കാസർകോടിന്റെ ശബ്ദം നിലച്ചു: മുതിർന്ന മാധ്യമപ്രവർത്തകൻ കെ എസ് ഗോപാലകൃഷ്ണൻ അന്തരിച്ചു

● ദേശാഭിമാനി, ലേറ്റസ്റ്റ് പത്രങ്ങളിൽ പ്രവർത്തിച്ചു.
● ഒട്ടേറെ അന്വേഷണാത്മക റിപ്പോർട്ടുകൾ ചെയ്തു.
● തെളിയിക്കപ്പെടാത്ത കേസുകൾ പുറത്തുകൊണ്ടുവന്നു.
● നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
● കുറച്ചുകാലമായി ചികിത്സയിലായിരുന്നു.
കാസർകോട്: (KasargodVartha) കാസർകോടിന്റെ സ്പന്ദനം അറിഞ്ഞ മുതിർന്ന മാധ്യമപ്രവർത്തകൻ കെ.എസ്. ഗോപാലകൃഷ്ണൻ (68) അന്തരിച്ചു. ശിവരാമൻ - തങ്കമ്മ ദമ്പതികളുടെ മകനാണ്. ചെമ്മനാട് കോളിയടുക്കത്തെ വീട്ടിൽ വെച്ച് ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം.
ദേശാഭിമാനി, ലേറ്റസ്റ്റ് തുടങ്ങിയ പത്രങ്ങളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം ഒട്ടേറെ അന്വേഷണാത്മക റിപ്പോർട്ടുകളിലൂടെ ശ്രദ്ധേയനായിരുന്നു. തെളിയിക്കപ്പെടാത്ത കൊലക്കേസുകൾ അടക്കം നിരവധി കേസുകളിൽ നിർണായക തെളിവുകൾ സഹിതം വാർത്തകൾ പുറത്തുകൊണ്ടുവന്ന് കെ.എസ്. ഗോപാലകൃഷ്ണൻ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.
സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും മാധ്യമപ്രവർത്തകരും ഉൾപ്പെടെ വലിയൊരു സൗഹൃദ വലയത്തിന് ഉടമയായിരുന്ന അദ്ദേഹത്തെ തേടി നിരവധി അംഗീകാരങ്ങളും എത്തിയിരുന്നു.
കുറച്ചുകാലമായി അസുഖബാധിതനായിരുന്ന അദ്ദേഹം പലപ്പോഴും ആയുർവേദ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഏതാനും ദിവസങ്ങളായി അസുഖം മൂർച്ഛിച്ച് പരിയാരം മെഡിക്കൽ കോളേജിലായിരുന്നു. രണ്ടുദിവസം മുമ്പാണ് അദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുവന്നത്.
കെ.എസ്. ഗോപാലകൃഷ്ണൻ ഭാര്യ ശ്യാമളയുടെയും മക്കൾ അനന്ദകൃഷ്ണൻ, അഭിഷേക് എന്നിവർക്കൊപ്പം കോളിയടുക്കം അണിഞ്ഞയിലായിരുന്നു താമസിച്ചിരുന്നത്. മകൻ അനന്തു അറിയപ്പെടുന്ന കലാകാരനാണ്. ഒരു ബന്ധു എത്താനുള്ളതുകൊണ്ട് സംസ്കാരം ഞായറാഴ്ച രാവിലെ നടക്കും.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Summary: Veteran journalist K.S. Gopalakrishnan, known for his investigative reporting and cultural contributions in Kasaragod, passed away at 65.
#KasaragodNews, #Journalism, #CulturalIcon, #KSGopalakrishnan, #KeralaNews