Mystery | കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍നിന്ന് വീണ് യാത്രക്കാരന്‍ മരിച്ച സംഭവം; തള്ളിയിട്ട് കൊന്നതെന്ന് സംശയം, ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍
● തമിഴ്‌നാട് സ്വദേശിയാണ് മരിച്ചത്.
● മംഗളൂരു-കൊച്ചുവേളി ട്രെയിനില്‍ നിന്നാണ് സംഭവം.
● സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ എടുത്ത ഉടനെയാണ് അപകടം.
കോഴിക്കോട്: (KasargodVartha) കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍നിന്ന് വീണ് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഒരാളെ റെയില്‍വേ പൊലീസ് (Railway Police) കസ്റ്റഡിയിലെടുത്തു. ട്രെയിനില്‍ നിന്ന് വീണുമരിച്ചയാളെ തള്ളിയിടുകയായിരുന്നുവെന്നാണ് സംശയം. യാത്രക്കാരില്‍ ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.
ശനിയാഴ്ച രാത്രിയായിരുന്നു ദാരുണ സംഭവം. തമിഴ്‌നാട് സ്വദേശിയാണ് മരിച്ചത്. ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ 11.30ന് എത്തിയ മംഗളൂരു-കൊച്ചുവേളി സ്‌പെഷല്‍ ട്രെയിനില്‍ നിന്നാണ് യാത്രക്കാരന്‍ വീണത്. എസി കമ്പാര്‍ട്‌മെന്റിലെ ഡോറില്‍ ഇരുന്ന ആളാണ് മരിച്ചത്.
സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ എടുത്ത ഉടനെയാണ് അപകടമുണ്ടായത്. യാത്രക്കാര്‍ ചങ്ങല വലിച്ചാണ് ട്രെയിന്‍ നിര്‍ത്തിയത്. ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങുകയായിരുന്നു യാത്രക്കാരന്‍. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
#trainaccident #kozhikode #kerala #death #investigation #crime #railwaypolice