Drowned | ഇരട്ടകുട്ടികളുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി; മൃതദേഹങ്ങള്‍ കണ്ടെത്തിയത് കല്ലുവെട്ട് കുഴിയില്‍
ചീമേനി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇരുവരും അഞ്ചാം തരം വിദ്യാര്‍ഥികളാണ്.
കുട്ടികളുടെ സൈകിള്‍ കല്ലുവെട്ട് കുഴിക്ക് സമീപം കണ്ടെത്തുകയായിരുന്നു.
ചീമേനി: (KasargodVartha) ഇരട്ടകുട്ടികളുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. വീടിന് സമീപത്തെ കല്ലുവെട്ട് കുഴിയിലെ വെള്ളത്തിലാണ് സഹോദരങ്ങളെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചീമേനി കനിയാന്തോളിലെ രാധാകൃഷ്ണന്‍ - പുഷ്പ ദമ്പതികളുടെ 10 വയസുള്ള സുദേവ്, ശ്രീദേവ് എന്നീ ആണ്‍കുട്ടികളാണ് മരിച്ചത്.
കുട്ടികളുടെ സൈകിള്‍ കല്ലുവെട്ട് കുഴിക്ക് സമീപം കണ്ടെത്തിയിട്ടുണ്ട്. തിങ്കളാഴ്ച (17.06.2024) വൈകിട്ട് 6.30 മണിയോടെയാണ് സംഭവം നടന്നത്. ചീമേനി ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ അഞ്ചാം തരം വിദ്യാര്‍ഥികളാണ് ഇരുവരും.
കളിക്കാന്‍ പോയി വീട്ടില്‍ എത്തേണ്ട സമയം കഴിഞ്ഞിട്ടും കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കല്ലുവെട്ട് കുഴിക്ക് സമീപം ഇവരുടെ സൈകിള്‍ കണ്ടെത്തിയത്. ഇവിടെ നടത്തിയ തിരച്ചിലിലാണ് ഇരുവരെയും പുറത്തെടുത്തത്.
മൃതദേഹങ്ങള്‍ പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡികല്‍ കോളേജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. ചീമേനി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.