Obituary | 'സാധാരണക്കാരുടെ എഴുത്തുകാരിയായി കാണാനാണ് എനിക്കിഷ്ടം'; വിടവാങ്ങിയത് കേരള സാഹിത്യ അകാഡമി പുരസ്‌കാരം ഉള്‍പെടെ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ സാഹിത്യകാരി സാറാ തോമസ്
തിരുവനന്തപുരം: (www.kasargodvartha.com) പ്രശസ്ത സാഹിത്യകാരി സാറാ തോമസ് (88) അന്തരിച്ചു. ചെറുകഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയയാണ്. 17 നോവലുകളും നൂറിലേറെ ചെറുകഥകളും രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അകാഡമി പുരസ്‌കാരം ഉള്‍പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
1934ല്‍ തിരുവനന്തപുരത്താണ് സാറാ തോമസിന്റെ ജനനം. 'ജീവിതം എന്ന നദി' ആണ് ആദ്യ നോവല്‍. സാറാ തോമസിന്റെ 'മുറിപ്പാടുകള്‍' എന്ന നോവല്‍ പിഎ ബക്കര്‍ മണിമുഴക്കം എന്ന സിനിമയാക്കി. സാറാ തോമസിന്റെ അസ്തമയം, പവിഴമുത്ത്, അര്‍ച്ചന എന്നീ നോവലുകളും ചലച്ചിത്രങ്ങള്‍ക്ക് പ്രമേയങ്ങളായിട്ടുണ്ട്.
നാര്‍മടിപ്പുടവ, ദൈവമക്കള്‍, അഗ്‌നിശുദ്ധി, ചിന്നമ്മു, വലക്കാര്‍, നീലക്കുറിഞ്ഞികള്‍ ചുവക്കും നേരി, ഗ്രഹണം, തണ്ണീര്‍പ്പന്തല്‍, യാത്ര, കാവേരി എന്നിവയാണ് സാറാ തോമസിന്റെ ശ്രദ്ധേയ കൃതികള്‍. നാര്‍മടിപ്പുടവ എന്ന നോവലിന് കേരള സാഹിത്യ അകാഡമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സാറാ തോമസിന്റെ സംസ്‌കാരം പാറ്റൂര്‍ മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ നടക്കും.
സ്വന്തം എഴുത്തിനെക്കുറിച്ചു സാറാ തോമസ് പറഞ്ഞതിങ്ങനെ: 'എനിക്ക് ദലിത് എഴുത്തുകാരി എന്നോ പെണ്ണെഴുത്തുകാരി എന്നോ എന്നെ വേര്‍തിരിക്കുന്നതിനോട് തീരെ താല്‍പ്പര്യമില്ല. ഞാന്‍ എഴുത്തിലെ ജെനറല്‍ സര്‍ജനാണ്. സാധാരണക്കാരുടെ എഴുത്തുകാരിയായി കാണാനാണ് എനിക്കിഷ്ടം. എന്നാല്‍, 'സ്പെഷലിസ്റ്റു'കളോട് എനിക്ക് വിരോധവുമില്ല. എല്ലാം വേണം. ചെറുപ്പത്തിലേ ചിറകുവെട്ടിപ്പോയ പക്ഷിയാണ് ഞാന്‍. വെട്ടിയൊതുക്കിയ ചിറകുകളുമായാണ് ഞാന്‍ വളര്‍ന്നത്. കുടുംബിനിയായി നിന്നേ ഞാന്‍ എഴുതിയിട്ടുള്ളൂ. എഴുത്തിന് എപ്പോഴും രണ്ടാംസ്ഥാനമാണ് കൊടുത്തത്. അതിന്റെ കോട്ടം എന്റെ എഴുത്തിലുണ്ടെന്ന് ആരെക്കാളും നന്നായി എനിക്കറിയാം. വീട്ടില്‍ എല്ലാവരും ഉറങ്ങിയശേഷമാണ് എഴുതിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതുപോലും. എന്നാല്‍, ഒട്ടും സങ്കടമില്ല. ഒരു ജീവിതത്തില്‍ എല്ലാം കിട്ടില്ലല്ലോ. പക്ഷേ, ചെറുപ്പത്തില്‍ അനുഭവിച്ച അസ്വാതന്ത്ര്യത്തെക്കുറിച്ചോര്‍ത്ത് പിന്നീട് ദുഃഖം തോന്നിയിട്ടുണ്ട്.'
Keywords: Thiruvananthapuram, news, Kerala, Top-Headlines, Obituary, Sara Thomas passed away.