ബട്ടത്തൂരിൽ ഞായറാഴ്ചയും തിങ്കളാഴ്ചയുമുണ്ടായ രണ്ട് വാഹനാപകടങ്ങളിൽ വീട്ടമ്മയും യുവാവും മരിച്ചു
● ഞായറാഴ്ച ഉണ്ടായ കാറപകടത്തിൽ കുണിയയിലെ ഫൗസിയ മരിച്ചു
● തിങ്കളാഴ്ച ഉച്ചയോടെ ബട്ടത്തൂരിൽ മറ്റൊരു കാർ ബസ് കാത്തുനിന്നവരുടെ മേലേക്ക് പാഞ്ഞുകയറി
● ഈ അപകടത്തിൽ ബട്ടത്തൂരിലെ കെ വൈശാഖ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു
● കാറിലുണ്ടായിരുന്ന യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്
കാസർകോട്: (KasargodVartha) പൊയിനാച്ചി ബട്ടത്തൂരിൽ ഞായറാഴ്ചയും തിങ്കളാഴ്ചയുമുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ വീട്ടമ്മയും യുവാവും മരിച്ചു. കുണിയ അറഫ നഗറിലെ അഷ്റഫിൻ്റെ ഭാര്യ ഫൗസിയ (44), ബസ് കാത്തുനിൽക്കുകയായിരുന്ന ബട്ടത്തൂരിലെ കെ കമലാക്ഷയുടെ മകൻ കെ വൈശാഖ് (22) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
കാർ ഭിത്തിയിലിടിച്ച് മറിഞ്ഞു
2026 ജൂലൈ 19 ഞായറാഴ്ച ഉച്ചയ്ക്ക് 2.20 മണിയോടെ കാസര്‍കോട് ഭാഗത്തുനിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎല്‍ 60 വി 4646 നമ്പർ കാര്‍ ദേശീയപാതയുടെ ഭിത്തിയിലിടിച്ച് മറിഞ്ഞാണ് ഫൗസിയ മരിച്ചത്. അപകടത്തിൽ ഫൗസിയയുടെ ഭർത്താവ് അഷ്റഫ്, രണ്ട് മക്കൾ, ഭർതൃമാതാവ് എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ ചെങ്കളയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഉദുമ പാക്യര സ്വദേശികളായ ആലി–ഖദീജ ദമ്പതികളുടെ മകളാണ് മരിച്ച ഫൗസിയ. ഫഹദിയ, ഷിഫാന, സാജിർ, സിനാൻ (ജിവിഎച്ച്എസ്എസ് കുണിയ പ്ലസ്ടു വിദ്യാർഥി) എന്നിവർ മക്കളാണ്. ഫായിസ്, ഫയാസ് എന്നിവർ സഹോദരങ്ങളാണ്.
ബസ് കാത്തുനിന്നവരിലേക്ക് കാർ പാഞ്ഞുകയറി
ഇതിന് പിന്നാലെ 2026 ജൂലൈ 20 തിങ്കളാഴ്ച ഉച്ചയോടെയാണ് പൊയിനാച്ചി ബട്ടത്തൂരിൽ മറ്റൊരു അപകടം നടന്നത്. കാസർകോട്ടുനിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് ബസ് കാത്തുനിന്നിരുന്നവര്‍ക്ക് നേരെ പാഞ്ഞുകയറുകയായിരുന്നു. ഈ അപകടത്തിലാണ് കെ വൈശാഖ് മരിച്ചത്. കൂടാതെ കാറിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
നാട്ടുകാരുടെ ആശങ്ക
ബട്ടത്തൂർ ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളിലും സമാനമായ വാഹനാപകടങ്ങൾ നടന്നിട്ടുള്ളതിനാൽ പ്രദേശത്ത് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
ഈ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ്ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Two people died in separate road accidents in Battathoor on Sunday and Monday.
#KasaragodNews #BattathoorAccident #KeralaNews #RoadAccident #LocalNewsKerala #KasaragodPolice #RenuNews







