Obituary | എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ ശാഹുൽ ഹമീദ് കളനാട് വിടവാങ്ങി
● ഏറെ വർഷം ചന്ദ്രിക പത്രത്തിൻ്റെ ഉദുമ ലേഖകനായിരുന്നു.
● പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കളനാടൻ എന്ന തൂലിക നാമത്തിൽ നിരവധി ലേഖനങ്ങൾ എഴുതിയിരുന്നു.
● കളനാട് ജമാഅതിന് കീഴിലുള്ള വിദ്യാഭ്യാസ സമിതി ഭാരവാഹിയായിരുന്നു.
ഉദുമ: (KasargodVartha) ആദ്യകാല പത്രപ്രവർത്തകനും എഴുത്തുകാരനും ചിന്തകനും സാമൂഹിക-സാംസ്കാരിക പ്രവർത്തനുമായിരുന്ന ക്യാപിറ്റോൾ ശാഹുൽ ഹമീദ് കളനാട് (72) നിര്യാതനായി. ഏറെ വർഷം ചന്ദ്രിക പത്രത്തിൻ്റെ ഉദുമ ലേഖകനായിരുന്നു. പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കളനാടൻ എന്ന തൂലിക നാമത്തിൽ നിരവധി ലേഖനങ്ങൾ എഴുതിയിരുന്നു.
ഉദുമക്കാർ കൂട്ടായ്മ, ബേക്കൽ ടൂറിസം ഫ്രറ്റേർണിറ്റി, എയിംസ് ജനകീയ കൂട്ടായ്മ, കാസർകോട് മെഡികൽ കോളജ് കൂട്ടായ്മ, വിദ്യാനഗർ കോലായ് എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു. കളനാട് ജമാഅതിന് കീഴിലുള്ള വിദ്യാഭ്യാസ സമിതി ഭാരവാഹിയായിരുന്നു. സൗമ്യ സ്വഭാവവും പൊതുപ്രവർത്തന മനോഭാവവും കൊണ്ട് എല്ലാവരുടെയും സ്നേഹം നേടിയിരുന്നു. എഴുത്തിന്റെ മേഖലയിൽ പതിറ്റാണ്ടുകളായുള്ള പ്രവർത്തനത്തിന് ഇക്കഴിഞ്ഞ ജൂണിൽ കാസർകോട് വാർത്ത അദ്ദേഹത്തെ ആദരിച്ചിരുന്നു.
അസുഖത്തെ തുടർന്ന് കാസർകോട്ടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശാഹുൽ ഹമീദ് തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയാണ് വിടവാങ്ങിയത്. ഉദുമ പാക്യാരയിലെ അബ്ദുർ റഹ്‌മാൻ ഹാജി - കുഞ്ഞിബി ദമ്പതികളുടെ മകനാണ്. ഭാര്യ: കളനാട്ടെ പരേതനായ സിംഗപ്പൂർ മുഹമ്മദ് കുഞ്ഞി ഹാജിയുടെ മകൾ എം എ സൈനബ്. മക്കൾ: ശഹനവാസ് (ദുബൈ), ശനീദ് (ജപാൻ), ശമീന, ശംസീന, ശർവീന. മരുമക്കൾ: താരീഖ്, ശരീഫ്, റംസീന, സീനത്.
സഹോദരങ്ങൾ: അബ്ദുല്ലക്കുഞ്ഞി ഹാജി (സിംഗപ്പൂർ), ഉബൈദ് ക്യാപിറ്റോൾ, സുഹ്റ, പരേതരായ ക്യാപിറ്റോൾ മുഹമ്മദ് കുഞ്ഞി ഹാജി (ആദ്യകാല ക്യാപിറ്റോൾ ബസ് ഉടമ), നഫീസ, ആഇശ ബീവി, റുഖിയാ ബീവി. മൃതദേഹം കളനാട് ബസ് സ്റ്റാൻഡിന് പിറകുവശത്തെ (ചട്ടഞ്ചാൽ റോഡ്) തറവാട് വീട്ടിൽ പൊതു ദർശനത്തിന് വെച്ചിട്ടുണ്ട്. ഖബറടക്കം തിങ്കളാഴ്ച വൈകീട്ട് 3.30 മണിയോടെ കളനാട് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.
#ShahulHameedKalnad #MalayalamWriter #Journalist #SocialActivist #Obituary #RIP