പുഴയിൽ ചാടിയ സംഭവത്തിൽ വഴിത്തിരിവ്: യുവാവിന്‍റെ മൃതദേഹം കരയ്‌ക്കടിഞ്ഞു!

● ബുധനാഴ്ച രാവിലെ പഴയങ്ങാടി മാട്ടൂൽ കടപ്പുറത്താണ് മൃതദേഹം കണ്ടെത്തിയത്.
● യുവതി നീന്തി രക്ഷപ്പെടുകയും നാട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തു.
● ട്രെയിനിൽ വളപട്ടണത്ത് എത്തി മരിക്കാൻ തീരുമാനിച്ചാണ് പുഴയിൽ ചാടിയതെന്ന് യുവതി മൊഴി നൽകി.
● മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ബേക്കൽ: (KasargodVartha) വളപട്ടണം പുഴയിൽ ചാടിയ യുവാവിന്‍റെ മൃതദേഹം പഴയങ്ങാടി മാട്ടൂൽ കടപ്പുറത്ത് അടിഞ്ഞു. പനയാൽ പെരിയാട്ടടുക്കത്തെ രാജു എന്ന രാജേഷിന്‍റെ (35) മൃതദേഹമാണ് ബുധനാഴ്ച രാവിലെ കരയ്‌ക്കടിഞ്ഞത്.
ബന്ധുക്കളെത്തി ഉച്ചയോടെ മൃതദേഹം രാജേഷിന്റേതാണെന്ന് തിരിച്ചറിഞ്ഞു. യുവാവിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ബേക്കൽ എസ്.ഐ. സവ്യസാചിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വളപട്ടണത്ത് എത്തിയിരുന്നു.
കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് രാജേഷിനെയും ഒരു പോലീസുകാരന്‍റെ ഭാര്യയും രണ്ട് കുട്ടികളുടെ മാതാവുമായ യുവതിയെയും നാട്ടിൽനിന്ന് കാണാതായത്. രണ്ട് സംഭവങ്ങളിലും ബേക്കൽ പോലീസ് കാണാതായവർക്കായി കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
ഞായറാഴ്ച രാത്രി രാജേഷും യുവതിയും ഒന്നിച്ചു വളപട്ടണം പുഴയിൽ ചാടിയെന്നാണ് വിവരം ലഭിച്ചത്. എന്നാൽ, മരണവെപ്രാളത്തിൽ യുവതി നീന്തി കരയ്‌ക്കടുത്തെത്തുകയും, സംഭവം കണ്ട പരിസരവാസികൾ അവരെ രക്ഷപ്പെടുത്തുകയുമായിരുന്നു. തന്‍റെ കാമുകനും പുഴയിൽ ചാടിയിട്ടുണ്ടെന്ന വിവരം യുവതിയാണ് നാട്ടുകാരെ അറിയിച്ചത്.
തുടർന്ന്, നാട്ടുകാരും വളപട്ടണം പോലീസും അഗ്നിരക്ഷാ സേനയും രണ്ടുദിവസമായി തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായിരുന്നില്ല. ബേക്കൽ പോലീസെത്തി യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്‍റെ ചിത്രം വ്യക്തമായത്.
ഞായറാഴ്ച രാവിലെ വീട്ടിൽനിന്നിറങ്ങിയ ഇവർ പള്ളിക്കര റെയിൽവേ സ്റ്റേഷനിൽനിന്ന് ട്രെയിനിൽ വളപട്ടണത്ത് എത്തിയതായി യുവതി മൊഴി നൽകി. രാത്രി 12 മണിയോടെ ഇരുവരും മരിക്കാൻ തീരുമാനിച്ച് പുഴയിൽ ചാടിയെന്നും യുവതിയുടെ മൊഴിയിലുണ്ട്. താൻ ഒഴുക്കിൽപ്പെട്ട് മരണവെപ്രാളത്തിൽ നീന്തി കരയ്‌ക്കടുത്തെത്തുകയായിരുന്നുവെന്നും യുവതി പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ടത്തിന് വിടുകയും അവർ ഭർത്താവിനൊപ്പം പോകുകയും ചെയ്തു. രാജേഷിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പിതാവ്: പരേതനായ മാധവൻ. മാതാവ്: ഭാർഗവി. സഹോദരങ്ങൾ: ശോഭ, അശോകൻ, സതീശൻ, രേഖ.
ഈ സംഭവത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: Body of man found after jumping into Valapattanam river.
#KeralaNews #Valapattanam #Tragedy #MissingPerson #BodyFound #Kannur