Tragedy | പുഴയിൽ മുങ്ങി മരിച്ചത് ഒരു കുടുംബത്തിലെ സഹോദരങ്ങളുടെ 3 മക്കൾ; ഞെട്ടൽ മാറാതെ എരിഞ്ഞിപ്പുഴ ഗ്രാമം; തറവാട് വീട്ടിൽ വന്ന സഹോദരിയുടെ മകൻ്റെ ജീവനും പൊലിഞ്ഞു
● കുളിക്കാനിറങ്ങിയപ്പോഴാണ് ദുരന്തം സംഭവിച്ചത്
● റിയാസ്, യാസീൻ, സമദ് എന്നിവരാണ് മരിച്ചത്
● റംലയുടെ മകൻ റിയാസ് തറവാട് വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു
കുറ്റിക്കോൽ: (KasargodVartha) എരിഞ്ഞിപ്പുഴയിൽ മുങ്ങി മരിച്ചത് ഒരു കുടുംബത്തിലെ സഹോദരങ്ങളുടെ മൂന്ന് മക്കൾ. മൂന്ന് കൗമാരക്കാരുടെ കൂട്ടമരണം എരിഞ്ഞിപ്പുഴ ഗ്രാമത്തിനെ ഞെട്ടിച്ചു. എരിഞ്ഞിപ്പുഴയിൽ കോഴി വ്യാപാരിയായ അശ്റഫിൻ്റെ മകൻ മുഹമ്മദ് യാസീൻ (13), അശ്റഫിൻ്റെ സഹോദരിയും മഞ്ചേശ്വരത്ത് ഭർതൃവീട്ടിൽ താമസിക്കുകയും ചെയ്യുന്ന റംലയുടെ മകൻ റിയാസ് ( 16), സഹോദരൻ മജീദിൻ്റെ മകൻ സമദ് (14) എന്നിവർക്കാണ് പുഴയുടെ അഗാധതയിൽ ജീവൻ നഷ്ടമായത്.
പ്ലസ് വണിന് മഞ്ചേശ്വരത്ത് പഠിക്കുന്ന മകൻ റിയാസിനൊപ്പം എരിഞ്ഞിപ്പുഴയുടെ അടുത്തുള്ള തറവാട് വീട്ടിൽ വെള്ളിയാഴ്ച എത്തിയതായിരുന്നു റംല. വീടിൻ്റെ 15 മീറ്റർ മാത്രം അകലെയുള്ള പുഴയിൽ ഉച്ചയ്ക്ക് കുളിക്കാൻ എത്തിയതായിരുന്നു മൂന്ന് കുട്ടികളും.
റിയാസിൻ്റെ മൃതദേഹമാണ് ആദ്യം തിരച്ചിലിൽ കണ്ടെത്തിയത്. മണിക്കൂറുകൾ കഴിഞ്ഞാണ് അഗ്നിശമന സേനയുടെയും പൊലീസിന്റെ സ്‌കൂബ സംഘങ്ങളുടെയും നാട്ടുകാരുടെയും തിരച്ചിലിനൊടുവിൽ സമദിൻ്റെയും യാസീന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
അശ്റഫ് - ശബാന ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയവനാണ് മരിച്ച മുഹമ്മദ് യാസീൻ. ഫാത്വിമത്ത് സഫ, അമീൻ എന്നിവർ സഹോദരങ്ങളാണ്. സിദ്ദീഖ്- റംല ദമ്പതികളുടെ മകനായ റിയാസിൻ്റെ ഏക സഹോദരി റിസ് വാന. മജീദ് - ശഫീന ദമ്പതികളുടെ മകനാണ് സമദ്. സഹോദരി: ശ്യാമിലി.
#DrowningTragedy #KeralaNews #Kasaragod #RiverAccident #ChildrenLost #Erinhjipuzha