Controversy | വെസ്റ്റ് എളേരി പഞ്ചായത്ത് നടത്തിയ മഴപ്പൊലിമ കാർഷികോത്സവം വിവാദത്തിൽ; അഴിമതിയുണ്ടെന്ന് ആരോപണം
സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (KasargodVartha) വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സി ഡി എസിന്റെയും നേതൃത്വത്തിൽ ചൊവ്വാഴ്ച പുങ്ങംചാൽ കളരിഭഗവതി ക്ഷേത്ര നെൽപ്പാടത്ത് നടത്തിയ മഴപ്പൊലിമ കാർഷികോത്സവം വിവാദമായി. പൊതുജനങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് രൂപ പിരിച്ചെടുത്ത് നടത്തിയ പൊലിമ കുറഞ്ഞ മഴപ്പൊലിമയിൽ വൻ അഴിമതി ഉണ്ടെന്നാണ് ആരോപണം.
25 വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിൽ തിരിച്ചെത്തി കൃഷിയിലേക്ക് തിരിഞ്ഞ മൂന്ന് പേർ ഒരുക്കിയ നെൽപ്പാടത്ത് യാതൊരു വിധ സാമ്പത്തിക ചിലവുമില്ലാതെയാണ് പഞ്ചായത്ത് ഇത്തവണ മഴപ്പൊലിമ നടത്തിയത് എന്നും ഇതിന്റെ പേരിൽ വ്യാപകമായ തോതിൽ പണപ്പിരിവ് നടത്തി എന്നുമാണ് ആക്ഷേപം.
നിരവധി കർഷകർ ഉള്ള പുങ്ങംചാലിൽ 'ചേറാണ് ചോറ്' എന്ന സന്ദേശം ഉയർത്തിക്കാട്ടുന്ന മഴപ്പൊലിമ കാർഷികോത്സവം സംഘടിപ്പിച്ചപ്പോൾ ആരെയും പഞ്ചായത്ത് അംഗം അടക്കമുള്ളവർ ക്ഷണിച്ചില്ലെന്നും പരാതിയുണ്ട്. മുൻ വർഷങ്ങളിൽ വെസ്റ്റ് എളേരി പഞ്ചായത്ത് സംഘടിപ്പിച്ച മഴപ്പൊലിമയ്ക്ക് വൻ ജനപങ്കാളിത്തമുണ്ടായിരുന്നു. രണ്ട് തവണ കമ്മാടത്തും കഴിഞ്ഞ തവണ പുങ്ങംചാലിലും മഴപ്പൊലിമ നടന്നപ്പോൾ രാജ്മോഹൻ ഉണ്ണിത്താൻ എം പി അടക്കമുള്ളവർ പങ്കെടുത്തിരുന്നു.
ഇത്തവണ മഴപ്പൊലിമ നടത്തിയപ്പോൾ പഞ്ചായത്ത് ജീവനക്കാരും ചുരുക്കം ചില മെമ്പർമാരും മാത്രമാണ് പങ്കെടുത്തത്. നാട്ടിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയോ വ്യാപാരി വ്യവസായി, ഓട്ടോ, ടാക്സി പ്രതിനിധികളെയോ പഞ്ചായത്ത് ക്ഷണിച്ചില്ലെന്നാണ് പരാതി. നാടിന്റെ ഉത്സവമാക്കി മാറ്റുന്ന മഴപ്പൊലിമ പൊലിമ കുറച്ച് നടത്തുന്നതിൽ വിയോജിപ്പ് രേഖപ്പെടുത്തി കൊണ്ട് പ്രതിപക്ഷ അംഗങ്ങൾ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആണ് കാര്യങ്ങൾ ഏകപഷീയമായി തീരുമാനിക്കുന്നത് എന്നും പ്രസിഡന്റ് വെറും ഡമ്മിയാണെന്നും പ്രതിപക്ഷ അഗം പറഞ്ഞു. മുൻ വർഷങ്ങളിൽ മഴപ്പൊലിമ നടക്കുന്ന സ്ഥലത്ത് തന്നെയായിരുന്നു ഉച്ചഭക്ഷണം ഉൾപ്പെടെ ഉള്ളവ തയ്യാറാക്കിയിരുന്നത് എന്നും ഇത്തവണ മറ്റൊരു ഏജൻസിക്ക് ഭക്ഷണ കരാർ നൽകുകയായിരുന്നുവെന്നും ഇതിലും വൻ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടാകാമെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
പുങ്ങംചാൽ കളരിഭഗവതി ക്ഷേത്ര നെൽ വയലിൽ നടന്ന മഴപ്പൊലിമ പ്രസിഡന്റ് ഗിരിജ മോഹനൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി സി ഇസ്മാഈൽ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ വി വി രാജീവന്‍ പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ ചെയര്‍പേഴ്സണ്‍ സൗദാമിനി വിജയന്‍, സെക്രട്ടറി പങ്കജാക്ഷന്‍ സി കെ, മെമ്പര്‍മാരായ കെ കെ തങ്കച്ചന്‍, ഇ ടി ജോസ്, ശാന്തികൃപ, ജയിംസ് ടി എ, പ്രമോദ് എന്‍ വി, സി.പി സുരേശന്‍, ബിന്ദു മുരളീധരന്‍, ലിജിന എന്‍ വി എന്നിവര്‍ സംസാരിച്ചു.