Legal Action | വഖഫ് ഭേദഗതി ബില്ലിനെതിരെയും ഏക സിവിൽ കോഡിനെതിരെയും പേഴ്സണൽ ലോ ബോർഡ് രംഗത്ത്; 'നിയമപരവും പ്രക്ഷോഭപരവുമായ നടപടികൾ സ്വീകരിക്കും'
● വഖഫ് സ്വത്തുക്കൾ മുസ്‌ലിം സമുദായത്തിന് പ്രത്യേകമായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ദാനം ചെയ്യപ്പെട്ടതാണ്.
● തൽസ്ഥിതി നിലനിറുത്തണമെന്ന 1992 ലെ നിയമത്തിന്റെ ലംഘനമാണിതെന്ന് ഇല്യാസ് പറഞ്ഞു.
● ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് കൺവെൻഷൻ സമാപിച്ചത്.
ബെംഗ്ളുറു: (KasargodVartha) വഖഫ് നിയമ ഭേദഗതി ഉൾപ്പെടെ മുസ്ലിം സമുദായത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങളിൽ നിയമപരവും പ്രക്ഷോഭപരവുമായ നടപടികൾ സ്വീകരിക്കുമെന്ന് ഓൾ ഇന്ത്യ പേഴ്സണൽ ലോ ബോർഡ് പ്രഖ്യാപിച്ചു. സമുദായവുമായിആലോചിക്കാതെ വഖഫ് ഭേദഗതി ബിൽ പാസാക്കിയാൽ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളേയും അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കാൻ കൺവെൻഷൻ തീരുമാനിച്ചതായി ബോർഡ് വക്താവ് സെയ്ദ് ഖാസിം റസൂൽ ഇല്യാസ് മാധ്യമങ്ങളോട് പറഞ്ഞു.
വഖഫ് സ്വത്തുക്കൾ മുസ്‌ലിം സമുദായത്തിന് പ്രത്യേകമായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും
ദാനം ചെയ്യപ്പെട്ടതാണ്.ഇതിൽ സർക്കാറിന് ഇടപെടാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏക സിവിൽ കോഡ് നാനാത്വത്തിൽ ഏകത്വം എന്ന രാജ്യത്തിന്റെ അടിസ്ഥാന തത്വത്തിന് വിരുദ്ധമാണെന്നും ഇത് വ്യക്തി, കുടുംബം, സാമൂഹിക തലങ്ങളിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് നടപ്പാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്ന് വാദിച്ച് ആൾ ഇന്ത്യ പേഴ്സണൽ ലോ ബോർഡ് നൈനിറ്റാൾ ഹൈക്കോടതിയിൽ ഹരജി നൽകും. മുസ്‌ലിം ആരാധനാലയങ്ങളുടെ പരിസരത്തെ ഭൂമി സംബന്ധിച്ചും മസ്ജിദ് ക്ഷേത്രമായിരുന്നു എന്ന് അവകാശപ്പെട്ടും അടുത്ത കാലത്തായി
വിവാദങ്ങൾ ഉയരുകയാണ്. തൽസ്ഥിതി നിലനിറുത്തണമെന്ന 1992 ലെ നിയമത്തിന്റെ ലംഘനമാണിതെന്ന് ഇല്യാസ് പറഞ്ഞു.
ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് കൺവെൻഷൻ സമാപിച്ചത്. ബോർഡ് പ്രസിഡന്റ് മൗലാന ഖാലിദ് സൈഫുല്ല റഹ്മാനി പങ്കെടുത്ത ഈ സമ്മേളനം മുസ്ലിം സമുദായത്തിന്റെ വിവിധ വിഷയങ്ങളിൽ നിർണായകമായ ചർച്ചകൾക്ക് വേദിയായി.
#WaqfLaw, #PersonalLawBoard, #UniformCivilCode, #LegalAction, #MuslimRights, #Protests