city-gold-ad-for-blogger

പ്രാര്‍ത്ഥനകള്‍ക്കിടയില്‍ ഹംസ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി

കാസര്‍കോട്: (www.kasargodvartha.com 14.08.2014) മാരകരോഗം പിടിപെട്ട് ചികിത്സയില്‍ കഴിയുകയായിരുന്ന ഹംസ (38) മരണത്തിന് കീഴടങ്ങി. വ്യാഴാഴ്ച വൈകിട്ടാണ് മംഗലാപുരത്തെ എ.ഐ.ഒ ആശുപത്രിയില്‍ വെച്ച് ഹംസ മരിച്ചത്.

ഏതാനും ദിവസം മുമ്പ് റേഡിയേഷന് വേണ്ടിയാണ് മൊഗ്രാല്‍ സ്വദേശിയായ ഹംസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയതിന് ശേഷം ബന്ധുക്കളോടും മറ്റും ഹംസ സംസാരിച്ചിരുന്നു. പിന്നീട് രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

ചികിത്സയ്ക്ക് വകയില്ലാതെ ഹംസ ദുരിതം തിന്ന് ജീവിക്കുന്ന കഥ കാസര്‍കോട് വാര്‍ത്ത നേരത്തെ റിപോര്‍ട്ട് ചെയ്തിരുന്നു. സുമനസ്സുകളുടെ സഹായത്താല്‍ ലഭിച്ച തുകയുമായാണ് മംഗലാപുരത്തെ ആശുപത്രിലേക്ക് ചികിത്സയ്ക്കായി പോയത്. രണ്ടു വര്‍ഷം മുമ്പാണ് അസുഖം പിടികൂടുന്നത്. മറവി, തല കറങ്ങി വീഴല്‍, ഛര്‍ദി എന്നിവയായിരുന്നു തുടക്കം. കാസര്‍കോട് ജനറല്‍ ആശുപത്രിയിലും സ്വകാര്യാശുപത്രികളിലും നടത്തിയ പരിശോധനകളില്‍ ബ്രെയിന്‍ ട്യൂമറാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മംഗലാപുരം വെന്‍ലോക് ആശുപത്രിയില്‍ ചികിത്സ തേടി. അതിനു ശേഷം വിവിധ ഘട്ടങ്ങളിലായി മംഗലാപുരം യേനപ്പോയ മെഡിക്കല്‍ കോളജില്‍ ഡോ. രജ്‌നേഷ് മിസ്രയുടെ കീഴില്‍ ആറ് ഓപ്പറേഷനു വിധേയനായി.

ഏഴാമത്തെ ഓപ്പറേഷന് വിധേയനാകുന്നതിന് മുമ്പ് നടത്തേണ്ടിയിരുന്ന റേഡിയേഷന്‍ ചികിത്സ കഴിഞ്ഞ ഉടനെയായിരുന്നു ഹംസ യാത്രയായത്. ഭാര്യയും പറക്കമുറ്റാത്ത മൂന്നു കുട്ടികളുടെയും ഏക അത്താണിയായിരുന്ന ഹംസയുടെ മരണം കുടുംബത്തെ അനാഥാക്കി. തല ചായ്ക്കാന്‍ സ്വന്തമായി ഒരു വീടില്ലാത്തതും, മകന്‍ മുഹമ്മദ് ഹൈറാഫിന് പിടിപെട്ട അസുഖവും ഹംസയെ പാടേ തളര്‍ത്തിയിരുന്നു. രോഗം മൂലം ഹംസയ്ക്കും ജോലിക്കൊന്നും പോകാന്‍ കഴിഞ്ഞിരുന്നില്ല.

നായന്മാര്‍മൂല പടിഞ്ഞാര്‍മൂലയിലെ വാടക ക്വാര്‍ട്ടേഴ്‌സിലായിരുന്നു ഹംസയും കുടുംബവും താമസിച്ചിരുന്നത്. മുഹമ്മദ് ഹൈറാഫിന് അര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞതോടെ ഹംസയും കുടുംബവും തീരാദുഃഖത്തിലായി. ഇതിനോടകം തന്നെ ഹംസയുടെ ചികിത്സയ്ക്കായി ആറു ലക്ഷം രൂപ ചിലവായി.

മൊഗ്രാലിലെ പരേതനായ ഹസൈനാറിന്റെയും ഖൈറുന്നിസയുടെയും മകനായ ഹംസ ഏറെക്കാലം കര്‍ണാടകയിലായിരുന്നു. ഭാര്യ കൗസര്‍ ബാനു പ്രസവ ശുശ്രൂഷയ്ക്കും, വീട്ടു ജോലിക്കും പോകുന്നതില്‍ നിന്നു ലഭിക്കുന്ന വരുമാനം കൊണ്ടാണ് വീട്ടില്‍ അടുപ്പു പുകഞ്ഞിരുന്നത്. ഹംസയുടെ ദുരിത കഥ വായിച്ച വായനക്കാര്‍ നല്‍കിയ സഹായങ്ങള്‍ക്ക് നന്ദിപൂര്‍വ്വം ഹംസ സ്മരിക്കുകയും അവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതായി ചികിത്സയ്ക്കിടെ അറിയിക്കുകയും ചെയ്തിരുന്നു. അഭ്യുദയകാംക്ഷികളുടെയും ബന്ധുക്കളുടെയുമെല്ലാം പ്രാര്‍ത്ഥനക്കിടയില്‍ ഭാര്യയെയും നാല് വയസുകാരനായ മുഹമ്മദ് ഹൈറാഫ്, ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് നിയാസ്, ഫാത്വിമത്ത് ഫലക് എന്നിവരെയും അനാഥരാക്കി വിധി ഹംസയെ മരണത്തിന് കീഴടക്കുകയായിരുന്നു.

മൃതദേഹം നായന്മാര്‍മൂല ഐ.ടി.ഐ റോഡിലെ ഖത്തര്‍ ക്വാര്‍ട്ടേഴ്‌സില്‍ ഭാര്യയുടെ മാതാവ് താമസിക്കുന്ന മുറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

പ്രാര്‍ത്ഥനകള്‍ക്കിടയില്‍ ഹംസ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി

Also Read: 
മാരക രോഗത്തിനു 7ാം ശസ്ത്രക്രിയയ്‌ക്കൊരുങ്ങുന്ന ഹംസയ്ക്ക് ഉദാരമതികളുടെ സഹായ ഹസ്തം

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia