തളിപ്പറമ്പിലെ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കാസര്‍കോട്ടെ ലോഡ്ജു മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍
Dec 15, 2014, 18:13 IST
കാസര്‍കോട്: (www.kasargodvartha.com 15.12.2014) തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ കാസര്‍കോട്ടെ ലോഡ്ജു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് ചുഴലി സ്വദേശി ഇ.പി. ശശിധരനെ (55)യാണ് തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡു പരിസരത്തെ ലോഡ്ജിന്റെ മൂന്നാം നിലയിലെ മുറിയില്‍ ബാത്ത് റൂമിലെ ഷവറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തിന്റെ കാലുകള്‍ നിലത്തു മുട്ടുന്ന നിലയിലും ചുമരില്‍ ചാരി നില്‍ക്കുന്ന നിലയിലുമായിരുന്നു.
നേരത്തേ ആലംപാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹെഡ്മാസ്റ്ററായിരുന്ന ശശിധരന്‍ രണ്ടു വര്‍ഷം മുമ്പാണ് സ്ഥലം മാറ്റം ലഭിച്ച് തളിപ്പറമ്പിലേക്കു പോയത്. ഞായറാഴ്ച ഉച്ചയ്ക്കാണു ശശിധരന്‍ ലോഡ്ജില്‍ മുറിയെടുത്തത്. തിങ്കളാഴ്ച വൈകിട്ടായിട്ടും മുറി തുറന്നു പുറത്തു കാണാത്തതിനെ തുടര്‍ന്നു ലോഡ്ജ് ജീവനക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
കാസര്‍കോട് ടൗണ്‍ സി.ഐ. പി.കെ. സുധാകരന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മുറിയുടെ വാതില്‍ തകര്‍ത്തു അകത്തു കടന്നു നോക്കിയപ്പോഴാണ് മൃതദേഹം കാണപ്പെട്ടത്. മുറിയുടെയും ബാത്ത് റൂമിന്റെയും വാതിലുകള്‍ അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. രണ്ടു വാതിലും തകര്‍ക്കേണ്ടി വന്നു.
മുറിയില്‍ നിന്നു ഇയാളുടെ ബാഗ് കണ്ടെത്തിയിട്ടുണ്ട്. പൈല്‍സ് രോഗിയായ ശശിധരന്‍ ഞായറാഴ്ച രാവിലെ തളിപ്പറമ്പിലെ ഡോക്ടറെ കാണാനാണെന്നു പറഞ്ഞാണ് ചുഴലിയിലെ വീട്ടില്‍ നിന്നിറങ്ങിയതെന്നു ബന്ധുക്കള്‍ പറഞ്ഞു.
പിതാവ്: കണ്ണന്‍ നമ്പ്യാര്‍. ചുഴലി സ്‌കൂള്‍ അധ്യാപികയായ ശ്രീലതയാണ് ഭാര്യ. ചെന്നെയില്‍ ബി.ഡി.എസ്. വിദ്യാര്‍ത്ഥിനിയായ അനഘ, ശശിധരന്‍ ജോലി ചെയ്യുന്ന സ്‌കൂളിലെ 10ാം തരം വിദ്യാര്‍ത്ഥിനി അനന്യ എന്നിവര്‍ മക്കളാണ്.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്കു കൊണ്ടു പോകുമെന്ന് സി.ഐ. പറഞ്ഞു. തളിപ്പറമ്പില്‍ നിന്നു ശശിധരന്റെ ബന്ധുക്കള്‍ കാസര്‍കോട്ടെത്തിയിരുന്നു.
Keywords: Kasaragod, Obituary, Kerala, Suicide, Teacher, Principal, Lodge, Principal Found Dead Hanged.