Thrikkakara By Election | ഉപതെരഞ്ഞെടുപ്പ്: തൃക്കാക്കരയില്‍ ആം ആദ്മി പാര്‍ടിയും ട്വന്റി20യും ചേര്‍ന്ന് പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്തും
കൊച്ചി: (www.kasargodvartha.com) തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ടിയും (എഎപി) ട്വന്റി20യും ചേര്‍ന്ന് പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്തും. ട്വന്റി20 ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരു കൂട്ടര്‍ക്കും സ്വീകാര്യനായ സ്ഥാനാര്‍ഥിയെ അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കും.
ഇതോടെ തൃക്കാക്കരയില്‍ എഎപിയും ട്വന്റി20യും ചേര്‍ന്നു ബദല്‍ ശക്തിയായി മാറുമെന്നും സാബു എം ജേക്കബ് പറഞ്ഞു. ദേശീയ തലത്തില്‍ ഭരണമികവു തെളിയിച്ച എഎപിയുമായുള്ള സഖ്യം എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ക്കു ബദലാകും. ചിഹ്നം പിന്നീട് തീരുമാനിക്കും. അല്ലാതെ ട്വന്റി20യുടെ സ്ഥാനാര്‍ഥിയെ നിര്‍ത്തണം, എഎപിയുടെ സ്ഥാനാര്‍ഥിയെ നിര്‍ത്തണം എന്നൊന്നും ഉള്ള താല്‍പര്യങ്ങളില്ല.
അണികളുടെ വികാരവും അതാണ്. സ്ഥാനാര്‍ഥി വിജയിക്കുക എന്നതിനാണ് മുന്‍ഗണനയെന്നും സാബു എം ജേക്കബ് പറഞ്ഞു. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡെല്‍ഹിയില്‍ നിന്നുള്ള എഎപി സംഘം കൊച്ചിയില്‍ ക്യാംപ് ചെയ്യുന്നുണ്ട്. ട്വന്റി20യുമായി അവര്‍ ചര്‍ചകള്‍ നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Kochi, News, Kerala, By-election, Top-Headlines, Election, Politics, Aam Aadmi Party and Twenty20 for alliance in Thrikkakara By Election.