Criticism | ആലപ്പുഴയിൽ സീപ്ലെയിൻ വിവാദം: സിപിഐയുടെ ശക്തമായ എതിർപ്പ്
● ‘മത്സ്യത്തൊഴിലാളികൾക്ക് ദോഷകരമല്ലാത്ത രീതിയിൽ പദ്ധതി നടപ്പിലാക്കാമെങ്കിൽ അത് അംഗീകരിക്കും.
● സീപ്ലെയിനിന്റെ ആദ്യ പറക്കൽ കഴിഞ്ഞ ദിവസം നടന്നു.
● വിമാനത്തിന്റെ പ്രവർത്തനവും റൂട്ടും മറ്റും വരുംദിവസങ്ങളിൽ തീരുമാനിക്കും.
ആലപ്പുഴ: (KasargodVartha) സംസ്ഥാന സർക്കാർ ആരംഭിച്ച സീപ്ലെയിൻ പദ്ധതിക്കെതിരെ സിപിഐ കടുത്ത നിലപാട് സ്വീകരിച്ചു. കായലുകളിൽ സീപ്ലെയിൻ സർവീസ് ആരംഭിച്ചാൽ ശക്തമായ സമരം നടത്തുമെന്ന് പാർട്ടി ജില്ലാ സെക്രട്ടറി പി.ജെ. ആഞ്ചലോസ് മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികളുടെ ഉപജീവനം ഇല്ലാതാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ മാസം 20ന് ചേരുന്ന മത്സ്യത്തൊഴിലാളി കോർഡിനേഷൻ കമ്മിറ്റിയിൽ ഈ വിഷയം ചർച്ച ചെയ്യും. പദ്ധതി ഏതെങ്കിലും രീതിയിൽ മത്സ്യത്തൊഴിലാളികളെ ബാധിച്ചാൽ എതിർക്കുമെന്ന് പി.പി. ചിത്തരഞ്ജൻ എംഎൽഎയും വ്യക്തമാക്കി. 2013-ൽ നടന്ന സമരത്തിൽ മുൻനിരയിൽ നിന്നയാൾ എന്ന ലിലയിൽ ആലപ്പുഴയിൽ സീപ്ലെയിൻ ആവശ്യമില്ലെന്നും അതുകൊണ്ട് സ്വാഗതം ചെയ്യുന്നില്ലെന്നും വ്യക്തമാക്കി.
‘മത്സ്യത്തൊഴിലാളികൾക്ക് ദോഷകരമല്ലാത്ത രീതിയിൽ പദ്ധതി നടപ്പിലാക്കാമെങ്കിൽ അത് അംഗീകരിക്കും. എന്നാൽ, അത് അത്രയും ദോഷകരമായിരുന്നാൽ, ഞങ്ങളുടെ മുൻ നിലപാടിൽ മാറ്റമുണ്ടാകില്ല,’ അദ്ദേഹം പറഞ്ഞു.
സീപ്ലെയിൻ പദ്ധതി എല്ലാവരുമായി ചർച്ച ചെയ്യുമെന്ന മന്ത്രിയുടെ നിലപാട് സ്വാഗതം ചെയ്യുന്നുവെന്നും യുഡിഎഫിന്റെ കാലത്ത് ഈ ചർച്ചയേ ഉണ്ടായിട്ടില്ലെന്നും ചിത്തരഞ്ജൻ കൂട്ടിച്ചേർത്തു.
അതേസമയം, സീപ്ലെയിനിന്റെ ആദ്യ പറക്കൽ കഴിഞ്ഞ ദിവസം നടന്നു. മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി. ശിവൻകുട്ടി, പി. രാജീവ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്ത് പദ്ധതിക്ക് തുടക്കം കുറിച്ചു. പത്തുമിനിറ്റ് വരെ ആകാശത്ത് പറന്ന സീപ്ലെയിൻ പിന്നീട് ഇടുക്കിയിൽ സുരക്ഷിതമായി എത്തി.
മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ മാട്ടുപ്പെട്ടി ഡാമിൽ ലാൻഡ് ചെയ്ത വിമാനത്തിന് വലിയ സ്വീകരണമാണ് ഒരുക്കിയിരുന്നത്. വിമാനത്തിന്റെ പ്രവർത്തനവും റൂട്ടും മറ്റും വരുംദിവസങ്ങളിൽ തീരുമാനിക്കും.
#CPI #Seaplane #Alappuzha #Fishermen #KeralaPolitics #Opposition