city-gold-ad-for-blogger

തൃക്കരിപ്പൂരിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹത നീങ്ങി, ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Mystery Solved in Trikaripur Woman Death Case; Post-Mortem Report Confirms Cardiac Arrest
Photo: Special Arrangement

● ഭാരതിയുടെ ഹൃദയത്തിൽ മൂന്ന് ബ്ലോക്കുകൾ ഉണ്ടായിരുന്നതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി
● ശരീരത്തിൽ ഗുരുതരമായ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി
● വീഴ്ചയ്ക്കിടെ തലയ്ക്ക് സംഭവിച്ച പരിക്കാകാം രക്തക്കറയ്ക്ക് കാരണമെന്ന് നിഗമനം
● കാസർകോട് നിന്നുള്ള ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു

തൃക്കരിപ്പൂർ: (KasargodVartha) എടാട്ടുമ്മലിൽ ഇരുനില വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീങ്ങി. എടാട്ടുമ്മൽ അങ്കണവാടിക്ക് സമീപം താമസിച്ചിരുന്ന പി ഭാരതി (58) ആണ് മരിച്ചത്. വീടിൻ്റെ മുൻവശത്തെ വാതിൽ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. വാതിലിൻ്റെ കട്ടിള ഭാഗത്ത് തലയും സിറ്റൗട്ടിൽ ശരീരവും ഉള്ള നിലയിൽ മലർന്ന് കിടക്കുന്ന രീതിയിലാണ് ശനിയാഴ്ച (സെപ്റ്റംബർ 19) രാവിലെ മൃതദേഹം കണ്ടെത്തിയത്. 

വിവരം ലഭിച്ചതിനെ തുടർന്ന് ചന്തേര എസ്ഐ വിഷ്ണു എസ് നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

കാരണം ഹൃദയസ്തംഭനം

പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ഭാരതിയുടെ ഹൃദയത്തിൽ മൂന്ന് ബ്ലോക്കുകൾ ഉണ്ടായിരുന്നതായി കണ്ടെത്തി. ഇതാണ് ഹൃദയസ്തംഭനത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. മൃതദേഹത്തിന് കുറഞ്ഞത് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നതായും കണ്ടെത്തി. 

ശരീരത്തിൽ ഗുരുതരമായ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. തലയുടെ ഭാഗത്ത് നേരിയ രക്തക്കറ കണ്ടെത്തിയതാണ് ആദ്യം മരണത്തിൽ സംശയത്തിന് ഇടയാക്കിയത്. എന്നാൽ വീഴ്ചയ്ക്കിടെ തലയ്ക്ക് സംഭവിച്ച പരിക്കിനെ തുടർന്നുണ്ടായതാകാമെന്നാണ് പൊലീസ് കരുതുന്നത്. രക്തത്തിൽ ഉയർന്ന പഞ്ചസാരയെ തുടർന്ന് ഭാരതിക്ക് ഇടയ്ക്കിടെ തലചുറ്റലും വീഴ്ചയും ഉണ്ടായിരുന്നുവെന്നും, അടുത്തിടെ തലചുറ്റി വീണതിനെ തുടർന്ന് നാട്ടുകാർ ചേർന്ന് ഇവരെ ആശുപത്രിയിലെത്തിച്ചിരുന്നതായും വിവരമുണ്ട്.

ഒറ്റയ്ക്കുള്ള താമസം

ഭാരതി അയൽവാസികളുമായി കാര്യമായ അടുപ്പം പുലർത്തിയിരുന്നില്ല. അതിനാൽ ദിവസങ്ങളോളം വീട്ടിനുള്ളിൽ മരിച്ചു കിടന്ന വിവരം സമീപവാസികളുടെ ശ്രദ്ധയിൽപ്പെടാതെ പോവുകയായിരുന്നു. വീടിൻ്റെ വരാന്തയിൽ മുറത്തിൽ ഉണക്കമത്സ്യം ഉണക്കാനിട്ട നിലയിലുണ്ടായിരുന്നു. 

വീടിന് പുറത്തുള്ള പൂട്ടിയ ഗേറ്റിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ പപ്പായയും തൂക്കിയിട്ട നിലയിൽ കണ്ടെത്തി. മരണത്തിന് ഏകദേശം മൂന്ന് ദിവസം മുൻപ് ഭാരതിയെ സമീപത്തെ റോഡിലൂടെ നടന്നുപോകുന്നത് പരിസരവാസികൾ കണ്ടിരുന്നതായും പറയുന്നു. ജമ്മുവിലെ ലഡാക്കിൽ മിലിട്ടറി ഉദ്യോഗസ്ഥനായ മകൻ ജയിന് പുതിയ വീട് നിർമിക്കുന്നുണ്ട്. ഭാരതിയെ ഈ നിർമാണ സ്ഥലത്തും കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു.

പൊലീസ് അന്വേഷണം

ഭാരതി തങ്കയം മാണിക്കനാൽ കീഴിലെ ക്ഷേത്രത്തിന് സമീപം ഹോട്ടൽ നടത്തിയിരുന്നു. എന്നാൽ അഞ്ച് മാസത്തോളമായി ഹോട്ടൽ തുറന്നിരുന്നില്ലെന്ന് പഞ്ചായത്ത് അംഗം രാംദാസ് തങ്കയം പറഞ്ഞു. നേരത്തെ തൃക്കരിപ്പൂരിലും പയ്യന്നൂരിലും ഹോട്ടൽ തൊഴിലാളിയായും ഭാരതി ജോലി ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് കാസർകോട് നിന്നുള്ള ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. 

എന്നാൽ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നതിനാൽ കാര്യമായ തെളിവുകൾ കണ്ടെത്താനായില്ല. വിരലടയാളവും ലഭിച്ചില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് വ്യക്തമാക്കിയത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി.

പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. 

Article Summary: The post-mortem report confirmed that P. Bharathi, a 58-year-old woman found dead in her house in Trikaripur, died of cardiac arrest, ruling out foul play.

#KasargodVartha #TrikaripurNews #KasaragodNews #ChanderaPolice #CrimeNews #KeralaPolice #MalayalamNews #AparnaNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia