Tragedy | കുമരകത്ത് കാര്‍ പുഴയില്‍ മറിഞ്ഞുണ്ടായ അപകടം; മുങ്ങിമരിച്ച രണ്ടുപേരില്‍ ഒരാള്‍ മലയാളി
● ഗൂഗിള്‍ മാപ്പും ചതിച്ചിരിക്കാമെന്ന് പൊലീസ്.
● മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് വിധേയമാക്കും.
● ഹോംസ്റ്റേ അന്വേഷിച്ച് പോയതാകാമെന്ന് നിഗമനം.
● വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി വിഎന്‍ വാസവന്‍.
കുമരകം: (KasargodVartha) കോട്ടയം - കുമരകം - ചേര്‍ത്തല (Kumarakam - Cherthala Route) റൂട്ടില്‍ കൈപ്പുഴമുട്ട് പാലത്തിനോട് ചേര്‍ന്നുള്ള റോഡില്‍നിന്ന് പുഴയിലേക്ക് കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മുങ്ങിമരിച്ച രണ്ടുപേരില്‍ ഒരാള്‍ മലയാളിയെന്ന് പൊലീസ്. മഹാരാഷ്ട്രയില്‍ സ്ഥിരതാമസമാക്കിയ കൊട്ടാരക്കര ഓടനാവട്ടം ജി വി നിവാസില്‍ ജെയിംസ് ജോര്‍ജ് (James George-48) ആണ് മരിച്ച മലയാളി. മഹാരാഷ്ട്ര ബദ്ലാപുര്‍ ശിവാജി ചൗക്കില്‍ രാജേന്ദ്ര സര്‍ജെയുടെ മകള്‍ ശൈലി രാജേന്ദ്ര സര്‍ജെ (Shyli by Rajendra Sarje-27) ആണ് അപകടത്തില്‍ മരിച്ച രണ്ടാമത്തെ ആള്‍.
കൊച്ചിയില്‍ നിന്നു വാടകയ്‌ക്കെടുത്ത കെഎല്‍ 07 സികെ 1239 നമ്പര്‍ കാറാണ് അപകടത്തില്‍പെട്ടത്. കാറില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ ചൊവ്വാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് വിധേയമാക്കും.
തിങ്കളാഴ്ച രാത്രി 8.40ന് ആയിരുന്നു അപകടം. നല്ല മഴയുണ്ടായിരുന്നു. കുമരകത്ത് എത്തിയ ശേഷം ഇവര്‍ കൈപ്പുഴമുട്ട് പാലത്തിന് സമീപമുള്ള റോഡിലൂടെ പോകുമ്പോള്‍ ഇടത്തേക്ക് തിരിയുന്നതിന് പകരം നേരെ പോയി പുഴയിലേക്ക് വീഴുകയായിരുന്നുവെന്ന് കരുതുന്നു. സംഭവം നടക്കുമ്പോള്‍ പ്രദേശത്ത് മഴ ഉണ്ടായിരുന്നതും റോഡില്‍ തെരുവിളക്കുകളോ മുന്നറിയിപ്പ് ബോര്‍ഡുകളോ ഇല്ലാത്തതും അപകടത്തിന് കാരാണമായേക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രദേശം പരിജയമില്ലാത്തവര്‍ ആയിരുന്നതിനാല്‍ ഗൂഗിള്‍ മാപ്പും ഇവരെ ചതിച്ചിരിക്കാമെന്ന് പൊലീസ് പറയുന്നു. ഇവിടെ ഹോംസ്റ്റേകളുണ്ട്. അത് അന്വേഷിച്ചു പോയതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
ഈ സമയം രണ്ടുപേര്‍ വള്ളത്തില്‍ പാലത്തിന് താഴെയുണ്ടായിരുന്നു. ഇവര്‍ വെള്ളത്തിലേക്ക് ചാടി കാറില്‍ പിടിച്ചെങ്കിലും കാര്‍ താഴ്ന്നു പോയി. അഗ്‌നിരക്ഷാസേനയുടെ സ്‌കൂബ ഡൈവിങ് സംഘവും പൊലീസുമെത്തി ഒന്നേകാല്‍ മണിക്കൂറോളം തിരച്ചില്‍ നടത്തിയ ശേഷമാണ് പത്തുമീറ്റര്‍ അകലെ കാര്‍ കണ്ടെത്തിയത്. ഡ്രൈവിങ് സീറ്റില്‍ നിന്ന് ജയിംസിന്റെയും പിന്‍സീറ്റില്‍ നിന്ന് ശൈലിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.
പരേതനായ ജോര്‍ജ് വര്‍ഗീസിന്റെയും അന്നമ്മ ജോര്‍ജിന്റെയും മകനാണ് ജയിംസ്. ഭാര്യ: അനു. മകന്‍: ജെര്‍മി ജയിംസ്. സ്വകാര്യ കമ്പനി ജീവനക്കാരനായ ജയിംസ് ഓഫീസ് ആവശ്യത്തിന് കേരളത്തിലേക്ക് എത്തിയെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് ഇവര്‍ കൊച്ചിയിലെത്തിയത്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. ആര്‍പ്പൂക്കര പഞ്ചായത്തിനും ടൂറിസം വകുപ്പിനുമെതിരെ ആരോപണവുമായി പ്രദേശവാസികള്‍ രംഗത്തെത്തി. ഉത്തരവാദിത്വ ടൂറിസം കേന്ദ്രമായ പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നും രാത്രിയായാല്‍ അപകടങ്ങള്‍ പതിവാണെന്നുമാണ് ഇവര്‍ പറയുന്നത്.
#KumarakamAccident #KeralaNews #RoadSafety #Tragedy #RIP