വിഷു ആഘോഷങ്ങൾക്കിടെ ഒരു കുടുംബത്തിലെ രണ്ട് വിദ്യാർഥികൾ പുഴയിൽ മുങ്ങിമരിച്ചു
വെള്ളരിക്കുണ്ട്: (www.kasargodvartha.com 14.04.2021) ഒരു കുടുംബത്തിലെ രണ്ട് വിദ്യാർഥികൾ പുഴയിൽ മുങ്ങിമരിച്ചു. വെസ്റ്റ് എളേരി പഞ്ചായത്തിലെ കാവുന്തല സ്വദേശികളായ ശ്രാകത്തിൽ റെജിയുടെയും സെലിന്റെയും മകൻ ആൽബിൻ റെജി (15), ശ്രാകത്തിൽ തോമസിന്റെയും ജയിനിയുടെയും മകൻ ബ്ലസൻ തോമസ് (20) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പരപ്പച്ചാൽ പുഴയിൽ കുളിക്കുന്നതിനിടെയാണ് അപകടം നടന്നത്. രണ്ട് പേരും സഹോദരന്മാരുടെ മക്കളാണ്. ആൽബിൻ റെജി വരക്കാട് സെന്റ് അലക്സീയ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 10-ാം തരം വിദ്യാർഥിയാണ്. ബ്ലസൻ തോമസ് മംഗളുറു ഡോ. എം വി ഷെട്ടി നഴ്‌സിംഗ് കോളജിലെ ബി എസ് സി നഴ്‌സിംഗ് വിദ്യാർഥിയാണ്.
വിഷു ദിനത്തിൽ പരപ്പച്ചാലിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയതായിരുന്നു ഇരുവരും. പുഴയിൽ കുളിക്കവെ വേലിയേറ്റ സമയത്ത് വെള്ളം കയറുകയും ഇരുവരും അടിയൊഴുക്കിൽ പെടുകയുമായിരുന്നു. കൂടെ ഉണ്ടായിരുന്ന മറ്റൊരു കുട്ടി ഉച്ചത്തിൽ കരയുന്നത് കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും കരക്കെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിക്ക് വെച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹങ്ങൾ പരിയാരത്തുള്ള കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വിഷു ആഘോഷങ്ങൾക്കിടെ കാവും തലയിൽ എത്തിയ മരണ വാർത്ത നാടിനെ ദുഃഖതിലാഴ്ത്തി.
Keywords: Vellarikundu, Kasaragod, Kerala, News, Top-Headlines, Family, Obituary, Hospital, Death, Students, River, Drown, Two students from a family drowned to death in river.
< !- START disable copy paste -->