യൂത്ത് കോൺഗ്രസിനെ നയിക്കാൻ കരുത്തനായ നേതാവ് വരുന്നു; അബിൻ വർക്കിക്ക് മുൻഗണന
തിരുവനന്തപുരം: (KasargodVartha) കോൺഗ്രസിലെ യുവനേതാക്കൾക്കിടയിലുണ്ടായിട്ടുള്ള ‘പേരുദോഷം’ മാറ്റാൻ ശക്തനായ ഒരു നേതാവിനെത്തന്നെ യൂത്ത് കോൺഗ്രസിൻ്റെ തലപ്പത്ത് കൊണ്ടുവരണമെന്ന ആവശ്യം ശക്തമാവുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പോലുള്ള നേതാക്കൾ പീഡന ആരോപണത്തിൽപ്പെട്ടതോടെയാണ് യൂത്ത് കോൺഗ്രസിന് കരുത്തേകാൻ ശക്തനായ നേതാവ് തന്നെ വേണമെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെടുന്നത്.
കോൺഗ്രസിൻ്റെ യുവ നേതൃത്വങ്ങൾക്കിടയിൽ വലിയ പോരായ്മകളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിന് പിന്നാലെ വി.ടി. ബൽറാമിൻ്റെ കൈപ്പിഴയിൽ സമൂഹമാധ്യമത്തിൽ ഇട്ട പോസ്റ്റ് വിവാദമായതിനെ തുടർന്ന് കെപിസിസിയുടെ സോഷ്യൽ മീഡിയ വിങ് സ്ഥാനമൊഴിയേണ്ടി വന്നു.
ഇങ്ങനെ യുവനേതൃത്വങ്ങൾ വിവാദങ്ങളിൽപ്പെടുന്നത് കെപിസിസി നേതൃത്വത്തിന് വലിയ തലവേദനയായി മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ശക്തനായ ഒരു നേതാവിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി നിയമിക്കാൻ തിരക്കിട്ട ചർച്ചകൾ നടന്നുവരുന്നത്.
നിലവിലെ സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കിക്ക് തന്നെയാണ് സാധ്യത കൂടുതൽ. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഇദ്ദേഹം സർവ്വസമ്മതനുമാണ്. ചില കോൺഗ്രസ് നേതാക്കൾ മറ്റു ചില പേരുകൾ മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും അബിൻ വർക്കിക്ക് തന്നെയാണ് സാധ്യത കൂടുതൽ.
കാരണം, കഴിഞ്ഞവർഷം നടന്ന സംഘടനാ തിരഞ്ഞെടുപ്പിൽ ഒന്നര ലക്ഷത്തിലേറെ വോട്ട് നേടി അബിൻ വർക്കി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഇത് എഐസിസി നേതൃത്വത്തിനുമറിയാം. ഇത് സംബന്ധിച്ച് യൂത്ത് കോൺഗ്രസ് ദേശീയ ഭാരവാഹി കൂടിയായ ശ്രാവൺ റാവു കേരള നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ട്.
അദ്ദേഹം റിപ്പോർട്ട് എഐസിസിക്ക് കൈമാറും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തതിനാൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനെ ഉടൻതന്നെ നിയമിക്കണമെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആവശ്യം.
അതിനിടെ, ചില കോൺഗ്രസ് നേതാക്കൾ സാമുദായിക പ്രാതിനിധ്യം, എ, ഐ എന്നൊക്കെ പറഞ്ഞു രംഗത്തുവരുന്നത് എഐസിസി നേതൃത്വം ഗൗരവത്തിലെടുത്തിട്ടില്ല. കോൺഗ്രസിൽ ഇനി ഗ്രൂപ്പില്ലെന്നാണ് എഐസിസിയുടെ നിലപാട്.
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആര് വരണം? നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ, ഈ വാർത്ത ഷെയർ ചെയ്യൂ.
Article Summary: Abin Varkey is a top contender for Youth Congress President.
#YouthCongress #AbinVarkey #KeralaPolitics #CongressKerala #IndianNationalCongress #PoliticalNews






