഭരണ കക്ഷി യുവജന നേതാവിനെതിരെ ഉയർന്ന അനധികൃത സ്വത്ത് സമ്പാദന ആരോപണം പാർടിക്കുള്ളിൽ (Party) കത്തിപ്പടരുന്നു. എന്നാൽ മാധ്യങ്ങളിൽ (Media) പറയുന്നത് പോലുള്ള ഒരു അന്വേഷണ കമീഷനെയും നിയമിച്ചിട്ടില്ലെന്നാണ് നേതൃത്വം വിശദീകരിക്കുന്നത്. തെറ്റായ വാർത്തയ്‌ക്കെതിരെ നിയമ നടപടിയുമായി (Legal action) മുന്നോട്ട് പോകുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.
യുവജന നേതാവ് ഇരുനില വീട് (House) നിർമിച്ചെന്നും പുതിയ കാർ (Car) എടുത്തെന്നും 50 ലക്ഷം രൂപ നൽകി അധ്യാപക ജോലി (Teacher job) നേടിയെടുത്തുന്നുമുള്ള ആരോപണങ്ങളാണ് ചർച്ചാ വിഷയമായിരിക്കുന്നത്. എന്നാൽ വീട് തന്റെ പേരിൽ അല്ലെന്നും ജ്യേഷ്‌ഠന്റെ പേരിലാണെന്നുമാണ് ആരോപണ വിധേയനായ നേതാവ് പ്രതികരിച്ചത്.
2021ൽ തന്നെ പറഞ്ഞുവെച്ച അധ്യാപക ജോലിക്ക് നൽകാൻ 25 ലക്ഷം രൂപ കേരള ബാങ്കിൽ (Kerala Bank) നിന്നും വായ്പ (Loan) എടുത്തതാണെന്നും 50 ലക്ഷം രൂപ നൽകിയെന്നത് വെറും ആരോപണം മാത്രമാണെന്നും യുവനേതാവ് വ്യക്തമാക്കി. കാർ വാങ്ങിയതിനെ കുറിച്ചുള്ള ആരോപണവും അദ്ദേഹം തള്ളിക്കളഞ്ഞു. തന്റെ വരുമാന മാർഗങ്ങൾ എന്തെല്ലാമാണെന്ന് പാർടിയിലെ എല്ലാവർക്കും ബോധ്യമുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി എസ് സിയിൽ (PSC) അംഗമാക്കാമെന്ന് പറഞ്ഞ് കോഴിക്കോട്ട് (Kozhikode) ഒരു യുവജന നേതാവ് ലക്ഷങ്ങൾ കോഴ (Bribery) വാങ്ങിയെന്ന ആരോപണം ശക്തമാകുന്നതിനിടയിലാണ് ഉദുമയിലെ (Udma) യുവനേതാവിനെതിരെയും ആരോപണം ഉയർന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ പാർടി നേതൃത്വം പ്രതിരോധത്തിലായിരിക്കുകയാണ്. തെറ്റായ വാർത്ത നൽകിയ കാര്യത്തിൽ ജില്ലാ നേതൃത്വവുമായി കൂടിയാലോചന നടത്തി നിയമ നടപടി സ്വീകരിക്കുമെന്നാണ് ഉദുമയിലെ പാർടി നേതൃത്വം കാസർകോട് വാർത്തയോട് പ്രതികരിച്ചത്.
ബേക്കൽ ബീച് ഫെസ്റ്റ് (Bekal Beach Fest) നടത്തിപ്പുമായി ബന്ധപ്പെട്ടും യുവജന നേതാവിനെതിരെ ആരോപണം ഉയർന്നിട്ടുണ്ട്. എന്നാൽ ബേക്കൽ ടൂറിസം സൊസൈറ്റിയുടെ തലപ്പത്തേക്ക് തന്നെ പരിഗണിക്കുന്നതിൽ അസഹിഷ്ണുത പൂണ്ട ചിലരാണ് തനിക്കെതിരെയുള്ള അപവാദ പ്രചാരണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും ആരോപണം ഉയർന്ന യുവജന നേതാവ് കാസർകോട് വാർത്തയോട് പറഞ്ഞു.
നിയമ നടപടി സ്വീകരിക്കുന്നതോടൊപ്പം വിഷയം ചർച്ച ചെയ്ത പാർടി യോഗത്തിന്റെ മിനുട്സ് (Minutes) കോടതിയിൽ (Court) ഹാജരാക്കാൻ തയ്യാറാണെന്നാണ് നേതൃത്വം പറയുന്നത്. അതേസമയം വിഷയം ഏരിയ കമിറ്റി ജില്ലാ നേതൃത്വത്തിന് റിപോർട് ചെയ്തിട്ടുണ്ട്. ജില്ലാ കമിറ്റി യോഗവും വിഷയം ചർച്ച ചെയ്യുമെന്നാണ് അറിയുന്നത്.