Group Politics | കോൺഗ്രസ് ഗ്രൂപ്പ് പോര്? ഒരുവിഭാഗം സംഘടിപ്പിക്കുന്ന വടംവലി മത്സരത്തിന്റെ സംഘാടകസമിതി രൂപവത്കരണ യോഗത്തിൽ നിന്നും ബളാൽ പഞ്ചായത്ത് പ്രസിഡന്റ് വിട്ടുനിന്നു

● ബളാൽ പഞ്ചായത്തിലെ കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയം വീണ്ടും ചർച്ചയാകുന്നു
● മത്സരത്തിന് പിന്നിൽ ഗ്രൂപ്പ് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് ആരോപണം
● പിന്നിൽ വിദേശത്ത് നിന്ന് നിയന്ത്രിക്കുന്ന സൈബർ ടീമെന്ന് ആക്ഷേപം
സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (KasargodVartha) കോൺഗ്രസ് ശക്തി കേന്ദ്രമെന്ന് വിശേഷിക്കപ്പെടുന്ന ബളാൽ പഞ്ചായത്തിലെ മാലോം വള്ളിക്കടവിൽ കോൺഗ്രസിലെ ഒരു വിഭാഗം സംഘടിപ്പിക്കുന്ന വടം വലി മത്സരത്തിന്റെ സംഘാടകസമിതി രൂപവത്കരണ യോഗത്തിൽ നിന്നും ബളാൽ പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെ ഉള്ളവർ വിട്ടുനിന്നു.
കാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാനും കായിക പ്രേമികൾക്ക് മത്സരാവേശത്തിന്റെ പുത്തൻ ഓർമ്മകൾ സമ്മാനിക്കാനും എന്നപേരിൽ കെ എസ് യു മാലോത്ത് കസബ പൂർവ വിദ്യാർത്ഥി വാട്സ്ആപ് കൂട്ടായ്മയും മലയോരത്തെ കായിക പ്രേമികളും സംയുക്തമായി അടുത്ത മാസം 12ന് സംഘടിപ്പികുന്ന അഖില കേരള വടം വലി മത്സരത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗത്തിലാണ് ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അലക്സ് നെടിയകാലയിൽ തുടങ്ങിയവർ വിട്ടു നിന്നത്.
വിദേശത്ത് നിന്ന് നിയന്ത്രിക്കുന്ന സൈബർ ടീം വർക്കിലൂടെ ബളാൽ പഞ്ചായത്തിൽ പിറവി എടുത്ത കോൺഗ്രസിലെ ഒരു വിഭാഗമാണ് കാരുണ്യ പ്രവർത്തനങ്ങൾ എന്നപേരിൽ വടം വലി മത്സരം സംഘടിപ്പിക്കുന്നത് എന്നാണ് പറയുന്നത്. ബളാൽ കോൺഗ്രസിലെ അമരക്കാരൻ എന്ന് വിശേഷിക്കപ്പെടുന്ന പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയത്തെ ഒതുക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് പറയുന്നു. ഇത് ശരിവെക്കും വിധത്തിൽ മുൻ ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡണ്ടും ഡിസിസി വൈസ് പ്രസിഡണ്ടുമായ ജെയിംസ് പന്തമാക്കലിനെയും ഇവർ വടം വലി മത്സരത്തിന്റെ പേരിൽ ബളാലിൽ ഇറക്കി.
നേരത്തെ രാജു കട്ടക്കയത്തിന്റെ വിശ്വസ്തരായി കൂടെ നിന്ന ജോബി കാര്യാവിൽ, ടി കെ എ വിജുൻ, ഗിരീഷ് വട്ടക്കാട് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടക്കുന്ന കോൺഗ്രസ് ഗ്രൂപ്പ് പ്രവർത്തനങ്ങൾക്ക് വിദേശത്ത് നിന്ന് നിയന്ത്രിക്കുന്ന സൈബർ ടീമിന്റെ പ്രവർത്തനവും ഉണ്ടെന്ന് ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകർ പറയുന്നു. രാജ്മോഹൻ ഉണ്ണിത്താന്റെ സൈബർ പോരാളിയായി പ്രവർത്തിച്ചവരും കട്ടക്കയത്തിനെ എതിർത്ത് ഗ്രൂപ്പുകളിൽ സജീവമാകുന്നു.
ഇതിനിടയിൽ മാലോം സെന്റ് ജോർജ് ഫോറോനാ ദേവാലയ അങ്കണത്തിൽ വടം വലി മത്സരത്തിന് ഏകപക്ഷിയമായി പള്ളി കമ്മറ്റി അനുമതി നൽകിയതും വിവാദമായിട്ടുണ്ട്. കോൺഗ്രസ് രാഷ്ട്രീയത്തിനായി ആരാധനാലയത്തിന്റെ പേരും മറ്റ് സൗകര്യങ്ങളും ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട്
പള്ളിയുമായി ബന്ധപ്പെട്ട് പ്രതിഷേധം അറിയിച്ചതായും വിവരമുണ്ട്.
എന്നാൽ വടം വലി മത്സരം സംഘടിപ്പിക്കുന്നവർ ക്ഷണിച്ചിരുന്നുവെന്നും മുമ്പ് നിശ്ചയിച്ച പാർട്ടി പരിപാടികളിൽ പങ്കെടുക്കാനുള്ളതു കൊണ്ടാണ് ഈ യോഗത്തിൽ പങ്കെടുക്കാതിരുന്നത് എന്നുമാണ് രാജു കട്ടക്കയം ഉൾപ്പെടെ ഉള്ള വിട്ടുനിന്ന കോൺഗ്രസ് നേതാക്കൾ നൽകുന്ന വിശദീകരണം.
വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് ഗ്രൂപ്പ് രാഷ്ട്രീയം കളിക്കാൻ ആവശ്യമായ ഫണ്ട് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് കാരുണ്യ പ്രവർത്തനങ്ങൾ എന്ന പേരിൽ വടംവലി മത്സരം സംഘടിപ്പിക്കുന്നതെന്നും 25 ലക്ഷം രൂപയോളം സമാഹരിക്കുക എന്നതുമാണ് ലക്ഷ്യമിട്ടിരിക്കുന്നത് എന്നും കാരുണ്യ പ്രവർത്തനങ്ങൾ ആകുമ്പോൾ ജി എസ് ടി ഉൾപ്പെടെ ഉള്ള നികുതികൾ ഒഴിവാക്കാം എന്ന കണക്കുകൂട്ടലുകളും ഇർക്കുണ്ടെന്നാണ് മറുവിഭാഗം പറയുന്നത്. അരലക്ഷത്തിലധികം രൂപയും ട്രോഫിയും ഒന്നാം സമ്മാനമായി നൽകുന്ന വടംവലി മത്സരം ജില്ലയിലെ തന്നെ മികച്ച വടംവലി മത്സരമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Balal Panchayat President Raju Kattakayam and others were absent from the organizing committee formation meeting of a tug-of-war competition organized by a Congress faction in Balal, Kasaragod. Allegations suggest the event aims to raise funds for group politics and sideline Kattakayam, with involvement of a foreign-controlled cyber team. The church's unilateral permission for the event venue has also sparked controversy.
#CongressPolitics #Groupism #TugofWar #Kasaragod #KeralaPolitics #Controversy