Accident | നെടുമങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടം; ഡ്രൈവര്‍ കസ്റ്റഡിയില്‍; വാഹനം അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍

● ബസിനടിയില്‍ മറ്റാരും അകപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കിയതിനുശേഷമാണ് രക്ഷാദൗത്യം അവസാനിപ്പിച്ചത്.
● അപകടത്തില്‍ 61 കാരിയായ ആര്യങ്കോട് കാവല്ലൂര്‍ സ്വദേശി ദാസിനി ആണ് മരിച്ചത്.
● കാട്ടാക്കട പെരുങ്കടവിളയില്‍ നിന്നും മൂന്നാറിലേക്ക് ടൂര്‍ പോയവരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്.
തിരുവനന്തപുരം: (KasargodVartha) ഒരാളുടെ മരണത്തിന് ഇടയാക്കിയ നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. അപകടശേഷം സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ട ഒറ്റശേഖരമംഗലം സ്വദേശി അരുള്‍ ദാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കണ്ണിന്റെ പുരികത്തില്‍ ചെറിയ പരുക്കുണ്ട്.
കാട്ടാക്കടയിലെ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം അരുള്‍ ദാസ് സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടുകയായിരുന്നു. വിവരമറിഞ്ഞ നെടുമങ്ങാട് പൊലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ മദ്യപിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ബസ് വെട്ടിച്ചപ്പോള്‍ മറിഞ്ഞതാണെന്നാണ് അരുള്‍ ദാസിന്റെ മൊഴി. അപകടത്തില്‍ 61 കാരിയായ ആര്യങ്കോട് കാവല്ലൂര്‍ സ്വദേശി ദാസിനി ആണ് മരിച്ചത്.
അതേസമയം, ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഒരു ലോറിയെ മറികടക്കുന്നതിനിടെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നാണ് അപകടസമയത്ത് അടുത്തുണ്ടായിരുന്നവര്‍ പറയുന്നത്. വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ടതോടെ ഡിവൈഡറില്‍ ഇടിച്ച് വളവ് തിരിഞ്ഞശേഷമാണ് ബസ് മറിഞ്ഞത്. അതുവരെ റോഡിലൂടെ തെന്നി നീങ്ങുകയായിരുന്നെന്നും ബഹളം കേട്ടാണ് നോക്കിയതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
ഇരിഞ്ചയം പടിക്കെട്ട് മാമൂടിന് സമീപത്തെ കൊടുംവളവില്‍ വെള്ളിയാഴ്ച രാത്രി 10.20 ഓടെയാണ് അപകടമുണ്ടായത്. ഉടന്‍ പ്രദേശവാസികളും പൊലീസും ഫയര്‍ഫോഴ്‌സും കെഎസ്ഇബിയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനായി. ബസിനടിയില്‍ മറ്റാരും അകപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കിയതിനുശേഷമാണ് രക്ഷാദൗത്യം അവസാനിപ്പിച്ചത്.
കാട്ടാക്കട പെരുങ്കടവിളയില്‍ നിന്നും മൂന്നാറിലേക്ക് ടൂര്‍ പോയ കുടുംബങ്ങളായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. 49 പേര്‍ ബസില്‍ ഉണ്ടായിരുന്നതായാണ് വിവരം. സാരമായി പരുക്കേറ്റ 20 പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ മറ്റ് വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ 17 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഏഴ് കുട്ടികളെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ച ദാസിനിയുടെ ഇളയ മകനും ഭാര്യയും പേരക്കുട്ടികളും മൂത്ത മകന്റെ ഭാര്യയും ബസില്‍ ഉണ്ടായിരുന്നു. പരുക്കേറ്റവര്‍ക്ക് വിദഗ്ധചികിത്സ ഉറപ്പാക്കാനുള്ള ക്രമീകരണം മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയിരുന്നു.
#KeralaAccident, #Nedumangad, #BusAccident, #TrafficSafety