city-gold-ad-for-blogger

ആ വെളിച്ചം ഓർമയായി; ആയിരങ്ങൾക്ക് വിജ്ഞാനം പകർന്ന ത്വാഖ അഹമ്മദ് മൗലവിയുടെ ഖബറടക്കം ബുധനാഴ്ച രാവിലെ കാശിപട്ടണത്ത്

Portrait of Thwaqa Ahmed Moulavi Al Azhari.
Photo Credit: Facebook/ TWAQA AHMAD Azhari/ Enhanced by Pixverse

● ഇരുന്നൂറിലധികം മഹല്ലുകളുടെ ഖാസിയായി സേവനമനുഷ്ഠിച്ചു
● ഈജിപ്തിലെ അൽ അസ്ഹർ സർവകലാശാലയിൽ നിന്ന് ഉന്നത മതബിരുദം നേടിയ പണ്ഡിതൻ
● മൂന്ന് പതിറ്റാണ്ടിലേറെ ഒമാനിൽ ഖത്വീബും മുദരിസുമായും സേവനം അനുഷ്ഠിച്ചു
● മികച്ച ഗ്രന്ഥശേഖരത്തിന്റെ ഉടമയും മലയാളം, ഉർദു ഭാഷകളിൽ ഗ്രന്ഥരചന നിർവഹിച്ച വ്യക്തിയുമായിരുന്നു

കാസർകോട്: (KasargodVartha) ഉത്തര മലബാറിന്റെ മത-സാംസ്കാരിക ജീവിതത്തിൽ ദീപസ്തംഭം പോലെ ഉയർന്നുനിന്ന പണ്ഡിതനായിരുന്നു ത്വാഖ അഹമ്മദ് മൗലവി അൽ അസ്ഹരി. അദ്ദേഹത്തിന്റെ വിയോഗവാർത്ത വിശ്വാസിസമൂഹത്തെ മാത്രമല്ല, വിജ്ഞാനത്തെ സ്നേഹിച്ച ആയിരക്കണക്കിന് ഹൃദയങ്ങളെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഒരു വ്യക്തിയുടെ മരണമല്ല, ഒരു യുഗത്തിന്റെ അസ്തമയമാണ് ഈ വേർപാടിലൂടെ സംഭവിച്ചിരിക്കുന്നത്.

സമസ്ത കേന്ദ്ര മുശാവറ അംഗവും കാസർകോട് ജില്ലാ പ്രസിഡന്റും ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ വിവിധ മഹല്ലുകളിലെയും കാസർകോട് ജില്ലയിലെ കീഴൂരിലെയും സംയുക്ത ഖാസിയുമായിരുന്നു അദ്ദേഹം. തളങ്കര ഖാസിലൈൻ ഖാസിയാരകം വീട്ടിൽ ത്വാഖ അഹമ്മദ് അൽ അസ്ഹരിക്ക് 78 വയസ്സായിരുന്നു പ്രായം. വാർധക്യകാല അസുഖങ്ങളെ തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം അവിടെ വെച്ചാണ് മരണപ്പെട്ടത്.

പാണ്ഡിത്യത്തിന്റെ പാരമ്പര്യം

ജീവിതത്തിന്റെ ഓരോ നിമിഷവും അറിവിനും ആത്മീയതയ്ക്കും സമൂഹസേവനത്തിനുമായി സമർപ്പിച്ച മഹാനായിരുന്നു അദ്ദേഹം. 1948 ഏപ്രിൽ എട്ടിന് ഖാസിയാർ മുഹമ്മദ് കുഞ്ഞി ഹാജിയുടെയും ആയിഷയുടെയും മകനായാണ് ത്വാഖ അഹമ്മദ് മൗലവി ജനിച്ചത്. ജനനം മുതൽ തന്നെ മഹത്തായ പാണ്ഡിത്യപാരമ്പര്യത്തിന്റെ അവകാശിയായിരുന്നു അദ്ദേഹം. ഖാസിമാരുടെയും മഹാപണ്ഡിതന്മാരുടെയും കുടുംബത്തിൽ ജനിച്ച് ആ പാരമ്പര്യത്തിന്റെ യഥാർത്ഥ പിൻഗാമിയായി അദ്ദേഹം വളർന്നു.

തളങ്കര മുസ്ലിം ഹൈസ്കൂൾ വിദ്യാർഥിയായിരുന്ന അദ്ദേഹം, റൗളത്തുൽ ഉലൂം മദ്റസ, പൊന്നാനി മഊനത്ത് അറബിക് കോളജ്, അഴീക്കോട് ഇർഷാദ് എന്നിവിടങ്ങളിൽ നിന്നാണ് മതപഠനം ആരംഭിച്ചത്. ഈ വിജ്ഞാനയാത്ര പിന്നീട് ഉത്തർപ്രദേശിലെ ദാറുൽ ഉലൂം ദയൂബന്ദിലേക്കും ലോകപ്രശസ്തമായ ഈജിപ്തിലെ കെയ്റോ അൽ അസ്ഹർ സർവകലാശാലയിലേക്കും നീണ്ടു. ദയൂബന്ദിൽ നിന്ന് ഹദീസിലും അദബിലും മാഖൂലാത്തിലും തഹ്സീറിലും മതബിരുദങ്ങൾ നേടിയ അദ്ദേഹം, അൽ അസ്ഹറിൽ നിന്ന് ഉസൂലുൽ ഫിഖ്ഹിൽ മാജിസ്റ്റർ (ആലിമിയ്യ) ബിരുദവും നേടി.

പ്രവാസവും സേവനവും

ഒമാനിലെ സലാലയിൽ ജാമിഅ ശൈഖതുസൽമ ത്വാഖ സലാല മസ്ജിദിൽ മൂന്ന് പതിറ്റാണ്ടിലേറെ കാലം ഇമാമായും മുദരിസായും സേവനം ചെയ്ത അദ്ദേഹം മലയാളികൾക്കും അറബികൾക്കും ഒരുപോലെ പ്രിയങ്കരനായി. പള്ളിമുറ്റങ്ങളിലും പഠനക്ലാസുകളിലും അദ്ദേഹത്തിന്റെ ശബ്ദം വിജ്ഞാനത്തിന്റെ പ്രകാശം പരത്തി. ഒമാനിലെ സേവനത്തെ തുടർന്നാണ് അദ്ദേഹം ത്വാഖ ഉസ്താദ് എന്ന പേരിൽ അറിയപ്പെട്ടത്.

നീണ്ട പ്രവാസജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം വീണ്ടും സമൂഹത്തിനിടയിലേക്ക് ഇറങ്ങിച്ചെന്നു. 1975 മുതൽ 1977 വരെ കോട്ടയം തിരുനക്കര ശാഫി ജുമാമസ്ജിദിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ദക്ഷിണ കന്നഡ ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെയും കാസർകോട് കീഴൂർ സംയുക്ത ജമാഅത്ത്, കുഞ്ചത്തൂർ എന്നിവിടങ്ങളിലെ ഇരുന്നൂരില്പരം മഹല്ലുകളുടെ ഖാസിയായി അദ്ദേഹം പ്രവർത്തിച്ചുവരികയായിരുന്നു.

മംഗളൂരു ബന്തർ ജലാലുദീൻ മുഹമ്മദ് മൗല ഹിഫളുൽ ഖുർആൻ കോളജ് പ്രിൻസിപ്പൽ, ദക്ഷിണ കന്നഡ കാശിപട്ടണം ദാറുന്നൂർ എജ്യുക്കേഷൻ സെന്റർ പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചുവരികയായിരുന്നു. 

പുസ്തകങ്ങളായിരുന്നു സമ്പത്ത്

പുസ്തകങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ സമ്പത്ത്. വിദേശത്തുനിന്ന് മടങ്ങുമ്പോൾ പോലും ടൺകണക്കിന് മതഗ്രന്ഥങ്ങളുമായി എത്തിയ അദ്ദേഹം ജീവിതാവസാനം വരെ വായനയും പഠനവും തുടർന്നു. വീട്ടിലെ ഗ്രന്ഥശാല അദ്ദേഹത്തിന്റെ വിജ്ഞാനസ്നേഹത്തിന്റെ നിശ്ശബ്ദ സാക്ഷ്യമായിരുന്നു. മലയാളത്തിലും ഉർദുവിലും അദ്ദേഹം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

ലാളിത്യവും വിനയവും സഹജീവികളോടുള്ള കരുതലും അദ്ദേഹത്തെ ജനഹൃദയങ്ങളിൽ കൂടുതൽ ഉയർത്തി.

ഭാര്യ: കെ റഹ്മത്തുന്നിസ. മക്കൾ: മുഹമ്മദ് (വെൽഫിറ്റ്, അജ്മാൻ), ഹുസൈൻ റഹ്മാനി (സദർ മുദരിസ്, കാശിപട്ടണം ദാറുന്നൂർ എജ്യുക്കേഷൻ സെന്റർ), അബൂബക്കർ സിദ്ദീഖ് ഹുദവി (വിദ്യാർഥി, ജാമിഉൽ അസ്ഹർ, ഈജിപ്ത്), ഫാത്വിമ, ആയിഷ (അബൂദബി). മരുമക്കൾ: എം ഖലീലുൽ റഹ്മാൻ ദാരിമി (ഖത്വീബ്, ഉപ്പള കുന്നിൽ ജുമാമസ്ജിദ്), ഫൈസൽ (അബൂദബി), തൗഫീറ, സിദ്ദീഖ (കാശിപട്ടണം).

സഹോദരങ്ങൾ: അബ്ദുല്ല സഅദി, യൂസഫ് ബാഖവി മാറഞ്ചേരി, അബ്ദുൽഖാദർ സഅദി, ഖദീജ, ആമിന, ഹലീമ, നജ്മുന്നിസ.

മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് തളങ്കര മാലിക് ദീനാർ ഇസ്ലാമിക് അക്കാഡമിയിലും തുടർന്ന് ഖാസിലൈനിലെ ഖാസിയാരകം വീട്ടിലും പൊതുദർശനത്തിന് വെക്കും. ഖബറടക്കം ബുധനാഴ്ച രാവിലെ 11-ന് ദക്ഷിണ കന്നഡ ജില്ലയിലെ കാശിപട്ടണം ദാറുന്നൂർ എജ്യുക്കേഷൻ സെന്റർ കാംപസിൽ നടക്കും.

ഈ സുപ്രധാന വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും പങ്കുവെക്കുക. പുതിയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. 

Article Summary: Eminent Islamic scholar and Samastha leader Thwaqa Ahmed Moulavi Al Azhari passed away at 78, leaving behind a legacy of profound knowledge and community service across multiple regions.

#ThwaqaAhmedMoulavi #SamasthaLeader #KasaragodNews #IslamicScholar #MangaluruNews #KeralaMuslims

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia