ചീമേനിയില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിനൊരുങ്ങി 35 സി പി എം കുടുംബങ്ങള്‍
ചീമേനി: (www.kasargodvartha.com 28.11.2020) സി പി എം ശക്തി കേന്ദ്രമായ ചീമേനിയില്‍ പാര്‍ടി പ്രാദേശിക നേതാക്കള്‍ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളുമായി പാര്‍ടി അംഗങ്ങളായ 35 ഓളം കുടുംബങ്ങള്‍ രംഗത്ത് വന്നത് സി പി എം നേതൃത്വത്തിന് തലവേദനയാകുന്നു.
കാര്‍ഷിക മേഖലയായ ചീമേനി ചള്ളുവക്കോട് പ്രദേശത്ത് കൂടി ഗെയില്‍ പൈപ് ലൈന്‍ വലിച്ച വകയില്‍ കിട്ടേണ്ട നഷ്ടപരിഹാരം ലഭിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ചീമേനിയില്‍ പാര്‍ടി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിനൊരുങ്ങുന്നത്.
തങ്ങളുടെ പ്രശ്‌നങ്ങളില്‍ പാര്‍ടി നേതാക്കള്‍ ശ്രദ്ധിക്കുന്നില്ലെന്നും തങ്ങളുടെ കൂടെ നില്‍ക്കേണ്ട നേതാക്കള്‍ ഗെയില്‍ അധികൃതരുമായി നീക്കുപോക്കുകള്‍ നടത്തിയെന്നുമാണ് സമരസമിതിക്കാര്‍ ആരോപിക്കുന്നത്.
ചീമേനി പഞ്ചായത്തിലെ 12ാം വാര്‍ഡായ ചള്ളുവക്കോട് നിന്നാണ് പാര്‍ടിക്കെതിരെ കടുത്ത ആരോപണങ്ങളുമായി 35 ഓളം കുടുംബങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണ ആഹ്വാനം നടത്തിയിട്ടുള്ളത്.
ചള്ളുവക്കോട് പ്രദേശത്ത് കൂടി 2012 ല്‍ ഗെയില്‍ പൈപ് ലൈന്‍ നിര്‍മാണം തുടങ്ങിയ ഘട്ടത്തില്‍ തന്നെ പ്രദേശവാസികള്‍ സമരസമിതി രൂപീകരിച്ച് അധികൃതരോട് മതിയായ നഷ്ട പരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഒന്നാം ഘട്ടമായി 2013 ല്‍ ചെറിയ തുക ലഭിച്ചതല്ലാതെ മറ്റൊന്നും ഇവര്‍ക്ക് ലഭിച്ചിരുന്നില്ല.
രണ്ടാം ഘട്ടമായി ലഭിക്കേണ്ട തുക ലഭിക്കാത്തതിനെ തുടര്‍ന്ന് വീണ്ടും അധികൃതര്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
2014ല്‍ സി പി എം പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് കേസിന് പോവുകയും ചെയ്തിരുന്നു. എന്നാല്‍ ആക്ഷന്‍ കമ്മറ്റി ഭാരവാഹികളായ പ്രാദേശിക നേതാക്കള്‍ ഗെയിലില്‍ ജോലി നേടുകയും തങ്ങളറിയാതെ കേസുകള്‍ പിന്‍വലിക്കുകയും നാട്ടുകാരെ വഞ്ചിക്കുകയും ചെയതതായാണ് നിലവിലെ സമരസമിതി നേതാക്കള്‍ പറയുന്നത്.
തെരഞ്ഞെടുപ്പ് മുന്നിലെത്തി നില്‍ക്കുമ്പോള്‍ പാര്‍ടി കേന്ദ്രത്തില്‍ നിന്ന് തന്നെ നേതൃത്വത്തിനെതിരെ അണികളുടെ പ്രതിഷേധം ഉയര്‍ന്നു വന്നത് സി പി എമ്മിനെ അലോസരപ്പെടുത്തുകയാണ്.
Keywords: Kasaragod, Kerala, Cheemeni, Political party, Politics, CPM, Family, 35 CPM families prepare for boycott in Cheemeni