city-gold-ad-for-blogger

വീടുവിട്ട മക്കളെ ഒരു നോക്കു കാണാനായി 33 വര്‍ഷത്തെ കാത്തിരിപ്പ്; ഒടുവില്‍ അന്നമ്മച്ചേട്ടത്തി കണ്ണടച്ചു

കാസര്‍കോട്: (www.kasargodvartha.com 05.08.2018) 33 വര്‍ഷം മുമ്പ് വീടുവിട്ട മക്കളെ കാത്തിരിക്കാന്‍ ഇനി അന്നമ്മച്ചേട്ടത്തിയില്ല. വെസ്റ്റ് എളേരി പഞ്ചായത്തിലെ അടുക്കളംപാടി തടത്തില്‍ അന്നമ്മ ചേട്ടത്തിയാണ് മരണപ്പെട്ടത്. 33 വര്‍ഷമാണ് വീടുവിട്ട ജോണിക്കുട്ടിയെയും വിന്‍സന്റിനെയും കാത്ത് ഇവര്‍ കഴിഞ്ഞുകൂടിയിരുന്നത്. 11 മക്കളുള്ള അന്നമ്മയുടെ മൂത്തമകനാണ് ജോണി. രണ്ടാമത്തെ മകനാണ് വിന്‍സെന്റ്.

അന്നമ്മയുടെ ഭര്‍ത്താവ് കുര്യാക്കോസ് 15 വര്‍ഷം മുമ്പേ മരണപ്പെട്ടിരുന്നു. 1985 ഡിസംബര്‍ 26 നാണ് മൂത്തമകന്‍ ജോണി ജോലിക്കാണെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ തിരിച്ചെത്തിയില്ല. അന്ന് ജോണിക്ക് 25 വയസായിരുന്നു. 1987 മാര്‍ച്ച് 15നാണ് വിന്‍സെന്റ് വീടുവിട്ടത്. വിന്‍സെന്റിന് അപ്പോള്‍ പ്രായം 22 ആയിരുന്നു. മക്കള്‍ തിരിച്ചെത്താതായതോടെ ഇവരെ ഒരു നോക്കു കാണാനായി അന്നമ്മ ഏറെ കൊതിച്ചെങ്കിലും സാധിച്ചില്ല.

മരിക്കും മുമ്പ് മക്കളെ അവസാനമായി കണണമെന്നാഗ്രഹിച്ച അന്നമ്മച്ചേട്ടത്തിയെ കുറിച്ച് നേരത്തെ മാധ്യമങ്ങളില്‍ വാര്‍ത്തയും വന്നിരുന്നു. 45 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇടുക്കി ജില്ലയിലെ മഞ്ചി കവലയില്‍ നിന്നും കാസര്‍കോട് വെസ്റ്റ് എളേരി അടുക്കളം വാടിയിലെത്തുമ്പോള്‍ അന്നമ്മ ചേട്ടത്തിക്ക് മക്കള്‍ 11 പേരായിരുന്നു. ആ മക്കളില്‍ പത്താം തരത്തില്‍ ഒന്നാം ക്ലാസോടെ പാസായ ജോണിയും വിന്‍സെന്റുമാണ് ജോലി തേടി ചെറുപ്പത്തിലേ നാടുവിട്ടത്.

കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതത്തിനിടയില്‍ നിന്ന് ആദ്യം ജോലിതേടി ബോബെയിലേക്ക് വണ്ടി കയറിയത് ജോണിയായിരുന്നു. 1986 ഡിസംബര്‍ 26 ന് രാവിലെ അന്നമ്മയോട് യാത്ര ചോദിച്ചു. ഫോണ്‍ ഇല്ലാതിരുന്ന കാലത്ത് എഴുത്തുകളിലൂടെ വിവരങ്ങള്‍ കൈമാറി അമ്മയും സഹോദരങ്ങളും തമ്മിലെ ബന്ധം കുറേകാലം നീണ്ടു. ഒരുവര്‍ഷം കഴിഞ്ഞ് വിന്‍സെന്റും ബോബെയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങി. വിന്‍സെന്റും കത്തുകളിലൂടെ വീട്ടുകാരുമായുള്ള അടുപ്പം നിലനിര്‍ത്തിയിരുന്നുവെങ്കിലും പിന്നീട് എന്നോ രണ്ടു പേരുടെയും വിവരങ്ങള്‍ നിലച്ചു.

ബോംബെയില്‍ നല്ല ജോലിയാണെന്നാണ് ഇരുവരും അന്നമ്മയെയും സഹോദരങ്ങളെയും അറിയിച്ചത്. ഇവരെ ഒരു നോക്കുകാണാനായി വൃദ്ധമാതാവ് ഏറെ കൊതിച്ചിരുന്നെങ്കിലും ഇവരെ ഓര്‍ത്ത് കണ്ണീര്‍ പൊഴിക്കാനേ അന്നമ്മയ്ക്ക് കഴിഞ്ഞുള്ളൂ. മക്കള്‍ രണ്ട് പേരെകുറിച്ചും യാതൊരു വിവരവുമില്ലെങ്കിലും എന്നെങ്കിലും അവര്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ കുര്യാക്കോസും അന്നമ്മയും അവര്‍ക്കുള്ള സ്വത്തുക്കള്‍ ഭാഗം വെച്ച് നല്‍കിയിരുന്നു.

30 വര്‍ഷമായി വിവരമില്ലെങ്കിലും ആടുകളം വാടിയില്‍ കുര്യാക്കോസിന്റെയും അന്നമ്മയുടെയും പേരിലുള്ള സ്ഥലത്തിന്റെ രണ്ട് ഏക്കര്‍ ഭൂമിയാണ് വിന്‍സെന്റിന്റെയും ജോണിയുടെയും പേരില്‍ എഴുതി വെച്ചിട്ടുള്ളത്. ഇപ്പോഴും ഭൂനികുതി അടച്ചിരുന്നതും അന്നമ്മ ചേട്ടത്തി തന്നെയായിരുന്നു. 11 മക്കളില്‍ അന്നമ്മ ചേട്ടത്തിക്ക് ഏഴ് ആണ്‍ മക്കളും നാല് പെണ്ണുമാണ്. മക്കളും മക്കളുടെ മക്കളും പേരമക്കളും അടങ്ങി 100 പേരോളം വരുന്ന കുടുംബത്തിന്റെ മുത്തശ്ശി കൂടിയാണ് അന്നമ്മ ചേട്ടത്തി. അന്നമ്മ ചേട്ടത്തിയുടെ മറ്റുമക്കള്‍: ജോസ്, ബേബി, ലൂയിസ്, അപ്പച്ചന്‍, ഷാജി, മേരി, മോളി, ജിയോമ, ആലീസ്. അന്നമ്മച്ചേട്ടത്തിയുടെ സംസ്‌കാര ചടങ്ങുകള്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വരക്കാട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ നടക്കും.
വീടുവിട്ട മക്കളെ ഒരു നോക്കു കാണാനായി 33 വര്‍ഷത്തെ കാത്തിരിപ്പ്; ഒടുവില്‍ അന്നമ്മച്ചേട്ടത്തി കണ്ണടച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, House-wife, Death, Obituary, West Eleri Adukkalampady Annamma passes away
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia