Obituary | കാസർകോട്ട് അധ്യാപന രംഗത്ത് നിറഞ്ഞുനിന്ന കമല നെല്ല്യാട്ട് നിര്യാതയായി

● 1960ൽ തളങ്കര സ്‌കൂളിലാണ് അധ്യാപകവൃത്തി ആരംഭിച്ചത്.
● കാസർകോട് ഗവ. ഗേൾസ് ഹൈസ്കൂളിൽ പ്രധാനാധ്യാപികയായിരുന്നു.
● സിപിസിആർഐ മുൻ ഡെപ്യൂടി ഡയറക്ടർ എഡ്വേർഡ് വിക്ടർ നെല്ല്യാട്ട് ഭർത്താവാണ്
● ഒ വി വിജയനും ഇ ശ്രീധരനും ടി എൻ ശേഷനും സഹപാഠികളായിരുന്നു.
കാസർകോട്: (KasargodVartha) ദീർഘകാലം അധ്യാപന രംഗത്ത് നിറഞ്ഞുനിന്ന കുഡ്‌ലു രാംദാസ് നഗറിലെ ഐ വി കമല നെല്ല്യാട്ട് ടീച്ചർ (95) നിര്യാതയായി. ചൊവ്വാഴ്ച രാവിലെ കാസർകോട് ജനാർധൻ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 1960ൽ തളങ്കര ഗവ. ഹയർ സെകൻഡറി സ്‌കൂളിലാണ് അധ്യാപകവൃത്തി ആരംഭിച്ചത്. രണ്ട് വർഷത്തെ സേവനത്തിന് ശേഷം കാസർകോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് മാറി. 1974 വരെ ഇവിടെ തുടർന്നു.
ശേഷം കാസർകോട് ഗവ. ഗേൾസ് ഹയർ സെകൻഡറി ഹൈസ്കൂളിൽ 1976 വരെയും പിന്നീട് അഡൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ 1978 വരെയും സേവനം അനുഷ്ഠിച്ചു. 1985 ൽ കാസർകോട് ഗവ. ഗേൾസ് ഹയർ സെകൻഡറി ഹൈസ്കൂളിൽ നിന്ന് പ്രധാനാധ്യാപികയായാണ് കമല നെല്ല്യാട്ട് ടീച്ചർ വിരമിച്ചത്.
ഈ കാലഘട്ടങ്ങളിൽ ഒക്കെയും വിദ്യാർഥികളുടെ പ്രിയപ്പെട്ട അധ്യാപികയായിരുന്നു അവർ. ദിവസങ്ങൾക്കു മുമ്പ് കാസർകോട് ഗവ. ഹൈസ്കൂളിലെ 1976 ബാച് വിദ്യാർഥികൾ ടീച്ചറെ ആദരിച്ചിരുന്നു. പാലക്കാട് വിക്ടോറിയ കോളജിൽ ഡിഗ്രി പഠനകാലത്ത് ഒ വി വിജയനും, പാലക്കാട് ബി ഇ എം ഹൈസ്‌കൂളിൽ മെട്രോമാൻ ഇ ശ്രീധരൻ, മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമീഷണർ ടി എൻ ശേഷൻ എന്നിവരും ടീച്ചറുടെ സഹപാഠികളായിരുന്നു.
പാലക്കാട് ബി ഇ എം സ്‌കൂൾ പ്രധാനാധ്യാപകനായിരുന്ന ജോൺ പാവമണി - ഡെയ്സി പാവമണി ദമ്പതികളുടെ മകളാണ്. സിപിസിആർഐ മുൻ ഡയറക്ടറും ശാസ്ത്രജ്ഞനുമായ പരേതനായ എഡ്വേർഡ് വിക്ടർ നെല്ല്യാട്ടാണ് ഭർത്താവ്. മക്കൾ: അനിൽ ജോൺ നെല്ല്യാട്ട് (മറൈൻ ചീഫ് എൻജിനീയർ), മോഹൻജിത്ത് നെല്ല്യാട്ട് (വ്യാപാരി), സത്യജിത് നെല്ല്യാട്ട് (ജി എസ് ടി അസിസ്റ്റന്റ് കമീഷണർ). മരുമക്കൾ: വിനീത, ചിത്ര, ശ്രീജ. സഹോദരങ്ങൾ: സ്റ്റാൻലി, ഫ്രഡറിക്, എച് ജെ പാവമണി, റെജിനോൾഡ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് സി എസ് ഐ സെമിത്തേരിയിൽ നടക്കും.
അനുശോചനം അറിയിക്കാൻ ഈ വാർത്ത പങ്കിടൂ
Veteran teacher IV Kamala Nelliatt (95) passed away. She began her teaching career in 1960 and served as the headmistress of Kasaragod Govt. Girls Higher Secondary School. O.V. Vijayan, E. Sreedharan, and T.N. Seshan were her classmates.
#Kasaragod #Teacher #Obituary #Education #Kerala #RIP