Obituary | എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ വി ആർ സദാനന്ദൻ മാസ്റ്റർ വിടവാങ്ങി
കളനാട്: (KasargodVartha) എഴുത്തുകാരനും അധ്യാപകനും സാംസ്‌കാരിക പ്രവർത്തകനുമായ വി ആർ സദാനന്ദൻ മാസ്റ്റർ (69) വിടവാങ്ങി. ബുധനാഴ്ച കളനാട്ടെ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. വ്യാഴാഴ്ച രാവിലെ വിദഗ്ധ ചികിത്സക്കായി മംഗ്‌ളൂറിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് അന്ത്യം സംഭവിച്ചത്.
എറണാകുളം കൊഴുപ്പള്ളി സ്വദേശിയായ സദാനന്ദൻ മാസ്റ്റർ 1977ൽ ചെമ്പരിക്ക യു പി സ്‌കൂളിൽ അധ്യാപകനായാണ് കാസർകോട്ട് എത്തിയത്. പിന്നീട് കാസർകോട്ടെ വിവിധ സ്‌കൂളുകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. കളനാട് ജിയുപി സ്‌കൂളിൽ പ്രധാന അധ്യാപകനായിട്ടാണ് സർവീസിൽ നിന്നു വിരമിച്ചത്. കെ എസ് ടി എ, പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ സജീവ പ്രവർത്തകനുമായിരുന്നു. സിപിഎം കളനാട് ലോകൽ കമിറ്റി അംഗമായും കർഷക സംഘം കളനാട് വിലേജ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
അധ്യാപനവും എഴുത്തും സാംസ്‌കാരിക പ്രവർത്തനവും ഒരുമിച്ച് കൊണ്ടുപോയിരുന്ന സദാനന്ദൻ മാസ്റ്റർ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അനന്തരം, വാതായനം, ആത്മരേഖ, അക്ഷരകേളി, സാലുമരദതിമ്മക്ക, കോട്‌സ് ആന്റ് പ്രോസ് എന്നിവയാണ് പ്രധാന കൃതികൾ. ഭാര്യ: എ. പുഷ്പലത. മക്കൾ: ഗായത്രി എസ്, ഹരിപ്രശാഗ് എസ്.
കളനാട്ടെ വസതിയിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ സമൂഹത്തിന്റെ നാനാ തുറകളിലുള്ള നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു. അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ, മുൻ എംഎൽഎമാരായ കെ കുഞ്ഞിരാമൻ, കെ വി കുഞ്ഞിരാമൻ, കെ എസ് ടി എ നേതാക്കൾ, പുരോഗമന കലാസാഹിത്യ സംഘം ഭാരവാഹികൾ, വിവിധ കലാ സാംസ്‌കാരിക സംഘടനാ പ്രവർത്തകർ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. വ്യാഴാഴ്ച ഉച്ചയോടെ മൃതദേഹം സ്വദേശമായ എറണാകുളത്തേക്ക് കൊണ്ടുപോകും.
#VRSadanandan #MalayalamLiterature #KeralaWriter #Obituary #RIP