പ്രശസ്ത സിനിമാ-നാടകനടൻ തമ്പാൻ കൊടക്കാട് അന്തരിച്ചു

● നിരവധി നാടകങ്ങളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
● കലാ ലോകത്തിന് വലിയ നഷ്ടം.
കാലിക്കടവ്: (KasargodVartha) പ്രശസ്ത സിനിമാ-നാടക നടൻ തമ്പാൻ കൊടക്കാട് (69) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച പുലർച്ചെ 5.30 മണിയോടെ പയ്യന്നൂർ അനാമിക ആശുപത്രിയിൽവെച്ചാണ് മരണപ്പെട്ടത്. ഭൗതികശരീരം ആശുപത്രിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ് ഗൾഫിലുള്ള മകൻ നാട്ടിൽ എത്തിയ ശേഷം വൈകുന്നേരം 3.00 മണിയോടെ വീട്ടിലെത്തിച്ച് വൈകുന്നേരം 4.00 മണിക്ക് സംസ്കാരം നടത്തും.
സ്വന്തം സഹോദരനും റിട്ടയേർഡ് ഹെഡ്മാസ്റ്ററും ഗതകാല നാടകാചാര്യനുമായ കെ.ജി. കൊടക്കാട് മാസ്റ്ററാണ് തമ്പാനെ അഭിനയരംഗത്തേക്ക് കൈപിടിച്ചുയർത്തിയത്. കൊടക്കാട് നാരായണ സ്മാരക വായനശാലയുടെ ആദ്യകാല നാടകങ്ങളിലൊന്നായ 'തിളക്കുന്ന കടൽ' എന്ന നാടകത്തിൽ ബാലനടനായിട്ടായിരുന്നു തമ്പാന്റെ അരങ്ങേറ്റം.
അക്കാലത്തെ പ്രമുഖ നടന്മാരിലൊരാളായ കുഞ്ഞിരാമൻ കോട്ടയൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഈ നാടകത്തിൽ ഇ.എൻ. വാര്യർ, സിവിക് കൊടക്കാട് തുടങ്ങിയവരും അഭിനയിച്ചു.
പയ്യന്നൂർ കോളേജിലെ പ്രീഡിഗ്രി പഠനകാലത്ത് തമ്പാൻ തന്റെ പ്രവർത്തനകേന്ദ്രം കൂക്കാനത്തേക്ക് മാറ്റി. അവിടെ കൂക്കാനം പ്രതിഭ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് രൂപീകരിക്കുകയും സുഹൃത്തുക്കളോടൊപ്പം ചേർന്ന് നിരവധി നാടകങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.
തമ്പാന്റെ നേതൃത്വത്തിൽ പ്രതിഭ ആർട്സിൽ നിന്ന് പിന്നീട് ശ്രദ്ധേയമായ പല നാടകങ്ങളും ഉണ്ടായി. അവയിലെല്ലാം പ്രധാന വേഷങ്ങൾ അവതരിപ്പിക്കുകയും സംവിധാനം നിർവഹിക്കുകയും ചെയ്തത് തമ്പാൻ കൊടക്കാടായിരുന്നു. 'അഗ്നിവലയം', 'ശിഥില ഗോപുരം', 'അഗ്നിരേഖ', സേവ്യർ പുൽപ്പാടിന്റെ 'യൗവ്വനങ്ങളുടെ നൊമ്പരം' തുടങ്ങിയ നാടകങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
പിന്നീട് അനശ്വരനായ അരവിന്ദൻ കുറുന്തിലിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട കരിവെള്ളൂർ ഭാവന തീയ്യറ്റേർസിന്റെ പ്രധാന നടനായി തമ്പാൻ കൊടക്കാട് മാറി. ഭാവന തീയ്യറ്റേർസിന്റെ 'സ്യമന്തകം' (സംവിധാനം: ബാലൻ കരിവെള്ളൂർ), 'രാജാ ഹരിശ്ചന്ദ്ര' (പത്മൻ വെങ്ങര), 'ദുശ്ശള' (സുരഭി ഈയ്യക്കാട്) തുടങ്ങിയ നാടകങ്ങളിൽ തമ്പാൻ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.
സിനിമ മോഹവുമായി തമ്പാൻ പിന്നീട് മദ്രാസിലേക്ക് പോയിരുന്നു. അദ്ദേഹത്തിന്റെ തലമുറയിലെ ഒട്ടുമിക്ക നടന്മാരും അക്കാലത്ത് നാടകരംഗത്തുനിന്ന് സിനിമയിലേക്ക് ചുവടുമാറുന്ന ഒരു കാലഘട്ടമായിരുന്നു അത്. ആത്മസുഹൃത്തും നാടക കലാകാരനും ശിൽപ്പിയുമായ സുരേന്ദ്രൻ കൂക്കാനത്തിനൊപ്പമാണ് തമ്പാൻ മദ്രാസിലേക്ക് യാത്രയായത്.
അവിടെയെത്തിയ തമ്പാൻ സുഹൃത്തും സിനിമാ സംവിധായകനുമായ ഗംഗൻ തലവിലിനെ പരിചയപ്പെടുകയും അതൊരു വലിയ സൗഹൃദത്തിന് തുടക്കമിടുകയും ചെയ്തു. എയർ ഇന്ത്യയിൽ ജോലി ചെയ്തിരുന്ന സഹോദരതുല്യനായ എ.വി. മോഹനൻ തമ്പാന് എല്ലാ സഹായങ്ങളും നൽകി.
കലാസംവിധായകനായ ഗംഗൻ തലവിലിലൂടെയാണ് തമ്പാൻ പ്രശസ്ത സിനിമാ നടനും സംവിധായകനുമായ തളിപ്പറമ്പ് രാഘവനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ 'ഒരിടത്തൊരിടത്ത്' എന്ന മെഗാ സീരിയലിൽ നല്ലൊരു വേഷം തമ്പാന് ലഭിച്ചു.
തുടർന്ന് 'ഡൊമിനിക്ക് പ്രസന്റേഷൻ', 'ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ', 'തറവാട്' തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അദ്ദേഹം അഭിനയിച്ചു. നിരവധി സീരിയലുകളിലും ടെലിഫിലിമുകളിലും തമ്പാൻ പിന്നീട് അഭിനയിച്ചിട്ടുണ്ട്.
'പസീന', 'റോമാ സിക്സ്', 'സുമംഗലിഭവ', 'തൂവൽസ്പർശം' എന്നിവ അവയിൽ ചിലതാണ്. സർഗ്ഗധനനായ മനോജ് കെ. സേതുവിന്റെ നിരവധി ചിത്രങ്ങളിലും തമ്പാൻ അഭിനയിച്ചു. 'ബീജം', 'തേനൻ', 'മുച്ചിലോട്ടമ്മ', 'മാളൂട്ടി' എന്നിവ അവയിൽ പ്രധാനപ്പെട്ടവയാണ്.
സ്വന്തം നാട്ടുകാരനും പ്രശസ്ത സംവിധായകനുമായ ശ്രീജിത്ത് പലിയേരിയുടെ പല സിനിമകളിലും തമ്പാൻ വേഷമിട്ടിട്ടുണ്ട്. തന്നെ ഏറെ പ്രോത്സാഹിപ്പിച്ച വ്യക്തിയാണ് ശ്രീജിത്തെന്ന് തമ്പാൻ സുഹൃത്തുക്കളോട് പറയാറുണ്ടായിരുന്നു. പയ്യന്നൂരിന്റെ അഭിമാനമായ മനോജിന്റെ ഇനിയും പുറത്തിറങ്ങാനിരിക്കുന്ന ഹ്രസ്വചിത്രങ്ങളിലും തമ്പാൻ അഭിനയിച്ചിട്ടുണ്ട്.
മദ്രാസിൽ നിന്ന് തിരിച്ചെത്തിയ ശേഷം തമ്പാൻ പത്മൻ വെങ്ങരയുടെ പയ്യന്നൂർ രംഗകലയുടെ പ്രധാന നടന്മാരിൽ ഒരാളായി മാറി. പ്രശസ്ത നാടക സംവിധായകനായ പത്മൻ വെങ്ങരയുടെ നാടകങ്ങളിലൂടെയാണ് തമ്പാൻ കൊടക്കാട് എന്ന നടൻ അരങ്ങിന്റെ അനന്തമായ ലോകത്തേക്ക് വളർന്നത്.
ഇബ്രാഹിം വെങ്ങരയുടെ പ്രശസ്ത നാടകമായ 'പടനില'ത്തിലെ അബൂട്ടി എന്ന കഥാപാത്രത്തെ തമ്പാൻ അനശ്വരമാക്കിയതോടെ പത്മൻ വെങ്ങരയുടെ അഭിനയ പുസ്തകത്തിൽ തമ്പാന് സ്ഥാനം ലഭിച്ചു. ഒരു നടൻ നാടകത്തെ എങ്ങനെ സമീപിക്കണം എന്ന് തമ്പാനിൽ നിന്ന് പഠിക്കണമെന്ന് പത്മൻ വെങ്ങര അഭിപ്രായപ്പെട്ടിട്ടുണ്ട്.
നിരവധി വേദികളിൽ അവതരിപ്പിക്കപ്പെട്ട കരിവെള്ളൂർ ഭാവന തീയ്യറ്റേർസിന്റെ 'രാജാ ഹരിശ്ചന്ദ്ര' എന്ന നാടകമാണ് തമ്പാൻ കൊടക്കാടിനെ ജനപ്രിയ നടനാക്കി മാറ്റിയത്. ഈ നാടകത്തിലെ പ്രധാന കഥാപാത്രമായ ഹരിശ്ചന്ദ്രയുടെ വേഷം ആദ്യം സംവിധായകൻ വാഗ്ദാനം ചെയ്തെങ്കിലും തമ്പാൻ അത് സ്നേഹപൂർവ്വം നിരസിക്കുകയും നാടകത്തിലെ ഹാസ്യ കഥാപാത്രമായ കാളഘണ്ടനെ അവിസ്മരണീയമാക്കുകയും ചെയ്തു.
ലക്ഷ്മി പുത്തിലോട്ട് ആയിരുന്നു ഈ നാടകത്തിലെ നായിക. പവിത്രൻ കണ്ണാടിപ്പറമ്പ് രചിച്ച ചരിത്ര നാടകമായ പയ്യന്നൂർ രംഗകലയുടെ 'കോലത്തുനാട്' എന്ന നാടകത്തിലെ പ്രധാന കഥാപാത്രമായ കോലത്തിരി തമ്പുരാനെ തമ്പാൻ ശ്രദ്ധേയമാക്കിയതോടെ അദ്ദേഹത്തെ നാടകലോകം ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമായി അംഗീകരിക്കുകയായിരുന്നു.
തുടർന്ന് പ്രകാശൻ കരിവെള്ളൂർ രചിച്ച് പത്മൻ വെങ്ങര സംവിധാനം ചെയ്ത 'നാട്ടു കാവൽ' (പയ്യന്നൂർ രംഗകല) എന്ന നാടകത്തിലും തമ്പാൻ അഭിനയിച്ചു. പത്മൻ വെങ്ങരയെ തമ്പാൻ തന്റെ ഗുരുസ്ഥാനീയനായി കണക്കാക്കിയിരുന്നു.
അജയ് ശേഖർ എന്ന യുവ സംവിധായകന്റെ 'മോക്ഷ ക്രൈസിസ്' എന്ന സിനിമയിലെ പ്രധാന കഥാപാത്രമായ ഗോപാലകൃഷ്ണൻ നായരെ അവതരിപ്പിക്കാൻ കഴിഞ്ഞത് തമ്പാന് ഏറെ സന്തോഷം നൽകി. ജയരാജ്-സുരേഷ് ഗോപി ടീമിന്റെ 'പെരുങ്കളിയാട്ടം' എന്ന സിനിമയിലും നല്ലൊരു വേഷം ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചു. ഷൈൻ ടോം ചാക്കോ നായകനാകുന്ന 'ദി പ്രൊട്ടക്റ്റർ' എന്ന സിനിമയിലെ കാരണവരുടെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി പരസ്യ ചിത്രങ്ങളിലും തമ്പാൻ അഭിനയിച്ചിട്ടുണ്ട്.
കേരള സാംസ്കാരിക വകുപ്പ് കാഞ്ഞങ്ങാട് സംഘടിപ്പിച്ച ബഹുഭാഷാ സർഗോത്സവത്തിൽ തമ്പാനെ ആദരിച്ചിട്ടുണ്ട്. ജന്മനാടായ കൊടക്കാട്ടും കരിവെള്ളൂരിലും വെച്ച് നിരവധി ആദരങ്ങൾ അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു. ജീവിതത്തിലുടനീളം കമ്മ്യൂണിസ്റ്റ് ആശയങ്ങൾ നെഞ്ചിലേറ്റിയ തമ്പാൻ മികച്ച കർഷകൻ കൂടിയാണ്. കർഷക സംഘത്തിന്റെ മികച്ച കർഷകനായി അദ്ദേഹത്തെ അംഗീകരിച്ചിട്ടുണ്ട്.
ഭാര്യ: കെ.പി. ശോഭന. മക്കൾ: ശരത് ലാൽ, സ്മിത. മരുമക്കൾ: അശോകൻ നീലേശ്വരം, സിൻഷ പാടിച്ചാൽ. സഹോദരങ്ങൾ: കെ.ജി. കൊടക്കാട്, യശോദ, ഭാനുമതി. പരേതരായ ലക്ഷ്മി, ജാനകി, ദാമോദരൻ, കാർത്യായനി എന്നിവരാണ് മറ്റു സഹോദരങ്ങൾ.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: Veteran film and theatre actor Thampan Kodakad (69) passed away in Kalikadavu. He is survived by his wife K.P. Shobhana and children Sharath Lal and Smitha. The funeral will be held at 4:00 PM on Friday.
#ThampanKodakad, #MalayalamActor, #TheatreArtist, #KeralaObituary, #Kalikadavu, #PassesAway