city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Assault | കാസർകോട് നഗരസഭാ സെക്രടറിക്ക് ഓഫീസിന് മുന്നിൽ വെച്ച് മർദനമെന്ന് ആക്ഷേപം; 'ഇ-മെയിൽ വഴി പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ല'; ആരോപണങ്ങൾ നിഷേധിച്ച് കരാറുകാരൻ

Alleged Assault on Kasaragod Municipality Secretary
Photo: Arranged

● സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നായിരുന്നു ടൗൺ പൊലീസ് വ്യക്തമാക്കിയത്.
● നഗരസഭ ചെയർമാൻ്റെ ഓഫീസിലാണ് ഇതിൻ്റെ കൺട്രോൾ യൂണിറ്റ് ഉള്ളത്. 
● പൊലീസും സിസിടിവി പരിശോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

കാസർകോട്: (KasargodVartha) നഗരസഭയുടെ നിർമാണ ജോലികൾ ഏറ്റെടുക്കുന്ന കരാറുകാരനും വ്യവസായിയും ചേർന്ന് കാസർകോട് നഗരസഭാ സെക്രടറിയെ മർദിച്ചതായി  ആരോപണം വിവാദമായി. സംഭവം നടന്ന ശേഷം ട്രെയിനിൽ നാട്ടിലേക്ക് പോയ നഗരസഭാ സെക്രടറി ഇ-മെയിൽ വഴി പൊലീസിൽ പരാതി നൽകിയെങ്കിലും നേരിട്ട് പരാതി നൽകാത്തതിൻ്റെ പേരിൽ ഇനിയും കേസെടുത്തില്ല. 

തളങ്കര പള്ളിക്കാലിലെ കെട്ടിടത്തിന് കള്ള ഒപ്പിട്ട് കെട്ടിട നമ്പർ നേടിയതായി കണ്ടെത്തിയതിനെത്തുടർന്ന് കെട്ടിട നമ്പർ റദ്ദാക്കിയതിൻ്റെ പേരിലാണ് കാസർകോട് നഗരസഭാ സെക്രടറിയായ ആലപ്പുഴ സ്വദേശി പിഎ ജസ്റ്റിനെ മർദിച്ചതെന്നാണ് ആരോപണം. വെള്ളിയാഴ്ച  വൈകിട്ട് 5.30 മണിയോടെ നഗരസഭാ ഓഫീസിന് മുന്നിൽ, റെയിൽവെ സ്റ്റേഷനിലേക്ക് പോകാൻ കാറിൽ കയറുന്നതിനിടയിലായിരുന്നു സംഭവം.

രണ്ടുപേർ ചേർന്നാണ് മർദിച്ചതെന്നും ഇതിൽ ഒരാൾ തലകൊണ്ടും കാൽമുട്ടുകൊണ്ട് വയറിൻ്റെ അടിഭാഗത്തും ഇടിച്ചുവെന്നും സെക്രടറി വാട്സ് ആപിലൂടെ സഹപ്രവർത്തകരായ മറ്റ് ഉദ്യോഗസ്ഥരെ അറിയിച്ചു. ചുമലിലും മർദനമേറ്റതായും ഓഫീസ് വിട്ടുപോകുന്ന മറ്റു ജീവനക്കാരുടെ മുന്നിൽവെച്ചായിരുന്നു ആക്രമണമെന്നും സെക്രടറിയുടെ കുറിപ്പിൽ പറയുന്നു. ജില്ലാ പൊലീസ് മേധാവിക്കാണ് ഇതുസംബന്ധിച്ച് ഇ-മെയിലായി  ജസ്റ്റിൻ പരാതി നൽകിയത്. സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും പരാതിയിൽ കേസെടുത്തിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നായിരുന്നു ടൗൺ പൊലീസ് വ്യക്തമാക്കിയത്.

തന്നെ മർദിക്കുന്നതു സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടാകുമെന്ന് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. നഗരസഭ ചെയർമാൻ്റെ ഓഫീസിലാണ് ഇതിൻ്റെ കൺട്രോൾ യൂണിറ്റ് ഉള്ളത്. ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം കാസർകോട് വാർത്തയോട് പറഞ്ഞു. പൊലീസും സിസിടിവി പരിശോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

അതേസമയം, നഗരസഭാ സെക്രടറിക്ക് നേരെ നടന്ന അക്രമത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ജീവനക്കാർ ശനിയാഴ്ച രാവിലെ ഓഫീസിന് മുന്നിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. തുടർച്ചയായി ജീവനക്കാരെ ഭീഷണിപ്പെടുത്തിയും അക്രമിച്ചും നിയമവിരുദ്ധമായി കാര്യങ്ങൾ നേടിയെടുക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് പ്രതിഷേധയോഗത്തിൽ സംസാരിച്ചവർ ആരോപിച്ചു.

നഗരസഭാ സെക്രടറി പറയുന്നത് ഇങ്ങനെ:

'ഡിസംബർ ആറിന് വൈകുന്നേരം 5.30 ഓടെയാണ് സംഭവം ഉണ്ടായത്. ശിഹാബ് എന്നയാളും മറ്റൊരാളും ചേർന്ന് തെറിവിളിച്ചു ആക്രമിച്ചു. തലയ്ക്ക് ഇടിച്ചും അടിവയറ്റിൽ ചവിട്ടിയും പരിക്കേൽപ്പിച്ചു. കൂടാതെ, ക്വാർടേഴ്സിലിട്ട് കൊല്ലുമെന്നും കാസർകോട് ആണെന്നും ഭീഷണിപ്പെടുത്തി. സംഭവം നടക്കുന്ന സമയത്ത് നിരവധി ജീവനക്കാർ സാക്ഷികളായിരുന്നു. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാൽ സംഭവം വ്യക്തമാകും. തളങ്കരയിലെ കെട്ടിടത്തിന് അനധികൃതമായി കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയതിനെ തുടർന്ന് സ്വീകരിച്ച  നടപടികളാണ് ഈ ആക്രമണത്തിന് കാരണം. 

താൻ ഔദ്യോഗികമായി സ്വീകരിച്ച നടപടിയാണ് തന്നെ ഈ ദുരവസ്ഥയിലാക്കിയത്. കൂടാതെ, താൻ എഡിഎം ആകാൻ നിൽക്കേണ്ട എന്ന മുന്നറിയിപ്പും തനിക്കു ലഭിച്ചിരുന്നു. ഞാൻ കുടുംബത്തെ കുറിച്ച് ഉത്തരവാദിത്തമുള്ള വ്യക്തി ആയതിനാൽ ഞാൻ ഒരിക്കലും ആത്മഹത്യ ചെയ്യുകയില്ലെന്നും എനിക്ക്  ജീവഹാനി സംഭവിച്ചാൽ അത് അപകടമായി കാണപ്പെട്ടാൽ കൂടിയും  കൊലപാതകമാക്കുന്നതിനുള്ള സാധ്യത 100 ശതമാനം ആണെന്നും ഞാൻ അറിയിക്കുന്നു'.

ആരോപണം നിഷേധിച്ച് കരാറുകാരൻ 

അതേസമയം, സെക്രടറിയെ അടിച്ചുവെന്ന് പറയുന്നത് തെറ്റാണെന്ന് കരാറുകാരൻ ശിഹാബ് കാസർകോട് വാർത്തയോട് പ്രതികരിച്ചു. നഗരസഭയിൽ രണ്ട് കോടി രൂപയ്ക്ക് മുകളിൽ നടത്തിയ പ്രവൃത്തിയുമായി ബന്ധപ്പെട്ട ബില്ലിനെ കുറിച്ച് സംസാരിക്കാനാണ് സെക്രടറിയെ സമീപിച്ചത്. കാസർകോട് ഗവ. ഹൈസ്‌കൂളിൻ്റെ ചുറ്റുമതിൽ നിർമിച്ചതിൽ 36 ലക്ഷത്തിൻ്റെ ജോലി പൂർത്തികരിച്ചതിൻ്റെയും, നഗരസഭയുടെ തൊട്ടടുത്തുള്ള തുമ്പൂർമുഴി പദ്ധതി, സന്ധ്യാരാഗം ഓഡിറ്റോറിയത്തിലെ തുമ്പൂർമുഴി പദ്ധതി എന്നിവയുടെ ഉദ്ഘാടം നടന്നിട്ടും ബിൽ പാസാക്കാതെ സെക്രടറി അടക്കമുള്ള ഉദ്യോഗസ്ഥർ വട്ടം കറക്കുകയാണ്. 

ഉദ്യോഗസ്ഥരോട് എന്തെങ്കിലും പറഞ്ഞാൽ അതിൻ്റെ വാശി ബിൽ പാസാക്കുന്നതിൽ കാണിക്കുകയാണ്. ഭരണസമിതിയോട് പലതവണ പരാതി പറഞ്ഞുവെങ്കിലും അവരുടെ വാക്കുകൾക്കും പരിഗണന നൽകാത്ത അവസ്ഥയുണ്ട്. ആർഒയ്ക്ക് മെമോ നൽകുകയാണ് സെക്രടറി ചെയ്യുന്നത്. എൻജിനീയറിംഗ് സെക്ഷനിൽ നിന്നും ഫയൽ നീക്കിയാൽ നേരിട്ട് അത് ക്ലർകിൻ്റെ അടുത്തെത്തും. ക്ലർക് പ്യൂൺ വഴി റവന്യൂ വിഭാഗത്തിൽ കൊടുത്താൽ റവന്യൂ ഇൻസ്പെക്ടർ അതിൻ്റെ കൈവശാവകാശ പേജ് നോക്കി കെട്ടിടം ഉണ്ടോ നമ്പർ കൊടുക്കാൻ കഴിയുമോ എന്നുള്ള കാര്യങ്ങൾ പരിശോധിക്കും. ആർഒയും സെക്രടറിയും തമ്മിലുള്ള പ്രശ്നത്തിൻ്റെ പേരിലാണ് തങ്ങളെ ഉപദ്രവിക്കുന്നത്.

Alleged Assault on Kasaragod Municipality Secretary

ആർഒയും ഹെൽത് സൂപ്രണ്ടായ ഉഭ്യാ‌ഗസ്ഥയും തമ്മിലുള്ള പ്രശ്നവും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. കെട്ടിട നമ്പർ റദ്ദാക്കിയതല്ല യഥാർത്ഥ പ്രശ്നം. ഓഫീസ് സമയത്തല്ല സെക്രടറിയുമായി വാക്കേറ്റം ഉണ്ടായത്. മർദനം നടന്നിട്ടില്ല. മുമ്പ് ഉണ്ടായ സെക്രടറി തങ്ങളെ നന്നായി ഉപദ്രവിക്കുകയും പണിയെടുപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ബിൽ പാസാക്കുന്നതിൽ അലംഭാവം കാട്ടിയിരുന്നില്ല. കെട്ടിടത്തിന് നമ്പർ റദ്ദാക്കിയ വിഷയം ഇതിന് ഇടയിൽ ഇട്ട് വിഷയത്തിൻ്റെ ശ്രദ്ധ തിരിക്കാനാണ് സെക്രടറി ഇപ്പോൾ ശ്രമിക്കുന്നത്. ഫോർട് റോഡിലെ പള്ളിയുടെ വൈദ്യുതി വിച്ഛേദിക്കാൻ സെക്രടറി കെഎസ്ഇബിക്ക് നിർദേശം  കൊടുത്തിരുന്നു. അത് വിച്ഛേദിച്ചിട്ടില്ല. 

കെട്ടിടത്തിന് ഒകുപൻസി നൽകിയാൽ അത് റദ്ദാക്കാൻ സെക്രടറിക്ക് കഴിയില്ല. പെർമിറ്റ് എടുത്ത ശേഷമാണ് കെട്ടിടം കെട്ടിയത്. ഓവർസീയർക്കെതിരെ വിജിലൻസിൽ പരാതിയും സെക്രടറി നൽകി. ആരുടെയോ പേര് വെച്ച് ജോയൻ്റ് ഡയറക്ടർക്കും പരാതി നൽകി. ഇദ്ദേഹം മുമ്പ് ഉണ്ടായ ഓഫീസിലും ഇത്തരം കാര്യങ്ങൾ ആണ് ചെയ്തത്. സഹപ്രവർത്തകരെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥനാണ് സെക്രടറിയെന്നും ശിഹാബ് ആരോപിച്ചു. 

ഉദ്യോഗസ്ഥർക്ക് അറിയാത്ത കാര്യങ്ങൾ പറഞ്ഞ് കൊടുക്കുകയും വേണ്ട നിർദേശങ്ങൾ കൊടുക്കുകയുമാണ് സെക്രട്ടറി ചെയ്യേണ്ടത്. തളങ്കരയിലെ ഒരു ഓഫീസ് കെട്ടിടത്തിന് ഒക്കുപന്‍സി കൊടുത്തിട്ടുണ്ട്. നിയമ പ്രകാരം കെട്ടിടം നിർമ്മിച്ചതിൽ ഒരു തെറ്റുമില്ല. ഇവിടെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിൻ്റെ പേരിലാണ് ഈ കെട്ടിടത്തിന് നമ്പർ നൽകിയതിനെതിരെ പരാതി നൽകിയത്. നിയമത്തിൻ്റെ കാര്യത്തിൽ തെറ്റാണെന്ന് പറഞ്ഞാൽ അത് പരിഗണിക്കാം. ഹൈകോടതിയിൽ കേസുള്ള കാര്യത്തിനാണ് സെക്രടറി തടസ്സം നിൽക്കുന്നതെന്നും ശിഹാബ് കൂട്ടിച്ചേർത്തു.

അത് പറ്റില്ല, ഇത് പറ്റില്ല എന്നാണ് സെക്രടറി പറയുന്നത്. ചട്ടമ്പി ആകാനാണോ സെക്രടറി ഇവിടെ വന്നതെന്ന്  ചോദിച്ചിരുന്നുവെന്നും ഇത് കാസർകോട് ആണെന്നും സെക്രടറിയോട് പറഞ്ഞിരുന്നു. കണ്ണൂരിനെ മാത്രമാണോ നിങ്ങൾക്ക് പേടിയെന്നും ചോദിച്ചിരുന്നു. ചെയർമാനും ഭരണാധികാരികളും ചോദ്യം ചെയ്തില്ലെങ്കിൽ ജനങ്ങൾ ചോദ്യം ചെയ്യുമെന്നും കരാറുകാരൻ പറഞ്ഞു.

#Kasaragod, #AssaultAllegation, #MunicipalitySecretary, #Contractor, #PoliceInquiry, #KeralaNews

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia