Kejriwal | ജയിലിൽ കീഴടങ്ങിയതിന് പിന്നാലെ കേജ്‌രിവാൾ ജൂൺ 5 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ; മുന്നിൽ ഇനിയെന്ത്?
നേരത്തെ രാജ്ഘട്ടും ഹനുമാൻ ക്ഷേത്രവും സന്ദർശിച്ചിരുന്നു.
ന്യൂഡെൽഹി: (KasargodVartha) 21 ദിവസത്തെ ഇടക്കാല ജാമ്യത്തിൻ്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് ഡൽഹി തിഹാർ ജയിലിൽ എത്തി കീഴടങ്ങിയ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കേജ്‌രിവാളിനെ ഡൽഹി കോടതി ജൂൺ അഞ്ച് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ജയിലിൽ നിന്ന് തന്നെ വീഡിയോ കോൺഫറൻസ് വഴിയാണ് കേജ്‌രിവാളിനെ കോടതിയിൽ ഹാജരാക്കിയത്.
കീഴടങ്ങി ഏകദേശം 30 മിനിറ്റിനുശേഷം, റൂസ് അവന്യൂ കോടതി ജഡ്‌ജ് സഞ്ജീവ് അഗർവാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. സുപ്രീം കോടതി അനുവദിച്ച ഇടക്കാല ജാമ്യത്തിൽ കേജ്‌രിവാൾ പുറത്തിറങ്ങിയിരിക്കെ മെയ് 20ന് ഇഡി ഹർജി സമർപ്പിച്ചിരുന്നു.
ഞായറാഴ്ച വൈകിട്ട് 5 മണിയോടെയാണ് കേജ്‌രിവാൾ തിഹാർ ജയിലിലേക്ക് മടങ്ങിയെത്തിയത്. വാഹന റാലി നയിച്ചായിരുന്നു ജയിലിലേക്ക് പോയത്. നേരത്തെ രാജ്ഘട്ടും ഹനുമാൻ ക്ഷേത്രവും സന്ദർശിച്ചിരുന്നു.
വോട്ടെണ്ണൽ കഴിയുമ്പോൾ കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ ഉണ്ടാകില്ലെന്ന് ജയിലിലേക്ക് മടങ്ങുന്നതിന് മുൻപായി പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് കേജ്‌രിവാൾ പറഞ്ഞു. താൻ പ്രചാരണം നടത്തിയത് എഎപിക്ക് വേണ്ടിയല്ലെന്നും രാജ്യരക്ഷയ്ക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
‘ഞാൻ വീണ്ടും ജയിലിൽ പോകുന്നത് അഴിമതിയിൽ ഉൾപ്പെട്ടതുകൊണ്ടല്ല, സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദമുയർത്തിയതുകൊണ്ടാണ്. സുപ്രീം കോടതി എനിക്ക് 21 ദിവസത്തെ ഇളവ് നൽകി. ഈ 21 ദിവസങ്ങൾ അവിസ്മരണീയമായിരുന്നു. ഒരു മിനിറ്റ് പോലും പാഴാക്കിയില്ല’, അദ്ദേഹം കൂട്ടിച്ചേർത്തു.
കേജ്‌രിവാൾ തിഹാർ ജയിലിൽ എത്തുന്നതിന് മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിരുന്നു. പരിസരത്ത് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. ഭാര്യ സുനിത കേജ്‌രിവാൾ, അതിഷി, കൈലാഷ് ഗഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ് എന്നിവരുൾപ്പെടെ നിരവധി എഎപി നേതാക്കളും കേജ്‌രിവാളിന് ഒപ്പം ഉണ്ടായിരുന്നു. ഇപ്പോൾ റദ്ദാക്കിയ ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണവുമായി ബന്ധപ്പെട്ട് മാർച്ച് 21 നാണ് കേജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്.
ഇനി മുന്നിലെന്ത്?
ഇടക്കാല ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി ജൂൺ അഞ്ചിലേക്ക് വിചാരണക്കോടതി മാറ്റിയിരുന്നു. ഞായറാഴ്ച വിധി പറയണമെന്ന് കെജ്‍രിവാളിന്‍റെ അഭിഭാഷകർ ആവശ്യപ്പെട്ടെങ്കിലും ബുധനാഴ്ചത്തേക്ക് കോടതി ഇത് മാറ്റുകയായിരുന്നു. ഇതോടെയാണ് കേജ്‌രിവാളിന് ജയിലിലേക്ക് മടങ്ങേണ്ടി വന്നത്. ജൂൺ അഞ്ചിന്റെ കോടതി വിധി ഉറ്റുനോക്കുകയാണ് ഏവരും. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലവും കേജ്‌രിവാളിന്റെ ജയിൽവാസത്തെ സ്വാധീനിച്ചേക്കാം.