city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോടിന്റെ കായിക ഗുരു കെ. രാധാകൃഷ്ണന്‍ നായര്‍ വിടവാങ്ങി

കാസര്‍കോട്: (www.kasargodvartha.com 15.09.2014) കാസര്‍കോടിന്റെ കായിക ഗുരു കെ. രാധാകൃഷ്ണന്‍ നായര്‍ (62) വിടവാങ്ങി. ഞായറാഴ്ച രാത്രി 10.30 മണിയോടെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്ന രാധാകൃഷ്ണന്‍ നായരെ അസുഖം മൂര്‍ച്ചിച്ച് രാത്രി എട്ട് മണിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.

മൂന്നു പതിറ്റാണ്ടു കാലം കാസര്‍കോട് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ കായികാധ്യാപകനായിരുന്ന അദ്ദേഹം കുറ്റിക്കോല്‍ പഞ്ചായത്തിലെ ആനക്കല്ല് സ്വദേശിയാണ്. ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ബന്തടുക്ക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കുണ്ടംകുഴി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ കായികാധ്യാപകനായിരുന്ന ഇദ്ദേഹം നിരവധി കായികതാരങ്ങളെ വളര്‍ത്തിയെടുത്തിട്ടുണ്ട്.

വിരമിച്ചതിന് ശേഷം മുന്നാട് പീപ്പിള്‍സ് കോളജില്‍ കായികാധ്യാപകനായി ജോലി ചെയ്ത് വരികയായിരുന്നു. ഈ കോളജിലെ ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടറാണ്. 2013-14 വര്‍ഷത്തില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കായികമേളയില്‍ മികച്ച കായിക പരിശീലനത്തിനുള്ള പുരസ്‌കാരം നല്‍കി ഇദ്ദേഹത്തെ ആധരിച്ചിരുന്നു. ജില്ലാ വോളിബോള്‍ അസോസിയേഷന്‍, ഖോഖോ അസോസിയേഷന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവയുടെ ഭാരവാഹിയായിരുന്നു.

പയ്യന്നൂര്‍ എടാട്ട് യു.പി സ്‌കൂള്‍, ചെമ്മനാട് ഹൈസ്‌കൂള്‍, ബന്തടുക്ക ഹൈസ്‌കൂള്‍, കര്‍ണാടക മുള്‍ക്കിയിലെ വിജയ കോളജ് എന്നിവിടങ്ങളില്‍ പഠിച്ച രാധാകൃഷ്ണന്‍ മാസ്റ്റര്‍ മൈസൂരിലെ വിവേകാനന്ദ കോളജില്‍ നിന്നാണ് കായികാധ്യാപക പരീക്ഷ പാസായത്. മലയോര മേഖലയുടെ കായിക സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ മുന്നില്‍ പ്രവര്‍ത്തിച്ച രാധാകൃഷ്ണന്‍ മാസ്റ്റര്‍ ഒട്ടേറെ കായിക പ്രതിഭകള്‍ക്ക് പരിശീലനം നല്‍കി അവരെ രാജ്യമറിയുന്ന കായിക താരങ്ങളാക്കി മാറ്റിയിട്ടുണ്ട്.

ബന്തടുക്കയിലേയും കുണ്ടംകുഴിയിലേയും പാറപ്പുറത്തൂ കൂടി കുട്ടികളെ ഓടിപ്പിച്ച് പരിശീലിപ്പിക്കുകയായിരുന്നു അദ്ദേഹം. 1978 മുതല്‍ 1983 വരെ തുടര്‍ച്ചയായി അഞ്ച് വര്‍ഷം അധ്യാപകരുടെ അത്‌ലറ്റിക്‌സില്‍ വ്യക്തികത ചാമ്പ്യന്‍ പട്ടം ഇദ്ദേഹത്തിനായിരുന്നു.

മുന്നാട് യു.പി സ്‌കൂളിലെ പോള്‍വാള്‍ട്ട് താരം കെ. മിഥുന, സാഫ് ഗെയിംസില്‍ 100-200 മീറ്റര്‍ ഓട്ടമത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിച്ച ബീന അഗസ്റ്റിന്‍ കരിവേടകം, സംസ്ഥാന-ദേശീയ കബഡി താരങ്ങളായ ധന്യ കുറ്റിക്കോല്‍, പ്രീതി ബേഡകം, സംസ്ഥാന ഖോഖോ താരങ്ങളായ കെ. എം നാരായണന്‍, ജയകുമാര്‍ കോടോത്ത്, ബന്തടുക്ക സ്‌കൂളിലെ കായികാധ്യാപകന്‍ ബാബുതോമസ്, ബേത്തൂര്‍ പാറ സ്‌കൂളിലെ കായികാധ്യാപകന്‍ സിബിള്‍ തോമസ്, വനിത ഖോ ഖോ താരങ്ങളായ ലത കുമാരി, സംസ്ഥാനതല സ്‌കൂള്‍ കബഡി താരങ്ങളായിരുന്ന അനില്‍ കുമാര്‍ പറയംപള്ളം, ബിജു പ്ലാവിലായ, ടി. ജ്യോതി സുകുമാരന്‍, ജ്യോതി ആര്‍ കുണ്ടംകുഴി തുടങ്ങി നിരവധി പ്രതിഭകളെ വളര്‍ത്തെടുത്ത ഗുരുവാണ് രാധാകൃഷ്ണന്‍ മാസ്റ്റര്‍.

കാസര്‍കോടിന്റെ കായിക ഗുരു കെ. രാധാകൃഷ്ണന്‍ നായര്‍ വിടവാങ്ങിഭാര്യ: നിര്‍മ്മല. മക്കള്‍: അഞ്ജലി (കാഞ്ഞങ്ങാട് നെഹ്‌റു കോളജ് അധ്യാപിക), അപര്‍ണ (എഞ്ചിനീയര്‍, ഗുജറാത്ത്), അര്‍ച്ചന. മരുമക്കള്‍: അരുണ്‍ ചെറുവത്തൂര്‍, പ്രകാശ് പാക്കം (കാസര്‍കോട് ഗവ.കോളജ് അധ്യാപകന്‍). ആനക്കല്ലിലെ വീട് അഞ്ജനത്തില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന മൃതദേഹം വൈകിട്ട് മൂന്നു മണിയോടെ വീട്ടുപറമ്പില്‍ സംസ്‌കരിക്കും. അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേര്‍ വീട്ടില്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് അദ്വാനിയും രാജ്‌നാഥ് സിങും ഒരേ സ്വരത്തില്‍
Keywords:  Kasaragod, Kerala, Died, Obituary, Kundamkuzhi, School, Hospital, Dead body, K. Radhakrishnan, Sports Master, Champion, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia