Relief | ദുരിതങ്ങൾക്കൊടുവിൽ ആശ്വാസ കിരണം; ഭിന്നശേഷിക്കാരുടെ വീട്ടിലേക്കുള്ള റോഡ് തടഞ്ഞതായി കണ്ണീരോടെ അമ്മ; പൊലീസ് സഹായത്തോടെ പുന:സ്ഥാപിക്കാൻ മന്ത്രിയുടെ നിർദേശം
● അദാലത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ഇടപെടലാണ് വഴിമുട്ടിയ റോഡ് പുനഃസ്ഥാപിക്കുന്നതിന് നിർണായകമായത്.
● അദാലത്തിൽ മന്ത്രിയോട് തന്റെ ദുരിതം വിവരിക്കവേ ഗീതയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
● കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള റോഡാണ് ചില വ്യക്തിപരമായ കാരണങ്ങളാൽ തടസ്സപ്പെട്ടിരുന്നത്.
കാസർകോട്: (KasargodVartha) കണ്ണീരിന്റെയും കഷ്ടപ്പാടിന്റെയും അഞ്ചു വർഷങ്ങൾക്കൊടുവിൽ ബന്തടുക്കയിലെ ഗീത പ്രതാപന് ആശ്വാസത്തിന്റെ കിരണം. ഭിന്നശേഷിക്കാരായ തന്റെ രണ്ട് ആൺമക്കൾക്കുവേണ്ടി ഗീത നടത്തിയ തീവ്രമായ പോരാട്ടത്തിന് ഒടുവിൽ ഫലമുണ്ടായി. കാസർകോട് താലൂക്ക് തല 'കരുതലും കൈത്താങ്ങും' അദാലത്തിലാണ് ഗീതയുടെ ദുരിതത്തിന് അറുതിയായത്. അദാലത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ഇടപെടലാണ് വഴിമുട്ടിയ റോഡ് പുനഃസ്ഥാപിക്കുന്നതിന് നിർണായകമായത്.
വർഷങ്ങളായി തടസ്സപ്പെട്ട റോഡ് കാരണം തന്റെ 90 ശതമാനം ഭിന്നശേഷിയുള്ള മകനെ ചുമന്നാണ് ഗീതക്ക് ആശുപത്രിയിൽ കൊണ്ടുപോകേണ്ടി വന്നിരുന്നത്. അദാലത്തിൽ മന്ത്രിയോട് തന്റെ ദുരിതം വിവരിക്കവേ ഗീതയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. '26 വർഷം ഞങ്ങൾ ഉപയോഗിച്ചിരുന്ന റോഡാണ് ഒരു വ്യക്തിയുടെ എതിർപ്പ് കാരണം തടസ്സപ്പെട്ടത്. മക്കളെ ആശുപത്രിയിൽ കൊണ്ടുപോകാൻ വഴിയില്ലാത്തതുകൊണ്ട് സ്വന്തം വീട് അടച്ചിട്ട് ബന്തടുക്ക ടൗണിൽ വാടകയ്ക്ക് താമസിക്കുകയാണ് ഞാൻ', ഗീത വേദനയോടെ പറഞ്ഞു.
തന്റെ 40 വയസ്സുള്ള മൂത്ത മകനെ ചുമലിലേറ്റി കൊണ്ടുപോകുന്ന ചിത്രം മന്ത്രിക്ക് കാണിച്ചപ്പോൾ സദസ്സിലെ കാഴ്ചക്കാരുടെയും കണ്ണ് നനഞ്ഞു.
കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള റോഡാണ് ചില വ്യക്തിപരമായ കാരണങ്ങളാൽ തടസ്സപ്പെട്ടിരുന്നത്. റോഡ് എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നുവെങ്കിലും അത് പാലിക്കപ്പെട്ടില്ല. ഗീതയുടെ ദുരിതാവസ്ഥയും മനുഷ്യാവകാശ കമ്മീഷൻ ഉത്തരവും ശ്രദ്ധയിൽപ്പെട്ട മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, റോഡ് ഉടൻ പുനഃസ്ഥാപിക്കാൻ കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് അടിയന്തര നിർദ്ദേശം നൽകി.
ആവശ്യമെങ്കിൽ ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് പൊലീസിന്റെ സഹായം തേടാനും മന്ത്രി നിർദ്ദേശിച്ചു. 200 മീറ്റർ മാത്രം ദൈർഘ്യമുള്ള ഈ റോഡ് തടസ്സപ്പെട്ടതുമൂലം ഭിന്നശേഷിക്കാരായ കുട്ടികളുടെ കുടുംബം വളരെയധികം ബുദ്ധിമുട്ടിലായിരുന്നുവെന്ന് കാറടുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യുവും മന്ത്രിയെ ധരിപ്പിച്ചു. ഗീതയുടെ 38 വയസുള്ള രണ്ടാമത്തെ മകൻ 50 ശതമാനം ഭിന്നശേഷിയുള്ള ആളാണ്.
അഞ്ചു വർഷത്തെ തന്റെ കഷ്ടപ്പാടിനാണ് അദാലത്തിലൂടെ പരിഹാരമായതെന്ന് ഗീത ആശ്വാസത്തോടെ പറഞ്ഞു. കാസർകോട് മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന അദാലത്തിൽ നിന്ന് മടങ്ങുമ്പോൾ ഗീതയുടെ മുഖത്ത് ആശ്വാസത്തിന്റെ ഒരു പുഞ്ചിരി വിടർന്നിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിന് ഒടുവിൽ തന്റെ പ്രാർത്ഥനക്ക് ഫലമുണ്ടായതിന്റെ സന്തോഷം അവരുടെ വാക്കുകളിൽ പ്രകടമായിരുന്നു.
#GeethaPratap #RoadRestoration #DisabledChildren #Kasaragod #MinistersIntervention #Struggles