Obituary | കാറും സ്‌കൂടറും കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ പൂച്ചക്കാട് വെച്ചായിരുന്നു അപകടം
ഉദുമ: (KasargodVartha) കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ പൂച്ചക്കാട് വെച്ചുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉദുമ പള്ളം തെക്കേക്കര ശ്രീലയത്തിലെ പ്രവാസിയായ ചെണ്ട ഗോപാലൻ - സുജാത ദമ്പതികളുടെ മകൻ ടി കെ അഭിഷേക് (19) ആണ് മരിച്ചത്.
കഴിഞ്ഞ നാലാം തീയതി രാവിലെ പതിനൊന്നോടെ സുഹൃത്തായ ടി എസ് സയഞ്ജിത്തിനൊപ്പം കാഞ്ഞങ്ങാട്ടേക്ക് പോകവെയാണ് അപകടം സംഭവിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂടറിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു.
സാരമായ പരുക്കേറ്റ അഭിഷേക് മംഗ്ളൂറിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ശനിയാഴ്ച രാത്രി മരണപ്പെട്ടത്. സുഹൃത്ത് ടി എസ് സയഞ്ജിത്തിനും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. നിതീഷ് (ദുബൈ), ലയ (ഉദുമ ജി എച് എസ് എസ് പത്താം തരം വിദ്യാർഥിനി) എന്നിവരാണ് അഭിഷേകിന്റെ സഹോദരങ്ങൾ.