Tragedy | വടകരയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ 2 പേരെ മരിച്ച നിലയില്‍ കണ്ടെത്തി
● രാവിലെ മുതല്‍ റോഡരികില്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു വാഹനം.
● പ്രദേശവാസികള്‍ക്ക് സംശയം തോന്നി പരിശോധിക്കുകയായിരുന്നു.
● എസി ഗ്യാസ് ലീക്കായതാകാം മരണകാരണമെന്ന് സംശയം.
കോഴിക്കോട്: (KasargodVartha) വടകര കരിമ്പനപാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ട് പുരുഷന്‍മാരെയാണ് വാഹനത്തിന്റ മുന്നില്‍ സ്റ്റേപ്പിലും പിന്‍ഭാഗത്തുമായി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മലപ്പുറം വണ്ടൂര്‍ വാണിയമ്പലം സ്വദേശി മനോജ്, കണ്ണൂര്‍ പറശേരി സ്വദേശി ജോയല്‍ എന്നിവരാണ് മരിച്ചത്. പൊന്നാനിയില്‍ കാരവന്‍ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്പനിയില്‍ ജീവനക്കാരനാണ് ജോയല്‍.
തിങ്കളാഴ്ച രാവിലെ മുതല്‍ റോഡരികില്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു വാഹനം. പ്രദേശവാസികള്‍ക്ക് സംശയം തോന്നി നോക്കിയപ്പോഴാണ് വാഹനത്തിനുള്ളില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ചവര്‍, കണ്ണൂരില്‍ വിവാഹത്തിന് ആളെ എത്തിച്ച് മടങ്ങിയവരാണെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച റോഡരികില്‍ വാഹനം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇതിന് ശേഷമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. എസി ഗ്യാസ് ലീക്കായതാകാം മരണകാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്.
#Vadakara #Kerala #caravan #accident #death #gasleak #tragedy #breakingnews #localnews