Defection | തുളുനാട്ടിൽ പാർടിക്ക് അടിത്തറയുണ്ടാക്കാൻ പരിശ്രമം നടത്തുന്നതിനിടെ സിപിഎമ്മിനെ ഞെട്ടിച്ച് നേതാക്കളും അനുഭാവികളുമടക്കം 12 പേർ കോൺഗ്രസിൽ ചേർന്നു

● ഫാറൂഖ് ഷിറിയയുടെ നേതൃത്വത്തിലാണ് കൂടുമാറ്റം.
● ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ ഷാൾ അണിയിച്ച് സ്വീകരിച്ചു.
● കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
കാസർകോട്: (KasargodVartha) തുളുനാട്ടിൽ പാർടിക്ക് അടിത്തറയുണ്ടാക്കാൻ പരിശ്രമം നടത്തുന്നതിനിടെ സിപിഎമ്മിനെ ഞെട്ടിച്ച് 12 നേതാക്കൾ കോൺഗ്രസിൽ ചേർന്നു. സിപിഎം മഞ്ചേശ്വരം മുൻ ഏരിയ കമ്മിറ്റി മെമ്പറും മുൻ കെ എസ് കെ ടി യു ഏരിയ സെക്രട്ടറിയും നിലവിൽ സി ഐ ടി യു ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ടുമായ ഫാറൂഖ് ഷിറിയയുടെ നേതൃത്വത്തിൽ സിപിഎം നേതാക്കളും അനുഭാവികളുമാണ് കോൺഗ്രസ് പാർടിയിൽ ചേർന്നത്.
ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വെച്ച് ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ ഷാൾ അണിയിച്ച് ഇവരെ സ്വീകരിച്ചു. വർഷങ്ങളോളം മുട്ടം ബ്രാഞ്ച് സെക്രട്ടറിയും ബന്തിയോട് ലോക്കൽ സെക്രട്ടറിയുമായിരുന്ന അശ്റഫ് മുട്ടം, കുമ്പള ആരിക്കാടി പി.കെ നഗർ ബ്രാഞ്ച് സെക്രട്ടറിയും ബംബ്രാണ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന ലത്തീഫ് പി കെ നഗർ, ബന്തിയോട് മുട്ടം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന റിയാസ് ആലക്കോട്, പാർട്ടി മെമ്പറും അനുഭാവികളുമായ ഡി ബഷീർ, ജാവേദ് മുട്ടം, ലത്തീഫ് ഷിറിയ, മുഹമ്മദ് യൂസഫ് ഓണന്ത, ജഅഫർ തങ്ങൾ, അബ്ദുള്ള പച്ചമ്പള, മുഹമ്മദ് മെർക്കള എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്.
കൊലപാതക രാഷ്ട്രീയം നടപ്പാക്കിയും കൊലപാതക കുറ്റത്തിന് കോടതി ശിക്ഷിക്കപ്പെട്ട കുറ്റവാളികൾക്ക് സംരക്ഷണമൊരുക്കുകയും ചെയ്യുന്ന സിപിഎം നടപടിയിൽ പ്രതിഷേധിച്ചും മതേതര ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസ് നയത്തിൽ ആകൃഷ്ടരായുമാണ് ഇവർ പാർട്ടിയിൽ ചേർന്നതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ഡിസിസി ഓഫീസിൽ നടന്ന ചടങ്ങിൽ സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി, ഡിസിസി സെക്രട്ടറിമാരായ എംസി പ്രഭാകരൻ, സോമശേഖര ഷേണി, എം കുഞ്ഞമ്പു നമ്പ്യാർ, ഗീതാകൃഷ്ണൻ, നേതാക്കളായ ഡിഎംകെ മുഹമ്മദ്, മഞ്ജുനാഥ ആൽവ, എം രാജീവൻ നമ്പ്യാർ, മനാഫ് നുള്ളിപ്പാടി, ലക്ഷ്മണപ്രഭു, മൻസൂർ കണ്ടത്തിൽ, എ കെ ശശിധരൻ, ഉസ്മാൻ അണങ്കൂർ എന്നിവർ സംബന്ധിച്ചു.
മഞ്ചേശ്വരം ഏരിയയിൽ പാർട്ടിയുടെ അടിത്തറ കെട്ടിപ്പടുക്കാൻ നേരത്തേ പെരിയ കേസിൽ ശിക്ഷിക്കപ്പെട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ മുൻ എംഎൽഎ കെ വി കുഞ്ഞിരാമനായിരുന്നു ഏരിയാ സെക്രട്ടറിയുടെ ചുമതല നൽകിയിരുന്നത്. ഇക്കഴിഞ്ഞ സി പി എം സമ്മേളനത്തിൽ ജില്ലാ കമ്മറ്റി അംഗമായ വിവി രമേശനെയാണ് ഏരിയാ സെക്രട്ടറിയാക്കിയിരിക്കുന്നത്. ഇതിനിടെയിലാണ് പാർട്ടിക്കുള്ളിൽ നിന്നും ഏതാനും പേർ ചോർന്നു പോയിരിക്കുന്നത്.
#KeralaPolitics, #CPM, #Congress, #Kasaragod, #Defection, #PKFaisal