അദാനിക്ക് കുടപിടിക്കുന്നോ സർക്കാർ? ചെന്നിത്തലയുടെ ചോദ്യം! 'നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം ഭരണമാറ്റത്തിനുള്ള കേളികൊട്ടാവും'

● എൽഡിഎഫ് ജനദ്രോഹ നയങ്ങൾക്കെതിരെ ജനവിധി.
● ആര്യടൻ ഷൗക്കത്തിന്റെ വിജയം ഉറപ്പെന്ന് ചെന്നിത്തല.
● അദാനിയുടെ കപ്പൽ അപകടത്തിൽ കേസെടുത്തില്ല.
● മുഖ്യമന്ത്രിയുടെ തീരുമാനം അംഗീകരിക്കില്ല.
● മത്സ്യത്തൊഴിലാളികളുടെ ദുരിതം ചൂണ്ടിക്കാട്ടി.
● സർക്കാർ അദാനിക്ക് അനുകൂലമായ നിലപാട്.
കാസർകോട്: (KasargodVartha) നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം കേരളത്തിലെ ഭരണമാറ്റത്തിന് കേളികൊട്ടാവുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു. കാസർകോട് ഡി.സി.സിയിൽ കെ. വെളുത്തമ്പു അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹം മാധ്യമപ്ര പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ വോട്ട് രേഖപ്പെടുത്താൻ ജനങ്ങൾ കാത്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനം ഭരിച്ച് അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിയ സർക്കാരിനെ താഴെയിറക്കണമെന്ന കേരള ജനതയുടെ ആഗ്രഹം ഉൾക്കൊണ്ട് നിലമ്പൂരിലെ വോട്ടർമാർ വിധിയെഴുതുമെന്ന് താൻ വിശ്വസിക്കുന്നതായും ചെന്നിത്തല വ്യക്തമാക്കി.
കേരള തീരത്ത് കപ്പൽ അപകടത്തിൽപ്പെട്ടതും കണ്ടെയ്‌നറുകൾ കടലിൽ പതിച്ചതുമായ സംഭവത്തിൽ കേസെടുക്കേണ്ടെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
അദാനിയുടെ കമ്പനിയുടെ കപ്പൽ അപകടത്തിൽപ്പെട്ടതുകൊണ്ട് അന്വേഷണം വേണ്ടെന്ന മുഖ്യമന്ത്രിയുടെ തീരുമാനം ഒരു കാരണവശാലും അംഗീകരിക്കാൻ സാധ്യമല്ല. കേരള തീരത്തുണ്ടായ ഈ അപകടത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സംസ്ഥാന സർക്കാരിന് ബാധ്യതയില്ലേ എന്നും ചെന്നിത്തല ചോദ്യം ചെയ്തു.
പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാക്കുന്ന ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ അദാനിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Summary: Ramesh Chennithala stated that the Nilambur by-election result will herald a regime change in Kerala. He criticized the state government's decision not to register a case on a ship accident involving an Adani company, questioning their stance.
#KeralaPolitics, #NilamburByElection, #RameshChennithala, #AdaniIssue, #KeralaGovernment, #FishermenRights