Plus One | കാസർകോട്ട് 18 അധിക പ്ലസ് വണ്‍ ബാച്ച്: വിദ്യാർഥികളുടെ ആശങ്ക അകന്നതായി സിപിഎം
18 സർക്കാർ സ്‌കൂളുകളിലായാണ് ബാച്ചുകൾ താൽക്കാലികമായി അനുവദിച്ചത്
കാസർകോട്: (KasargodVartha) സർക്കാർ മേഖലയിൽ ജില്ലയിൽ 18 അധിക പ്ലസ് വൺ ബാച്ച് അനുവദിച്ചതിലൂടെ വിദ്യാർഥികൾക്കുണ്ടായ എല്ലാത്തരം ആശങ്കയും അകന്നതായി സിപിഎം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ പ്രസ്‌താവനയിൽ പറഞ്ഞു.
നിലവിൽ തുടർ പഠനത്തിന് 18,505 ഹയർസെക്കൻഡറി സീറ്റ് ജില്ലയിലുണ്ടെങ്കിലും മഞ്ചേശ്വരം ഭാഗത്ത് ചില പരാതികൾ ഉയർന്നിരുന്നു. അതുപരിഹരിക്കാനാണ് സർക്കാർ അടിയന്തിരമായി ഇടപെട്ടത്. പൊതുവിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനത്തും ജില്ലയിലും ലോകോത്തരമായ മുന്നേറ്റമാണ് എൽഡിഎഫ് സർക്കാരിന്റെ ഇടപെടലിൽ ഉണ്ടായത്.
അതിന് കൂടുതൽ കരുത്ത് പകരാൻ പരാതിയില്ലാത്ത തുടർ വിദ്യഭ്യാസ സൗകര്യങ്ങളിലൂടെ കഴിയുമെന്നും എം വി ബാലകൃഷ്‌ണൻ പറഞ്ഞു. കാസർകോട് ജില്ലയിൽ 18 സർക്കാർ സ്‌കൂളുകളിലായാണ് 18 ബാച്ചുകൾ താൽക്കാലികമായി അനുവദിച്ചത്. ഒരു സയന്‍സ് ബാച്ചും നാല് ഹ്യൂമാനിറ്റീസ് ബാച്ചുകളും 13 കൊമേഴ്‌സ് ബാച്ചുകളുമാണ് അനുവദിച്ചിരിക്കുന്നത്.