നിയമന നിരോധനവും തസ്തിക വെട്ടിച്ചുരുക്കലും; കാർഷിക സർവകലാശാല ജീവനക്കാർ പ്രതിഷേധത്തിലേക്ക്

● 51-ാം സംസ്ഥാന സമ്മേളനം പടന്നക്കാട് കോളേജിൽ.
● 250 ജീവനക്കാരുടെ പ്രതിനിധികൾ പങ്കെടുക്കും.
● സർവകലാശാലയുടെ ജനാധിപത്യ സ്വഭാവം ഇല്ലാതാക്കാനുള്ള ശ്രമം.
● എൽഡിഎഫ് സർക്കാർ നിയമനങ്ങൾ തടയുന്നു.
● 88 തസ്തികകൾ ഇൻചാർജ് വൈസ് ചാൻസലർ റദ്ദാക്കി.
നീലേശ്വരം: (KasargodVartha) അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷന്റെ 51-ാം സംസ്ഥാന സമ്മേളനം മെയ് 16, 17 തീയതികളിൽ പടന്നക്കാട് കാർഷിക കോളേജിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മെയ് 16-ന് കൗൺസിൽ യോഗവും തുടർന്ന് ‘യു.ജി.സി. ഡ്രാഫ്റ്റ് റെഗുലേഷൻ 2025: പ്രശ്നങ്ങളും പ്രതിരോധവും’ എന്ന വിഷയത്തിൽ സെമിനാറും നടക്കും. സിപിഎം കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി അഡ്വ. രാജ്മോഹൻ അധ്യക്ഷത വഹിക്കുന്ന സെമിനാർ സിപിഎം ജില്ലാ സെക്രട്ടറിയും സമ്മേളന രക്ഷാധികാരിയുമായ എം രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് ജോയിന്റ് സെക്രട്ടറി സി.വി ഡെന്നി അഭിവാദ്യം ചെയ്യും. തുടർന്ന് ജീവനക്കാരുടെ വിവിധ കലാപരിപാടികൾ അരങ്ങേറും.
മെയ് 17-ന് നടക്കുന്ന സമ്മേളനത്തിൽ കാർഷിക സർവകലാശാലയുടെ മഞ്ചേശ്വരം മുതൽ ബാലരാമപുരം വരെയുള്ള വിവിധ കേന്ദ്രങ്ങളിൽ നിന്നും 250 ജീവനക്കാരുടെ പ്രതിനിധികൾ പങ്കെടുക്കും. അസോസിയേഷൻ പ്രസിഡണ്ട് എൻ.ആർ.സാജൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനം സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇ.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വി.വി.രമേശൻ സ്വാഗതം പറയുന്ന സമ്മേളനത്തിൽ അധ്യാപക, തൊഴിലാളി, പെൻഷൻ സംഘടനകളുടെ നേതാക്കൾ അഭിവാദ്യം ചെയ്ത് സംസാരിക്കും.
1998-ൽ പടന്നക്കാട് കാർഷിക കോളേജ് രൂപീകൃതമായതിന് ശേഷം ആദ്യമായാണ് സംഘടനയുടെ സംസ്ഥാന സമ്മേളനത്തിന് ആതിഥ്യമരുളുന്നത്. പുതിയ വിത്തിനങ്ങൾ വികസിപ്പിച്ചും നൂതന സാങ്കേതിക വിദ്യകൾ സ്വായത്തമാക്കിയും ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്ക് മുന്നേറാൻ സഹായിക്കുന്ന കാർഷിക സർവ്വകലാശാലയുടെ ലക്ഷ്യങ്ങൾ അധ്യാപനം, ഗവേഷണം, വിജ്ഞാന വ്യാപനം എന്നിവയാണ്.
എന്നാൽ, കേരളത്തിലെ കർഷകർക്കും കർഷകത്തൊഴിലാളികൾ ഉൾപ്പെടുന്ന പൊതുജനങ്ങൾക്കും സഹായകമായി നിലകൊള്ളുന്ന വിവിധ ഗവേഷണ കേന്ദ്രങ്ങൾ ഉദ്യോഗസ്ഥ ഭരണ സൗകര്യത്തിനായി അടച്ചുപൂട്ടണമെന്നും, സർവകലാശാലയുടെ ജനാധിപത്യ സ്വഭാവം ഇല്ലാതാക്കി ഉദ്യോഗസ്ഥ ഭരണ സംവിധാനം കൊണ്ടുവരണമെന്നും, കർഷകർക്ക് ആവശ്യമായ ഗുണമേന്മയുള്ളതും അത്യുൽപാദനശേഷിയുള്ളതുമായ വിത്തിനങ്ങളുടെ രൂപീകരണ പ്രക്രിയയിൽ പിന്തുണ നൽകുന്ന തൊഴിലാളികളുടെയും ജീവനക്കാരുടെയും എണ്ണം പരിമിതപ്പെടുത്തണമെന്നുമാണ് നിലവിലെ നീക്കം. സംസ്ഥാന കൃഷി വകുപ്പിന്റെ കീഴിലുള്ള സ്വയം ഭരണ സ്ഥാപനമാണ് സർവകലാശാല.
2016-ൽ അധികാരത്തിൽ വന്ന എൽ.ഡി.എഫ്. സർക്കാർ പി.എസ്.സി. മുഖേന ഒഴിഞ്ഞുകിടക്കുന്ന മുഴുവൻ തസ്തികകളിലും നിയമനം നടത്തി മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ കാർഷിക സർവകലാശാലയിലാകട്ടെ ഇ-ഓഫീസ് നടപ്പിലാക്കി എന്ന് അവകാശപ്പെട്ടുകൊണ്ട് ഭരണവിഭാഗം തസ്തികകളിലേക്കുള്ള നിയമനം വൈസ് ചാൻസലർ തടഞ്ഞുവെക്കുകയും, തസ്തികകളുടെ ആവശ്യകത സംബന്ധിച്ച് പഠനം നടത്തുന്നതിന് ആജ്ഞാനുവർത്തികൾ അടങ്ങിയ ഒരു കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തിരിക്കുന്നു.
ഈ കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 213-ൽ അധികം തസ്തികകൾ അനാവശ്യമാണെന്ന് കാണിച്ചുകൊണ്ട് വൈസ് ചാൻസലർ ഉത്തരവിറക്കിയെങ്കിലും വിദഗ്ധർ ഉൾപ്പെടാത്ത കമ്മിറ്റിയുടെ നിർദ്ദേശം ഉൾക്കൊണ്ട് ഇറക്കിയ ഉത്തരവ് സർവ്വകലാശാലാ ഭരണ സമിതി (സിൻഡിക്കേറ്റ്) തള്ളിക്കളഞ്ഞിരുന്നു. എന്നാൽ കൃഷിവകുപ്പിലെ അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണർ പദവിയും സെക്രട്ടറി പദവിയും വഹിക്കുന്ന ഇൻചാർജ് വൈസ് ചാൻസലർ, ആ അധികാരമുപയോഗിച്ച് ഇതേ കമ്മിറ്റി റിപ്പോർട്ട് ചൂണ്ടിക്കാണിച്ചുകൊണ്ട് 88 തസ്തികകൾ നിർത്തലാക്കി പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് ചെയ്തത്.
ബിജെപി നയിക്കുന്ന കേന്ദ്രസർക്കാർ, സർവകലാശാലകളുടെ ഭരണം കൈക്കലാക്കാൻ നിയമനിർമ്മാണം നടത്തിക്കൊണ്ടിരിക്കുന്ന വേളയിലാണ്, സർവകലാശാലയെ തന്നെ ഇല്ലാതാക്കാൻ ഇൻചാർജ് ഭരണം കൈയാളുന്ന വൈസ് ചാൻസലർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലാണ്, ഇതിനെ തരണം ചെയ്യുന്നതിന് ആവശ്യമായ നയരൂപീകരണം നടത്തുന്ന സംസ്ഥാന സമ്മേളനം ചേരുന്നത്.
വാർത്താ സമ്മേളനത്തിൽ വി.വി.രമേശൻ, എം.പ്രിയേഷ്, സതീഷ് കുമാർ എം, അജിത്ത്.ജെ, രാജേഷ്.സി.വി, ജിഷ്ണുരാജ് എം.വി. എന്നിവർ പങ്കെടുത്തു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക! ഷെയർ ചെയ്യുക.
Summary: Agricultural University Employees Association organizes a seminar on UGC Draft Regulation 2025 during their state conference. The event will also discuss the alleged move to cut 213 posts and the current administrative issues within the university.
#KeralaAgriculture, #UGCRegulation, #UniversityEmployees, #Padannakkad, #JobCuts, #StateConference