മണൽക്കടത്ത് തടയാനെത്തിയ കോസ്റ്റൽ പൊലീസിനെ കണ്ട് തോണിയിൽ നിന്ന് പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം നാലാം നാൾ കണ്ടെത്തി
● ആരിക്കാടി കടവത്ത് സ്വദേശി ഇബ്രാഹിം ആണ് മരിച്ചത്
● ഷിറിയ അഴിമുഖത്താണ് മൃതദേഹം കണ്ടെത്തിയത്
● മൂന്ന് ദിവസമായി കോസ്റ്റൽ പൊലീസും ഫിഷറീസ് വകുപ്പും തിരച്ചിൽ നടത്തിവരികയായിരുന്നു
● മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്
കാസർകോട്: (KasargodVartha) മണൽ കടത്ത് നടക്കുന്ന വിവരമറിഞ്ഞ് എത്തിയ കോസ്റ്റൽ പൊലീസിനെ കണ്ട് തോണിയിൽ നിന്ന് ഷിറിയ പുഴയിൽ ചാടി കാണാതായ യുവാവിൻ്റെ മൃതദേഹം നാലാം നാൾ കണ്ടെത്തി. ആരിക്കാടി കടവത്ത് സ്വദേശി അബ്ദുൽ ഖാദറിൻ്റെയും സൈനബയുടെയും മകൻ ഇബ്രാഹിം (26) ആണ് മരിച്ചത്. 2026 സെപ്റ്റംബർ 10 വ്യാഴാഴ്ച രാവിലെ ഷിറിയ അഴിമുഖത്ത് മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പൊലീസ് പരിശോധന
2026 സെപ്റ്റംബർ 7 തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് ഇബ്രാഹിമിനെ കാണാതായത്. ഷിറിയ പുഴയിൽ മണൽക്കടത്ത് നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധനയ്ക്കെത്തിയ കുമ്പള കോസ്റ്റൽ പൊലീസിനെ കണ്ട് മണൽക്കടത്ത് സംഘത്തിലുണ്ടായിരുന്നവർ തോണി ഉപേക്ഷിച്ച് പുഴയിൽ ചാടുകയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന രണ്ടുപേർ നീന്തി രക്ഷപ്പെട്ടെങ്കിലും ഇബ്രാഹിമിനെ കണ്ടെത്താനായില്ല.
കഴിഞ്ഞ 3 ദിവസമായി തിരച്ചിലായിരുന്നു
തുടർന്ന് കോസ്റ്റൽ പൊലീസിൻ്റെയും കുമ്പള പൊലീസിൻ്റെയും ഫിഷറീസ് റെസ്ക്യൂ ബോട്ടിൻ്റെയും നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കഴിഞ്ഞ മൂന്ന് ദിവസമായി തിരച്ചിൽ നടത്തിയിരുന്നു. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയും സ്ഥലത്തെത്തി. അദ്ദേഹം നടത്തിയ തിരച്ചിലിനിടെയാണ് കാണാതായ സ്ഥലത്തിന് സമീപം മത്സ്യത്തൊഴിലാളികളുടെ വലയിൽ മൃതദേഹം കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്.
തുടർനടപടികൾ
വിവരമറിഞ്ഞ് കുമ്പള കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം കുമ്പള സഹകരണ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കേസിൽ നിയമനടപടികൾ സ്വീകരിക്കും. സഹോദരങ്ങൾ: ഹനീഫ, മുനീർ, ഷംസീർ, ഫൗസിയ, സൗദ.
ഈ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Body of youth who jumped into Shiriya river evading police found.
#KasargodVartha #KasaragodNews #ShiriyaRiver #KumblaPolice #CrimeNews #EshwarMalpe #RenuNews






