city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാണിയൂര്‍ പാതക്കുവേണ്ടി രണ്ട് കമ്മിറ്റികള്‍; സി പി എമ്മിലും വ്യാപാരസംഘടനയിലും വിവാദം

കാഞ്ഞങ്ങാട്: (www.kasargodvartha.com 27.11.2017) കാണിയൂര്‍ പാതക്കുവേണ്ടി രണ്ടുകമ്മിറ്റികള്‍ നിലവില്‍ വന്നത് സി പി എമ്മിലും വ്യാപാരസംഘടനയിലും വിവാദത്തിനിടയാക്കി. കാഞ്ഞങ്ങാട് കാണിയൂര്‍ റെയില്‍വേ പാത യാഥാര്‍ത്ഥ്യമാക്കാന്‍ കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് നിലവിലുള്ള ആക്ഷന്‍ കമ്മിറ്റിക്കു പുറമേ പി കരുണാകരന്റെ നേതൃത്വത്തില്‍ മറ്റൊരു ആക്ഷന്‍ കമ്മിറ്റിയും നിലവില്‍ വന്നു.

നിലവിലുള്ള കമ്മിറ്റിയും പുതുതായി രൂപംകൊണ്ട കമ്മിറ്റിയും മുഖ്യമന്ത്രിയെ കാണുമെന്ന് വെവ്വേറെ പത്ര പ്രസ്താവനയും ഇറക്കിയതോടെ സംഭവം സി പി എമ്മിലും കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേനിലും വിവാദമുയര്‍ത്തുകയായിരുന്നു. 2007-08 വര്‍ഷത്തെ കേന്ദ്ര റെയില്‍വേ ബജറ്റില്‍ ഇടം നേടിയ കാണിയൂര്‍ പാതയുടെ സര്‍വ്വേ നടപടികള്‍ 2015 ല്‍ പൂര്‍ത്തിയാക്കിയിരുന്നു. 1300 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. ഇതില്‍ 50 ശതമാനം കേരള കര്‍ണ്ണാടക സര്‍ക്കാരുകളും ബാക്കി തുക കേന്ദ്ര റെയില്‍വേ വകുപ്പുമാണ് വഹിക്കേണ്ടത്. തികച്ചും ലാഭകരമെന്ന് കണ്ടെത്തിയ പദ്ധതി റിപ്പോര്‍ട്ട് ചെന്നൈ റെയില്‍വേ ദക്ഷിണ മേഖല ജനറല്‍ മാനേജരുടെ ഓഫീസില്‍ പൊടിപിടിച്ച് കിടപ്പുണ്ട്.
സംസ്ഥാന സര്‍ക്കാറിന്റെ സമ്മതപത്രം കൈമാറാത്തതുകൊണ്ടാണ് പദ്ധതി നടപ്പിലാവാത്തതെന്നാണ് ആരോപണം. കാണിയൂര്‍ പാതക്കുവേണ്ടി സിപിഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ. പി അപ്പുക്കുട്ടന്‍ ചെയര്‍മാനും മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡണ്ട് സി യൂസഫ് ഹാജി കണ്‍വീനറുമായി കാഞ്ഞങ്ങാട്ട് ആക്ഷന്‍ കമ്മിറ്റി നിലവിലുണ്ട്.

ബിജെപി ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്‍, കെപിസിസി അംഗം അഡ്വ. എം സി ജോസ്, ജനതാദള്‍ ജില്ലാ പ്രസിഡണ്ട് എ വി രാമകൃഷ്ണന്‍, മുസ്ലിംലീഗ് നേതാക്കളായ എ ഹമീദ് ഹാജി, സി മുഹമ്മദ്കുഞ്ഞി, സിപിഐ എക്സിക്യൂട്ടീവ്  അംഗം ബങ്കളം കുഞ്ഞികൃഷ്ണന്‍, പൊതുപ്രവര്‍ത്തകരായ ടി മുഹമ്മദ് അസ്ലം,  കുഞ്ഞിക്കണ്ണന്‍ കക്കാണത്ത്, കെ വി സുരേഷ്ബാബു, എം വിനോദ്, എം കുഞ്ഞികൃഷ്ണന്‍ തുടങ്ങി ജില്ലയിലെ മിക്ക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പൊതുപ്രവര്‍ത്തകരും കര്‍മ്മസമിതി അംഗങ്ങളാണ്. ഇവര്‍ ഒട്ടേറെ തവണ കേരള-കര്‍ണാടക മുഖ്യമന്ത്രിമാരെയും കേന്ദ്ര റെയില്‍വേ മന്ത്രിയെയും നേരില്‍ക്കണ്ടു.

യാത്രാചെലവും മറ്റും വഹിച്ചത് മുഴുവന്‍ കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേഷനുമാണ്. ഇവരുടെ യോഗം അഡ്വ. പി അപ്പുക്കുട്ടന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് മുഖ്യമന്ത്രിയെയും ബന്ധപ്പെട്ട മന്ത്രിമാരെയും വീണ്ടും കാണാന്‍ തീരുമാനിച്ചത് കഴിഞ്ഞ ആഴ്ചയാണ്. ഇതിനു ശേഷം കഴിഞ്ഞ ദിവസം പൂടംകല്ല് സര്‍വ്വീസ് ബാങ്ക് ഹാളിലാണ് പി കരുണാകരന്‍ എംപിയുടെ നേതൃത്വത്തില്‍ മറ്റൊരു കര്‍മ്മസമിതി യോഗം ചേര്‍ന്നത്.  കാണിയൂര്‍പാതക്കു വേണ്ടി പി കരുണാകരന്‍ എംപി ചെയര്‍മാനും, നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ കണ്‍വീനറുമായി ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചു.

അടുത്തമാസം എട്ടിന് മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് പ്രശ്നത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കാനാണ് എംപിയുടെ നേതൃത്വത്തിലുള്ള കര്‍മ്മസമിതിയുടെ തീരുമാനം. പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം ചെയര്‍മാനായ കര്‍മ്മസമിതി നിലവിലിരിക്കെ ഒരേ ആവശ്യത്തിനു വേണ്ടി പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗമായ എംപിയുടെ നേതൃത്വത്തില്‍ മറ്റൊരു കര്‍മ്മസമിതിയും നിലവില്‍ വന്നത് സിപിഎമ്മില്‍ വിവാദമായിട്ടുണ്ട്.
നാളിതുവരെ പണം ചെലവഴിച്ച് കര്‍മ്മസമിതി നിലനിര്‍ത്തിയ മര്‍ച്ചന്റ്കാരെയും കേന്ദ്ര ഭരണകക്ഷിയായ ബിജെപിയെയും സംസ്ഥാന പ്രതിപക്ഷമായ കോണ്‍ഗ്രസിനെയും പടിക്ക് പുറത്ത് നിര്‍ത്തിയാണ് എംപിയുടെ പുതിയ കര്‍മ്മസമിതി നിലവില്‍ വന്നിട്ടുള്ളത്. ഒടയംചാലില്‍ ചേര്‍ന്ന രൂപീകരണ യോഗത്തില്‍ അപ്പുക്കുട്ടനും, യൂസഫ് ഹാജിയും, മുഹമ്മദ് അസ്ലമും പങ്കെടുത്തിരുന്നുവെങ്കിലും ഇവരെ നോക്കുകുത്തികളാക്കിയാണ് സമാന്തര കര്‍മ്മസമിതി നിലവില്‍ വന്നത്.

ഇതിനിടെ കാണിയൂര്‍ റെയില്‍പ്പാത സംസ്ഥാന സര്‍ക്കാറിന്റെ അവഗണനക്കെതിരെ പ്രചരണ ജാഥ നടത്താന്‍ ബിജെപി നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഡിസംബര്‍ 3,4 തീയ്യതികളിലാണ് ജാഥ.
കാണിയൂര്‍ പാതക്കുവേണ്ടി രണ്ട് കമ്മിറ്റികള്‍; സി പി എമ്മിലും വ്യാപാരസംഘടനയിലും വിവാദം


Keywords: Kasaragod, Kerala, news, Kanhangad, CPM, Committee, Politics, 2 committee for Kaniyoor way in CPM

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia